‘പരസ്യകല’|ആര്‍ട്ടിസ്റ്റ് കിത്തോയുടെ വരകളുടേയും സിനിമാ പോസ്റ്ററുകളുടേയും പ്രദര്‍ശനം.|ഒക്ടോബര്‍ 15ന്കാണാൻ എത്തുമല്ലോ

Share News

ആര്‍ട്ടിസ്റ്റ് കിത്തോയുടെ വിയോഗത്തിന്റെ ഒന്നാം വാർഷികത്തിൽ ഒക്ടോബര്‍ 15ന് ആല്‍ബെര്‍ട്ടീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കാമ്പസില്‍ ‘പരസ്യകല’ എന്ന പേരില്‍ കിത്തോയുടെ വരകളുടേയും സിനിമാ പോസ്റ്ററുകളുടേയും ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നു.

പരസ്യകല – ആർട്ടിസ്റ്റ് കിത്തോയുടെ സിനിമ പോസ്റ്ററുകളുടെയും വരകളുടെയും പ്രദർശനം ഇന്ന് (ഒക്‌ടോബർ 15 ) രാവിലേ പത്തു മണിമുതൽ രാത്രി ഏഴു മണി വരെ ആൽബെർട്സ് കോളേജിന്റെ ബെച്ചിനെല്ലി ഹാളിൽ.

രാവിലെ 10ന് പ്രൊഫ. എം.കെ സാനു ഉത്ഘാടനം നിര്‍വഹിക്കും. സംവിധായകന്‍ സോഹന്‍ലാല്‍ അതിഥിയായിരിക്കും. വൈകീട്ട് 5 മണിക്ക് ചേരുന്ന അനുസ്മരണ യോഗത്തില്‍ആര്‍ട്ടിസ്റ്റ് കിത്തോയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന ഡോ. സെബാസ്ററ്യൻ പോള്‍, ഗായത്രി അശോകന്‍, ആലപ്പി അഷറഫ്, സാബു കൊളോണിയ, പട്ടണം റഷീദ് തുടങ്ങിയവര്‍ സംബന്ധിക്കും. നിങ്ങളെ ഏവരേയും പ്രദര്‍ശനത്തിലേക്കും അനുസ്മരണ ചടങ്ങുകളിലേക്കും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു കൊള്ളുന്നു.

മലയാള സിനിമയുടെ പരസ്യകലകളില്‍ നവീനഭാവുകത്വവും വൈവിധ്യവും കൊണ്ടുവന്ന കലാവിദഗ്ധനായിരുന്നു ആര്‍ട്ടിസ്റ്റ് കിത്തോ. കലാരംഗത്തെ മോഹനമുദ്ര. മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ രചനകള്‍ക്കായി രേഖാചിത്രങ്ങള്‍ വരയ്ക്കുന്നതിലും, പ്രമുഖ ദിനപത്രങ്ങളുടെ അവസ്മരണീയ തലക്കെട്ടുകളും ഒന്നാം പേജ് ലേഔട്ടും രൂപകല്പന ചെയ്യുന്നതിലും അദ്വിതീയനായിരുന്നു അദ്ദേഹം. സിനിമാ മാസിക പ്രസാധനത്തിലും കലാസംവിധാനത്തിലും തിരക്കഥയിലും സിനിമാനിര്‍മാണത്തിലും നാടകാഭിനയത്തിലും ദിവ്യസ്പര്‍ശമുള്ള ആധ്യാത്മിക കലാവിഷ്‌കാരത്തിലും തന്റെ അനന്യ കരവിരുതിന്റെയും ഭാവനയുടെയും അപാരസിദ്ധി തെളിയിച്ച കലാകാരന്‍.

2022 ഒക്ടോബര്‍ 18ന് അദ്ദേഹം നിര്യാതനായി. എറണാകുളം കലൂര്‍ കുറ്റിക്കാട്ട് പൈലി – വെറോണിക്ക ദമ്പതികളുടെ മകനാണ്. എറണാകുളം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലും മഹാരാജാസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. പ്രീ യൂണിവേഴ്‌സിറ്റി തലത്തില്‍ പഠിക്കുമ്പോള്‍ തന്നെ മികച്ച ആര്‍ട്ടിസ്റ്റിനുള്ള കോാേത്ത് ഗോവിന്ദമേനോന്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. പ്രശസ്ത ചിത്രകാരനായ എംആര്‍ഡി ദത്തന്‍ നടത്തിയിരുന്ന കൊച്ചിന്‍ ആര്‍ട്‌സില്‍ പഠിച്ചു. തുടര്‍ന്ന് എറണാകുളം എംജി റോഡില്‍ കിത്തോ ഇലസ്‌ട്രേഷന്‍ ആന്‍ഡ് ഗ്രാഫിക്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. സുഹൃത്തും കഥാകൃത്തുമായിരുന്ന കലൂര്‍ ഡെന്നീസിന്റെ കഥകള്‍ക്ക് ഇലസ്‌ട്രേഷന്‍ ചെയ്താണ് കിത്തോയുടെ തുടക്കം

.

മലയാള മനോരമ, മാതൃഭൂമി, കേരളടൈംസ് തുടങ്ങിയ ദിനപത്രങ്ങളിലെ സ്ഥിരം ചിത്രകാരനായി കിത്തോ. ഓഫ്‌സെറ്റ് പ്രിന്റിംഗ് ഇല്ലാതിരുന്ന അക്കാലത്ത് ചിത്രകാരന്മാരായിരുന്നു തലക്കെട്ട് എഴുതിയിരുന്നത്. കലൂര്‍ ഡെന്നീസുമായി ചേര്‍ന്ന് ‘ചിത്രപൗര്‍ണമി’ എന്ന ഒരു സിനിമ വാരിക ആരംഭിച്ചു. ഡോ. സെബാസ്റ്റ്യന്‍ പോളും ജോണ്‍ പോളും ഇതില്‍ സഹകരിച്ചിരുന്നു. 1970ല്‍ ഐ.വി ശശി സംവിധാനം ചെയ്ത ‘ഈ മനോഹരതീരം’ എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി സിനിമാരംഗത്ത് രംഗപ്രവേശം ചെയ്തു. തുടര്‍ന്ന് ജേസി, ജോഷി, സത്യന്‍ അന്തിക്കാട്, ഫാസില്‍, കമല്‍, വിജിതമ്പി, മോഹന്‍, ഹരികുമാര്‍, തമ്പി കണ്ണന്താനം, കെ.എസ്. സേതുമാധവന്‍, ജോര്‍ജ് കിത്തു, തുളസിദാസ് തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു.

കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്ലാതിരുന്ന അക്കാലത്ത് കിത്തോ ഡിസൈനിങ്ങില്‍ പല പുതുമകളും കൊണ്ടുവന്നു. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ‘ആരോരുമറിയാതെ’ എന്ന ചിത്രത്തിനുവേണ്ടി കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ ഇറക്കി. ഈ പോസ്റ്റര്‍ ഏറെ പ്രശസ്തി നേടുകയും ട്രെന്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.

നൂറോളം ചിത്രങ്ങള്‍ക്ക് പരസ്യകലയും അമ്പതോളം സിനിമകള്‍ക്ക് കലാസംവിധാനവും നിര്‍വഹിച്ചു. മോഹന്‍ സംവിധാനം ചെയ്ത ‘ആലോലം’ എന്ന സിനിമയ്ക്കു കഥ എഴുതി. കമല്‍ സംവിധാനം ചെയ്ത ‘ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് ‘ ചിത്രം നിര്‍മിച്ചു. ബൈബിള്‍ സംബന്ധിയായ പുസ്തകങ്ങളുടെ വരകളും ധാരാളം നിര്‍വഹിച്ചു. പള്ളികളുടെ അള്‍ത്താര വര്‍ക്കുകളും പെയിന്റിങ്ങുകളും ചെയ്തു. കുട്ടികളുടെ മാസികയായ സ്‌നേഹസേനയുടെ ആര്‍ട്ട്‌വര്‍ക്കും ചെയ്തുപോന്നു. ജര്‍മനിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന “രശ്മി” മാഗസിന് മികച്ച രൂപകല്‍പനക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 1997ലെ അവാര്‍ഡ് കിത്തോക്ക് ലഭിച്ചു. കേരളത്തിലെ പ്രശസ്തമായ പല സ്ഥാപനങ്ങള്‍ക്ക് വേണ്ടി കിത്തോ എംബ്ലം വരച്ചു. കലാഭവന്‍, സിഎസി തുടങ്ങിയവ ഇതില്‍പ്പെടുന്നു.

പരസ്യകല

കാണാൻ എത്തുമല്ലോ

അനുസ്‌മരണ സമിതിക്കുവേണ്ടി,

ഷാജി ജോർജ്

Share News