
കാബൂള്‍ വിമാനത്തില്‍ നിന്നും വീണ് മരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരവും
കാബൂള്‍: കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗം സാക്കി അന്‍വാരി(19)യാണ് മരിച്ചത്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം അറിയിച്ചത്.
താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. രാജ്യം വിടാനുള്ള തീവ്ര ശ്രമത്തില്‍ അഫ്ഗാനികള്‍ വിമാനത്തില്‍ പറ്റിപിടിച്ച് നില്‍ക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തിങ്കളാഴ്ച കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി -17 ന്റെ ചക്രങ്ങള്‍ക്ക് സമീപം കയറി യാത്ര ചെയ്തവരാണ് വീണു മരിച്ചത്.
കാബൂളില്‍ നിന്നും വിമാനം പറന്നുയര്‍ന്നയുടന്‍ രണ്ട് പേര്‍ വീഴുന്നതാണ് വിഡിയോയിലുള്ളത്. വിമാനത്തിന്റെ ചക്രത്തോട് ചേര്‍ത്ത് ശരീരം കയര്‍ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവര്‍ അഫ്ഗാന്‍ വിടാന്‍ ശ്രമിച്ചത്. കാബൂളില്‍ നിന്ന് ഖത്തറിലേക്കായിരുന്നു വിമാനം പറന്നിരുന്നത്.