മദ്യം സുലഭമാക്കി സകലരെയും അടിമകളാക്കിയതിനു ശേഷം മദ്യവില വർധിപ്പിച്ചത് എങ്ങനെയും മദ്യം വാങ്ങാൻ ആളുകൾ തയ്യാറാകും എന്നതുകൊണ്ടാണ്.

Share News

നികുതിക്ക് ക്വിഡ് പ്രൊ ക്വൊ ഇല്ല എന്നതത്വം യഥാർത്ഥത്തിൽ നടപ്പിലാക്കിയവർ

ക്വിഡ് പ്രൊ ക്വൊ എന്ന ലാറ്റിൻ വാക്കിനർത്ഥം ഒരു വസ്തുവോ വിലയോ കൈമാറുമ്പോൾ പകരം കിട്ടുന്ന വസ്തുവോ മറ്റ് അനുകൂല ഘടകങ്ങളോ എന്നാണ്. സാധാരണയായി എല്ലാ ഇടപാടുകൾക്കും കൈമാറ്റത്തിന് നിയമപരമായി സാംഗത്യം നൽകുന്ന ഈ തത്വം പക്ഷേ നികുതിയുടെ കാര്യത്തിൽ ഇല്ല. നികുതി എത്ര നൽകിയാലും നികുതി വാങ്ങുന്നവരിൽ നിന്ന് തിരികെ പ്രത്യേകിച്ച് ഒരു ആനുകൂല്യവും നികുതി നൽകുന്നവർ പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് അനുമാനം. എന്ന് കരുതി ജനാധിപത്യ ഭരണകൂടങ്ങളിൽ നിന്ന് യാതൊന്നും പ്രതീക്ഷിക്കാതെ നികുതി നൽകുന്നവർ മാത്രമാകാൻ നിർബന്ധിതരായി മാറുന്ന ജനങ്ങളുടെ പക്ഷവും കാണേണ്ടതുണ്ട്.

സാമൂഹ്യ ക്ഷേമ പദ്ധതികൾ മുടക്കമില്ലാതെ നടത്തിക്കൊണ്ടു പോകാൻ വില വർധിപ്പിക്കുന്നു എന്നു പറയുന്ന ബഡ്ജറ്റ് സാമൂഹ്യ പെൻഷൻ ഒരു രൂപ പോലും കൂട്ടിയില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. പെൻഷൻ രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നു എന്നത് ഗുണഭോക്താക്കൾക്ക് മാത്രം അറിയാവുന്ന പരമാർത്ഥം.

വിഭവ സമാഹരണത്തിന് ശ്രമം നടത്തിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. അതിൻറെ ഗുണം സാധാരണക്കാർക്ക് വിദൂര ഭാവിയിലെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ സമ്പന്ന മധ്യവർഗ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ ധനം സമാഹരിക്കുകയും പാവപ്പെട്ടവരെ അധിക ബാധ്യതയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാമായിരുന്നു. വരുമാനം വർദ്ധിപ്പിക്കാനാണ് നികുതി ഉയർത്തിയത് എന്ന് പറയുന്നതോടൊപ്പം ചെലവ് കുറയ്ക്കാൻ എന്ത് ചെയ്തു എന്നും പറയേണ്ടിയിരുന്നു. ഉദാഹരണത്തിന് സംസ്ഥാനത്ത് ഇപ്പോൾ പി എസ് സി അംഗങ്ങളുടെ എണ്ണം 21. യുപിഎസ്സി മാതൃകയിൽ അത് ആറായി ചുരുക്കാം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാം, എന്തിനേറെ പശുത്തൊഴുത്തിനായി ലക്ഷങ്ങൾ ചിലവാക്കി എന്നത് ഉൾപ്പെടെയുള്ള കുപ്രസിദ്ധിയും.

വിഭവ സമാഹരണം എന്ന പേരിൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കുന്നത് മുഴുവൻ മേഖലയെയും കാര്യമായി ബാധിക്കും. കോർട്ട് ഫീസ് വർദ്ധിപ്പിച്ചതും ഭൂമി ന്യായ വില വർധിപ്പിച്ചതുമൊക്കെ സാരമായ പ്രതിഫലനങ്ങൾ ഉണ്ടാക്കും. ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചിരുന്നെങ്കിൽ ആ പണമൊക്കെ വിപണിയിലേക്ക് തന്നെയാണ് വരുന്നത്. അതുകൊണ്ട് യഥാർത്ഥത്തിൽ ക്ഷമ പെൻഷൻ വർദ്ധിപ്പിക്കുന്നത് നഷ്ടമല്ല.

മദ്യം സുലഭമാക്കി സകലരെയും അടിമകളാക്കിയതിനു ശേഷം മദ്യവില വർധിപ്പിച്ചത് എങ്ങനെയും മദ്യം വാങ്ങാൻ ആളുകൾ തയ്യാറാകും എന്നതുകൊണ്ടാണ്. അതിനു മന്ത്രി തന്നെ പറയുന്ന ന്യായീകരണം 500 രൂപയുടെ കണക്ക് പറഞ്ഞ്, കൂടുതൽ വിലയുള്ള മദ്യം വാങ്ങുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നാണ്. ഒന്നുകിൽ വില കുറഞ്ഞ, നിലവാരം കുറഞ്ഞ മദ്യം കൊണ്ട് തൃപ്തിപ്പെടുക അല്ലെങ്കിൽ കൂടുതൽ പണം ചെലവാക്കുക ഇതാകും ഉദ്ദേശിച്ചത്. ലഹരിക്ക് അടിമപ്പെട്ടവർക്ക് മദ്യത്തിൻറെ വില താങ്ങാൻ ആകാതെ വരുമ്പോൾ മയക്കുമരുന്ന് ഉൾപ്പെടെയുള്ള മറ്റ് ലഹരികളിലേക്ക് വഴിമാറും, അതിൻറെ വ്യാപനത്തിന് കാരണമാകും.

ഒരു കോടിയോളം പേർ കേരളത്തിൽ ഇരുചക്രവാഹങ്ങൾ ഉപയോഗിക്കുന്നുണ്ട് ആറുലക്ഷത്തോളം പേർ ഓട്ടോറിക്ഷ ഓടിച്ച ഉപജീവനം കഴിക്കുന്നുണ്ട്. ഇവരെയും ഇവരുടെ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്നതാണ് ഈ വിലക്കയറ്റം.

ഭൂമിയുടെ ന്യായവില കൂട്ടിയതിനു പുറമേ ഫ്ലാറ്റുകൾക്ക് ഇടങ്ങൾ എന്നിവയുടെ ഒക്കെ മുദ്രവില രണ്ട് ശതമാനം വർധിപ്പിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന് ഇടാക്കുന്ന സെസ് രണ്ടര വർദ്ധിപ്പിച്ചു. ഹൈക്കോടതിയെ കടലാസുരഹിതമാക്കാൻ രണ്ടര കോടി വകയിരുത്തി എന്നു പറയുന്നു. അതിനടുത്തു നിൽക്കുന്നവരോട് ചോദിച്ചാൽ വിവരം പറയും – ഇപ്പോൾ ഈ ഫയലിംഗും അതിനുശേഷം അത്രയും തന്നെ പേപ്പറുകൾ മുമ്പു നൽകിയിരുന്ന അത്രയും കോപ്പി തന്നെ നൽകി പേപ്പർ ഫയലിംഗും വേണം. ഫയലുകൾ നോക്കുന്നതാകട്ടെ പഴയ പോലെ പേപ്പർ ഫയലുകളിൽ തന്നെ. തീര മേഖലയിൽ ഭൂരിപക്ഷവും നിരാകരിച്ച പുനർഗേഹം പദ്ധതിക്കായി കൂടുതൽ പണം മാറ്റിവയ്ക്കുന്നു എന്നതും ചർച്ചയാകണം.

ജനക്ഷേമ പദ്ധതികൾക്കായി വിഭവസമാഹരണം നടത്തുന്നു എന്ന് പറയുമ്പോഴും ഭാവിയിൽ ലഭിക്കാനിരിക്കുന്ന ക്ഷേമങ്ങൾക്ക് ഇന്നേ തയ്യാറായി നിൽക്കേണ്ട അവസ്ഥ. എല്ലാ കാലവും പോലെ ഇതും കടന്നു പോകും. തെരഞ്ഞെടുപ്പിന് അവസാന ഒന്നുരണ്ട് ബഡ്ജറ്റുകളിൽ പലതും ചെയ്ത് ജനങ്ങളെ കയ്യിലെടുക്കാവുന്നതേയുള്ളൂ എന്ന് ഉറച്ച ബോധ്യമുണ്ടാകും. സമരങ്ങളും പ്രതിഷേധങ്ങളും എത്രനാൾ നീണ്ടുനിൽക്കുമെന്ന് നന്നായി അറിയാവുന്നവരാണ് ഭരിക്കുന്നത്. ഏതായാലും, കേരളം ഇത് അർഹിക്കുന്നു. എന്തിനും വിധേയരാണെന്ന് അറിഞ്ഞു തന്നെയാണല്ലോ ഇക്കുറി ജനം സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Adv.Sherry J. Thomas

Share News