ഹോം നേഴ്സിങ്ങും നേഴ്സിങ് ഹോമും|സത്യത്തിൽ വീടിനുള്ളിൽ സ്ഥിരമായി ഹോംനേഴ്‌സ് ഉണ്ടാകുക എന്നത് അത്ര നല്ല കാര്യമല്ല|മുരളി തുമ്മാരുകുടി

Share News

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ പതിവുപോലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോയിരുന്നു. രണ്ടാഴ്ചക്കുള്ളിൽ പോയ പത്തു വീടുകളിലെങ്കിലും ഹോംനേഴ്‌സുമാർ ഉണ്ടായിരുന്നു. പ്രായം കൊണ്ടോ രോഗം കൊണ്ടോ കിടപ്പിലായവർ ഉള്ളയിടത്തൊക്കെ ഹോം നേഴ്‌സ് ഉണ്ട്.

കിടപ്പിലായവരുടെയും വീട്ടിലെ മറ്റുള്ളവരുടെയും ജീവിതത്തിന്റെ ഗുണനിലവാരം ഹോംനേഴ്‌സുമാരുടെ സാന്നിധ്യം വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല ഹോംനേഴ്‌സുമാരെ കിട്ടാൻ പ്രയാസമാണ്. ഹോംനേഴ്‌സുമാർക്ക് കേരളത്തിലെ സാഹചര്യത്തിൽ നല്ല ശന്പളവുമുണ്ട്. ഏറെ വിദ്യാഭ്യാസവും പരിചയവുമുള്ള സ്വകാര്യമേഖലയിലുള്ള നേഴ്‌സുമാരേക്കാളും അധ്യാപകരേക്കാളും ശന്പളം ഹോം നേഴ്‌സുമാർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ പോലും ഈ ജോലിക്ക് ആളെ കിട്ടാൻ ബുദ്ധിമുട്ടുമാണ്.

പ്രായാധിക്യത്താൽ സ്വന്തം കാര്യങ്ങൾ പൂർണമായും ചെയ്യാൻ സാധിക്കാത്തവർ, ഏതെങ്കിലും രോഗത്താലോ അപകടശേഷമോ പരിമിതിയുള്ളവർ, പ്രസവസംബന്ധിയായ സ്ത്രീകളുടെയും കുട്ടികളുടെയും പരിചരണവും ശുശ്രൂഷയും ഇതെല്ലാമാണ് പൊതുവിൽ ഹോംനേഴ്‌സുമാർ ചെയ്യുന്നത്. പുരുഷന്മാരും ഈ രംഗത്തുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഹോംനേഴ്‌സുമാരും സ്ത്രീകളാണ്. ഞാൻ കണ്ടിടത്തോളം ഇപ്പോഴും ഈ രംഗത്ത് മറ്റു നാടുകളിൽ നിന്നുള്ള സ്ത്രീകളോ പെൺകുട്ടികളോ അധികം കാണുന്നില്ല.

കേരളത്തിൽ ആകെ എത്ര ഹോംനേഴ്‌സുമാർ ഉണ്ടെന്ന കണക്ക് ആരെങ്കിലും സൂക്ഷിക്കുന്നുണ്ടോ? ഒരു പക്ഷെ കേരളത്തിൽ നഴ്സുമാരെക്കാൾ കൂടുതൽ ഹോം നേഴ്‌സുമാർ ഉണ്ടാകും എന്നാണ് എൻറെ അനുമാനം.

ഒരു ഹോംനേഴ്സ് ആകാനുള്ള യോഗ്യതയും പരിശീലനവും എന്താണ്? ഇക്കാര്യങ്ങൾ സർക്കാർ നിഷ്‌ക്കർഷിച്ചിട്ടുണ്ടോ? നിയന്ത്രിക്കുന്നുണ്ടോ?

ഹോം നേഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകളെ പറ്റി നിയമങ്ങളോ മാർഗ്ഗ നിർദ്ദേശങ്ങളോ നിലവിലുണ്ടോ?

ഹോം നേഴ്സ് ആയി വരുന്നവർക്ക് പോലീസ് ക്ലിയറൻസ് വേണമെന്നോ ഹോം നഴ്സിനെ തൊഴിലിന് വെക്കുന്നവർ അത് അടുത്ത പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്യണം എന്നോ നിബന്ധനകൾ ഉണ്ടോ?

ഹോം നേഴ്‌സുമാരെ അറേഞ്ച് ചെയ്യുന്ന സ്ഥാപനങ്ങളുടെ പരസ്യം എല്ലാ ദിവസവും കാണാം. കേരളത്തിൽ എത്ര ഏജൻസികൾ ഉണ്ട്? അവക്ക് കേന്ദ്രീകൃതമായ ഒരു രജിസ്ട്രേഷൻ സംവിധാനം ഉണ്ടോ? ഏത് വകുപ്പാണ് ഇത് നിയന്ത്രിക്കുന്നത്?

കേരളത്തിൽ ഹോം നേഴ്‌സുമാരുടെ സംഘടനകൾ ഉണ്ടോ?

ഈ ചോദ്യങ്ങൾക്ക് ഉത്തരം അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യണം. അത്തരം സംഘടനകൾ ഉണ്ടെങ്കിൽ ഒന്ന് ടാഗ് ചെയ്യണം.

ഹോംനേഴ്‌സുമാർ രോഗികളുടെയും കുടുംബത്തിന്റെയും ജീവിത ഗുണനിലവാരത്തിൽ പൊതുവിൽ നല്ല മാറ്റമാണ് വരുത്തുന്നതെന്ന് പറഞ്ഞല്ലോ. അതേസമയം ഹോംനേഴ്‌സുമാർ, പ്രത്യേകിച്ചും സ്ത്രീകൾ മറ്റു വീടുകളിൽ ചെന്ന് താമസിക്കുന്പോൾ നേരിടേണ്ടിവരുന്ന പല സാഹചര്യങ്ങളുണ്ട്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന വീട്ടുകാർ, വീട്ടുകാരെ ചൂഷണം ചെയ്യുന്ന ഹോംനേഴ്‌സുമാർ എന്നിങ്ങനെ. ഇവരെ രണ്ടുപേരേയും ചൂഷണം ചെയ്യുന്ന മധ്യവർത്തികൾ.

കേരളജനസംഖ്യയിൽ ആറിലൊരാൾ അറുപത് കഴിഞ്ഞതാണ്. പ്രായമായവരുടെ എണ്ണം കൂടിവരുന്ന, അപകടങ്ങൾ ഏറിവരുന്ന കേരളത്തിൽ അവരുടെ ശുശ്രൂഷകൾ അതിവേഗത്തിൽ വളരാൻ പോകുന്ന ഒരു വ്യവസായം ആണ്. സ്റ്റാർട്ട് അപ്പുകൾക്കും ഇന്റർനെറ്റ് ബന്ധിത സേവനങ്ങൾക്കും തൊഴിലുകൾക്കും വലിയ സാധ്യതയുള്ള ഒരിടം. പതിവ് പോലെ നന്നായി നടക്കുന്ന പത്തു സ്ഥാപനങ്ങൾ ഉണ്ടാകുന്പോൾ കുറച്ചു കള്ളനാണയങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഗുണപരമായ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകേണ്ടത് ആവശ്യമാണ്.

1. ഒരു ഹോംനേഴ്‌സ് രജിസ്‌ട്രേഷൻ സംവിധാനവും ഹോംനേഴ്‌സിങ് ഏജൻസി രജിസ്‌ട്രേഷൻ സംവിധാനവും നമുക്കുണ്ടാകണം. ഇത് കുറ്റകൃത്യങ്ങളും ചൂഷണങ്ങളും ഒഴിവാക്കാൻ ഏറെ സഹായിക്കും. പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിൽ ഹോം നേഴ്സ് ആയി വരുന്നവരെ അടുത്ത പോലീസ് സ്റ്റേഷനിൽ കൂടി രെജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം.

2. ഹോംനേഴ്‌സുമാരായി തൊഴിൽ ചെയ്യാനുള്ള മിനിമം പരിശീലനങ്ങൾക്ക് മാർഗനിർദേശങ്ങൾ ഉണ്ടാക്കണം. ഇപ്പോൾ ഹോംനേഴ്‌സ് ആയി ജോലിചെയ്യുന്നവർ ഒരു വർഷത്തിനകം ഇതിനുവേണ്ട കോഴ്‌സുകൾ പഠിച്ചിരിക്കണമെന്നും പുതിയതായി ഈ രംഗത്ത് വരുന്നവർ പരിശീലനം കഴിഞ്ഞവർ ആയിരിക്കണമെന്നും നിഷ്‌ക്കർഷ വേണം.

3. പരിശീലനം കഴിഞ്ഞവർക്ക് പരിശീലനത്തിന്റെ ദൈർഘ്യവും സിലബസും അനുസരിച്ച് വിവിധ ഗ്രേഡിലുള്ള സർട്ടിഫിക്കറ്റും നൽകാം. കൂടുതൽ പരിചയവും പരിശീലനവും ഉള്ളവർക്ക് ഇപ്പോൾ തന്നെ മറ്റുള്ളവരുടെ ഇരട്ടിയോളം ശന്പളം ലഭിക്കുന്നുണ്ട്.

4. തൊഴിലിടങ്ങളിൽ ഹോംനേഴ്‌സുമാരുടെ മാന്യമായ തൊഴിലിനും സ്വകാര്യതക്കും ഉതകുന്ന മിനിമം സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്ന ഒരു കോൺട്രാക്റ്റ് സംവിധാനം ഉണ്ടാക്കണം. ഒരു മോഡൽ കോൺട്രാക്ട് ഉണ്ടാക്കുന്നത് നന്നായിരിക്കും. ഹോം നേഴ്‌സുമാരുടെയും കുടുംബങ്ങളുടെയും അവകാശങ്ങളെ പറ്റിയും ഉത്തരവാദിത്തങ്ങളെ പറ്റിയും അവർക്ക് അവബോധം ഉണ്ടാക്കാൻ ഇത് സഹായിക്കും. അത്തരത്തിൽ ഉള്ള ചർച്ചകൾ പരിശീലനത്തിന്റെ ഭാഗമാകണം.

5. ഹോംനേഴ്‌സിങ് രംഗത്തെ ചൂഷണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒരു ഹോട് ലൈൻ / ഹെൽപ് ലൈൻ ഉണ്ടാകണം.

6. ഹോംനേഴ്‌സുമാരുടെ സേവനത്തെയും ഹോംനേഴ്‌സിങ് പ്രയോജനപ്പെടുത്തുന്നവരുടെ പെരുമാറ്റത്തെയും റേറ്റ് ചെയ്യുന്ന ഒരു റേറ്റിങ് ആപ്പും ഉണ്ടാക്കണം, യുബർ ഒക്കെ പോലെ. ഇത് നന്നായി തൊഴിൽ ചെയ്യുന്ന ഹോം നേഴ്‌സുമാരുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. അവരെ നന്നായി ട്രീറ്റ് ചെയ്യാത്ത കുടുംബങ്ങൾക്ക് പണികിട്ടുകയും ചെയ്യും.

സത്യത്തിൽ വീടിനുള്ളിൽ സ്ഥിരമായി ഹോംനേഴ്‌സ് ഉണ്ടാകുക എന്നത് അത്ര നല്ല കാര്യമല്ല, സാന്പത്തിക കാരണങ്ങളാൽ ഏറെക്കാലം നിലനിൽക്കാൻ പോകുന്നതുമല്ല. കേരളത്തിലെ പ്രായമായവരിൽ ബഹുഭൂരിപക്ഷം ആളുകൾക്കും സാന്പത്തിക സുരക്ഷ ഇല്ല. അപ്പോൾ അവർക്ക് വേണ്ടത്ര കെയർ കിട്ടാതിരിക്കുകയോ അല്ലെങ്കിൽ കുടുംബത്തിലെ ഒരാൾ (പ്രത്യേകിച്ചും സ്ത്രീകൾ) കെയർ കൊടുക്കുന്ന ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുകയോ ചെയ്യേണ്ടി വരുന്നു. ഇതുണ്ടാക്കുന്ന സാന്പത്തിക സാമൂഹ്യ പ്രശ്നങ്ങൾ വേറെയുമുണ്ട്.

അതുകൊണ്ട് തന്നെ സമൂഹത്തിലെ എല്ലാ തലത്തിൽ ഉളളവർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ കെയർ സംവിധാനങ്ങൾ ഉണ്ടാകണം. അതിന് ഇത്തരം സേവനങ്ങൾ കൂട്ടമായി നൽകുന്ന കെയർ ഹോം അല്ലെങ്കിൽ നഴ്സിംഗ് ഹോം സംവിധാനം വളരെ വേഗത്തിൽ വളർന്നു വരേണ്ടതുണ്ട്. അത്തരത്തിൽ ഒരു ഇക്കോണമി ഓഫ് സ്കെയിൽ ഉണ്ടായാൽ മാത്രമേ കേരളത്തിൽ പ്രായമായവരുടെ ശുശ്രൂഷ ദീർഘകാല അടിസ്ഥാനത്തിൽ സാധ്യമാവുകയുള്ളൂ. അതുപോലെ തന്നെ മുഴുവൻ സമയവും ഹോം നേഴ്സിന്റെ പരിചരണം ആവശ്യമില്ലാത്തവർക്ക് ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം വന്നുപോകുന്ന കെയർ വർക്കർ ഉണ്ടാകുന്നതും നല്ലതാണ്. വിദേശങ്ങളിൽ ഒക്കെ നഴ്സിങ്ങും സോഷ്യൽ വർക്കും പഠിക്കുന്ന വിദ്യാർത്ഥികൾ തൊഴിലിന്റെ ഭാഗമായോ പാർട്ട് ടൈം വർക്ക് ആയോ ഇത് ചെയ്യുന്ന രീതി ഉണ്ട്. അനുകരിക്കാവുന്നതാണ്.

ഹോം നേഴ്സിങ്ങ് വ്യാപകമായി ഇരിക്കുന്പോഴും കൂടുതൽ കെയർഹോമുകൾ ഉണ്ടാകുന്പോഴും കേരളത്തിലെ ഹോംനേഴ്‌സിങ്/ നേഴ്സിങ് ഹോം രംഗത്ത് ചില മുൻവിധികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ മറ്റു രാജ്യങ്ങളിൽ കെയർവർക്കറായി ജോലിചെയ്യുന്പോഴും കേരളത്തിൽ ഈ രംഗത്തേക്ക് വരാൻ ആളുകൾ മടിക്കുന്നതുപോലെതന്നെ, അനാരോഗ്യത്തിന്റെ സാഹചര്യത്തിൽ പ്രായമായവരെ നേഴ്സിങ് ഹോമിലേക്ക്/കെയർഹോമിലേക്ക് മാറുന്നതിനെപ്പറ്റി/മാറ്റുന്നതിനെ പറ്റി ഇപ്പോഴും സമൂഹത്തിന് തെറ്റായ മനോഭാവമുണ്ട്.

ഈ മനോഭാവം മാറിയേ പറ്റൂ, എത്ര വേഗത്തിൽ അത് മാറുന്നുവോ അത്രയും നല്ലത്. ഇതിനായി ആശുപത്രിക്കും വീടിനും ഇടയിലുള്ള കിടപ്പുരോഗികളെ കൈകാര്യം ചെയ്യാൻ ഉതകുന്ന തരത്തിൽ ഭൗതിക സംവിധാനങ്ങളും (അഡ്ജസ്റ്റബിൾ ബെഡ്, ഡിസബിലിറ്റി ഫ്രണ്ട്ലി ടോയ്‌ലറ്റ്), നഴ്സിംഗ്, ഫിസിയോ തെറാപ്പി സംവിധാനങ്ങൾ ഒക്കെയുള്ള നഴ്സിംഗ് ഹോമുകളും കെയർ ഹോമുകളും കൂടുതൽ ഉണ്ടാകണം. ഒരു പ്രാവശ്യം നഴ്സിംഗ് ഹോമിൽ/കെയർഹോമിൽ പോയാൽ തിരിച്ചു വരാതെ അവിടെ തന്നെ ജീവിതം കഴിക്കണമെന്ന സാഹചര്യം ഒഴിവാക്കി ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് ഇവ മാറണം. ഈ യാത്ര വൺവേ അല്ല എന്ന് വരുന്പോൾ, “ഓൾഡ് ഏജ് ഹോമിലേക്ക്” പോകാനും കൊണ്ടുപോകാനും ഉള്ള വിഷമം കുറഞ്ഞു വരും.

ഈ വിഷയം സമൂഹത്തിന്റെ മുന്നിൽ തീർച്ചയായും ഉണ്ട്. പക്ഷെ കേരളത്തിൽ എന്തൊക്കെ നയങ്ങളും മാർഗ്ഗരേഖകളും ഉണ്ടെന്ന് ഇന്റർനെറ്റ് ഗവേഷണത്തിൽ കണ്ടെത്താൻ സാധിച്ചില്ല. പ്രായം കൂടിയ ആളുകൾ ധാരാളമുള്ള മറ്റു രാജ്യങ്ങളിൽ ജീവിക്കുകയും കെയർഹോമുകളിൽ ഉൾപ്പടെ ജോലി എടുക്കുകയും ചെയ്യുന്ന വിദേശമലയാളികൾക്ക് ഈ രണ്ടുകാര്യത്തിലും നല്ല അനുഭവ പരിചയമുണ്ട്. അവരുടെ പരിചയവും പരിശീലനവുമൊക്കെ കണക്കിലെടുത്ത് കേരളത്തിൽ ഒരു നല്ല ഹോംനേഴ്‌സിംഗ് / നേഴ്സിങ് ഹോം സംവിധാനം ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്.

മുരളി തുമ്മാരുകുടി

Share News