
ആർ. ശങ്കറിനു ശേഷം അധികാര രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തിനു വേണ്ടി ശബ്ദമുയർത്താൻ ഒരാൾ പോലും ഉണ്ടായില്ല.
നീതിയുടെ കനൽമൈസൂറിലിരുന്ന് തിരുവിതാംകൂറിലെ അനീതികൾക്കെതിരെ പടനയിച്ച ഡോ.പല്പുവിനെ തളയ്ക്കാൻ ഇവിടെ നിന്നൊരാൾ അവിടേക്ക് പോയിട്ടുണ്ട്.
തിരുവിതാംകൂർ ദിവാനായിരുന്ന സാക്ഷാൽ ശങ്കര സുബ്ബയ്യർ. മൈസൂർ സർക്കാരിനു കീഴിൽ അന്ന് ഡോക്ടറായി ജോലി ചെയ്യുകയാണ് പല്പു. സുബ്ബയർ മൈസൂർ ദിവാനോട് പല്പുവിനെക്കുറിച്ചുള്ള സങ്കടക്കെട്ടഴിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈഴവർക്ക് സർക്കാർ സർവീസിൽ ജോലിയും വിഭ്യാഭ്യാസത്തിന് അവകാശവും ആവശ്യപ്പെട്ട് തിരുവിതാംകൂർ രാജാവിന് നിവേദനം നൽകുന്നുവെന്നായിരുന്നു പ്രധാന പരാതി! സുബ്ബയ്യർ കൊണ്ടുചെന്ന പരാതികൾ പരിശോധിച്ച മൈസൂർ ദിവാൻ പറഞ്ഞു. ‘ നിങ്ങൾ കാട്ടുന്ന ഇത്രയും വലിയ അധർമ്മങ്ങളെ സഹിക്കുന്ന അവിടുത്തെ ജനതയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?’ ദിവാൻ ക്ഷുഭിതനായി.
മറ്റൊരു മൈസൂർ യാത്രയ്ക്കിടയിൽ പാറയിൽ തട്ടി വീണ് സുബ്ബയ്യരുടെ കൈയൊടിഞ്ഞു. പ്രമേഹമുള്ളതിനാൽ മുറിവ് പഴുത്തു. സുബ്ബയ്യരെ ചികിത്സിക്കാൻ മൈസൂർ സർക്കാർ ഏർപ്പെടുത്തിയത് സാക്ഷാൽ ഡോ. പല്പുവിനെ. ചികിത്സ തുടരുന്നതിനിടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ച സുബ്ബയ്യരെ തിരുവിതാംകൂർ വരെ അനുഗമിക്കാൻ മൈസൂർ സർക്കാർ പല്പുവിനെ ചുമതലപ്പെടുത്തി.സവർണന് അവർണന്റെ ചികിത്സ. നാട്ടിലറിഞ്ഞാൽ കുറച്ചിലാകുമെന്നു കരുതിയ സുബ്ബയ്യർ അത് നിരസിച്ചു. പക്ഷെ മൈസൂർ സർക്കാർ നിലപാടിൽ ഉറച്ചുനിന്നു. അങ്ങനെ സബ്ബയ്യരെ അനുഗമിച്ച് ഡോ. പല്പു തിരുവിതാംകൂറിലെത്തി. നന്നായി പരിചരിച്ച് ദിവാന്റെ മുറിവുണക്കി. ഇത് ചരിത്രത്തിന്റെ കാവ്യനീതി.
അയിത്ത ജാതിക്കാരനായതിനാൽ പല്പു തിരുവിതാംകൂറിൽ ആരെയും ചികിത്സിക്കേണ്ടെന്നു പറഞ്ഞ് ജോലി നിഷേധിച്ചവരാണ് അന്നത്തെ സവർണ പ്രമാണിമാർ. പക്ഷെ അവരിൽ ഒരാളുടെ മുറിവുണക്കാൻ പല്പു വേണ്ടിവന്നു. അത് അയിത്തമെന്ന വ്രണത്തിനുള്ള ചികിത്സ കൂടിയായിരുന്നു. ഇന്ന് മതിയായ യോഗ്യതകളില്ലെന്നു പറഞ്ഞ് ഈഴവരാദി പിന്നാക്ക വിഭാഗങ്ങളെ തഴയുന്ന പ്രമാണിമാർ ഈ ചരിത്രമറിയണം. എത്ര ചവിട്ടിത്താഴ്ത്തിയാലും അടിച്ചമർത്തിയാലും ഒരു നാൾ ഞങ്ങൾ ഉയർത്തെഴുന്നേൽക്കുമെന്ന തിരിച്ചറിവുണ്ടാകണം.
ചാതുർവർണ്യത്തിന്റെ ഏറ്റവും വലിയ ഇരകളിലൊരാളായിരുന്നു ഡോ.പല്പു. തിരുവിതാംകൂറിലെ മഹാരാജാസ് ഇംഗ്ലീഷ് സ്കൂളിൽ സവർണരുടെ എതിർപ്പു കാരണം മൂലയ്ക്കുള്ള ബഞ്ചിൽ മാറ്റിയിരുത്തി. പിന്നീട് തിരുവിതാംകൂറിലെ മെഡിക്കൽ സ്കൂളിലേക്കുള്ള പ്രവേശന പരീക്ഷ രണ്ടാം റാങ്കോടെ പാസായി. പക്ഷെ ജാതിയുടെ പേരിൽ പ്രവേശനം നിഷേധിക്കാൻ സവർണന്മാർ കളി തുടങ്ങി. പ്രായം കൂടുതലാണെന്ന കള്ളം പറഞ്ഞ് വെട്ടാൻ ശ്രമിച്ചു. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ജാതകവും ഹാജരാക്കിയിട്ടും പ്രവേശനം നൽകിയില്ല. പല്പുവിന് കൂടുതൽ വാശിയായി. മദ്രാസിൽ മെഡിക്കൽ കോളേജിൽ എൽ.എം ആൻഡ് എസ് കോഴ്സിന് ചേർന്നു. അങ്ങനെ നാല് വർഷങ്ങൾക്കു ശേഷം പല്പു ഡോ.പല്പുവായി.
തിരുവിതാംകൂറിൽ അന്ന് അലോപ്പതി ഡോക്ടമാർ കുറവായിരുന്നിട്ടും അയിത്ത ജാതിക്കാരനായതിനാൽ ജോലി നിഷേധിച്ചു. ഇതോടെ വീണ്ടും മദ്രാസിലേക്ക്. വസൂരി വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗം. മൈസൂറിൽ വസൂരിയും പ്ലേഗും പടർന്നുപിടിച്ച കാലത്ത് ജീവൻ പണയം വച്ച് മരണവാതിലിൽ നിന്ന് ആയിരങ്ങളുടെ ജീവൻ തിരിച്ചുപിടിച്ചു. അക്കാലത്താണ് ഇന്ന് നീതി നിഷേധിക്കുന്നവർ ഓർക്കേണ്ട മറ്റൊരു കാര്യമുണ്ടായത്. തിരുവിതാംകൂറിൽ വസൂരി പടർന്നുപിടിച്ച കാലം. അങ്ങനെ മൈസൂറിൽ പോയി വാക്സിൻ നിർമ്മാണത്തിൽ പരിശീലനം നേടാൻ തിരുവിതാംകൂറിൽ നിന്ന് സാനിട്ടറി കമ്മിഷണർ ഡോ. എൻ. സുബ്രഹ്മണ്യ അയ്യർ അവിടെയെത്തി. അയ്യരെ അന്നു പരിശീലിപ്പിച്ചത് അയിത്തം കല്പിച്ച് ഇവിടെ മാറ്റിനിർത്തപ്പെട്ട ഡോ. പല്പു ആയിരുന്നു!
തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗങ്ങൾ പരദേശി ബ്രാഹ്മണർ പൂർണമായും തട്ടിയെടുക്കുന്നതിനെതിരായ മലയാളി മെമ്മോറിയലിന്റെ ചാലകശക്തികളിൽ പ്രമുഖനായിരുന്നു ഡോ. പല്പു. തിരുവിതാംകൂർ മഹാരാജാവിനു സമർപ്പിച്ച ആ നിവേദനത്തിൽ മൂന്നാം പേരുകാരനായി ഒപ്പിട്ടത് പല്പുവാണ്. ഒപ്പുശേഖരണത്തിനായി മറ്റുള്ളവർ നല്കിയതിനെക്കാൾ വലിയ തുകയും അന്ന് സംഭാവന ചെയ്തു. പക്ഷെ അതിന്റെ നേട്ടം പൂർണമായും നായർ സമുദായക്കാർ സ്വന്തമാക്കി. അതു മാത്രമല്ല നിവേദനത്തിനുള്ള മറുപടിയിൽ ഈഴവരെ വളരെ മോശം വാക്കുകളിലൂടെ അപമാനിക്കുകയും ചെയ്തു.
ഇതോടെ ജാതീയ അവഗണനയ്ക്കെതിരെ പല്പു തുറന്ന യുദ്ധത്തിനൊരുങ്ങി. നാടെമ്പാടും സഞ്ചരിച്ച് സമുദായാംഗങ്ങളെ സമരസജ്ജരാക്കി. നീതിക്കായുള്ള നിവേദനത്തിൽ ഈഴവരുടെ ഒപ്പ് ശേഖരിച്ചു. അങ്ങനെയാണ് 13,716 പേരുടെ ഒപ്പ് രേഖപ്പെടുത്തിയ ചരിത്രത്തിലെ ഇടിത്തീയായ ഈഴവ മെമ്മോറിയലിന്റെ പിറവി. പിന്നീട് പിന്നാക്ക സമുദായക്കാർ സംഘടിച്ച് നിവർത്തന പ്രക്ഷോഭം നടത്തി. അതിന്റെ ഫലമായി രാജാവ് സംവരണം അനുവദിച്ചു. പക്ഷെ അതിന്റെ ഗുണഫലം ഈഴവർക്കു ലഭിച്ചില്ല. ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളാണ് അതിന്റെ നേട്ടം കൊയ്തത്. അധികാര സ്ഥാനങ്ങളടക്കം ഇക്കൂട്ടർ സ്വന്തമാക്കി.
ഇന്ന് ഡോ. പല്പുവിന്റെ ജന്മവാർഷിക ദിനമാണ്.
ജാതീയ അവഗണനകൾക്കെതിരായ അശ്വമേധങ്ങളുടെ നായകനാണ് പല്പു. സംഘടിച്ച് ശക്തരാകുക എന്ന ഗുരുമന്ത്രത്തിന്റെ ഏറ്റവും ശക്തനായ പ്രയോക്താവാണ് പല്പു. സരോജിനി നായിഡു വിശേഷിപ്പിച്ചതു പോലെ, ചരിത്രത്തിലെ നിശബ്ദ വിപ്ലവകാരി. തനിക്കുണ്ടായ ദുരനുഭവങ്ങൾ തന്റെ സമുദായത്തിലെ പിൻതലമുറകൾക്കുണ്ടാകരുതെന്ന് അദ്ദേഹം മനസിലുറപ്പിച്ചു. അവർണന് ശബ്ദമുയർത്താൻ അവകാശമില്ലാതിരുന്ന കാലത്ത് അധികാരകേന്ദ്രങ്ങളിലേക്കു പടനയിച്ച് ഇടിമുഴക്കങ്ങൾ തീർത്തു. ജാതിയുടെ പേരിലുള്ള അവഗണന വിധിയെന്നു കരുതി സഹിക്കേണ്ടതല്ലെന്ന് പിന്നാക്ക ജനതയെ ബോദ്ധ്യപ്പെടുത്തി. ചോദ്യങ്ങളുയർത്തി എല്ലാ ദുർവ്യവസ്ഥകളെയും പിഴുതെറിയാമെന്ന ബോദ്ധ്യം സമ്മാനിച്ചു. നീതിനിഷേധത്തിന്റ ഇക്കാലത്ത് ഡോ. പല്പു ഒരു കനലായി നമ്മുടെ മനസിൽ നിറയണം. ഇന്നത്തെയും നാളത്തെയും തലമുറകൾക്കായി നീതി നിഷേധത്തിനെതിരായ അഗ്നിജ്വാലകളാകണം.
ഡോ. പല്പുവിന് നേരെ ഉയർന്ന ജാതിയുടെ വാൾമുന ഇന്നും നിലനിൽക്കുന്നു. മലയാളി മെമ്മോറിയൽ കാലത്തേതു പോലെ അധികാരവും ആനുകൂല്യങ്ങളും സവർണർ തട്ടിയെടുക്കുന്നു. മറ്റുള്ളവർക്ക് പദവികളും ആനുകൂല്യങ്ങളും നൽകുന്നതിൽ എതിർപ്പില്ല. പക്ഷെ ജനസംഖ്യാനുപാതികമാകണം. സാമൂഹ്യനീതി നടപ്പാകണം. ഉള്ളവന് വീണ്ടും കൊടുക്കുന്നത് നീതിയല്ല. ഇല്ലാത്തവനെ തഴയുന്നത് നെറികേടാണ്. ഭരണത്തിൽ വേണ്ടത്ര പങ്കാളിത്തമില്ലാത്തതാണ് ഇന്ന് ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളി.
ആർ. ശങ്കറിനു ശേഷം അധികാര രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തിനു വേണ്ടി ശബ്ദമുയർത്താൻ ഒരാൾ പോലും ഉണ്ടായില്ല. അതേസമയം മുസ്ലീം ക്രിസ്ത്യൻ, നായർ വിഭാഗക്കാർ അധികാര സ്ഥാനങ്ങളിലിരുന്ന് സ്വന്തം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നൽകി. അവർ എല്ലാ മേഖലയിലും മുന്നേറി. നമ്മൾ ദയനീയമായി തഴയപ്പെട്ടു.
ആർ. ശങ്കറിനു ശേഷമാണ് നമ്മൾ ഏറ്റവുമധികം അവഗണിക്കപ്പെട്ടത്. ആര് അധികാരത്തിൽ വന്നാലും കോരന് കുമ്പളിൽ കഞ്ഞിയെന്ന അവസ്ഥയാണ്. മുസ്ലീം, ക്രിസ്ത്യൻ, നായർ സമുദായങ്ങൾ വോട്ട് ബാങ്കായി മാറി. നമ്മൾക്ക് വോട്ട് ബാങ്കാകാനും അധികാര കേന്ദ്രങ്ങളിൽ എത്തിപ്പെടാനും കഴിഞ്ഞില്ല. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. അധികാര സ്ഥാനങ്ങൾ കൈയടക്കാൻ നമുക്ക് കഴിയണം.

വെള്ളാപ്പള്ളി നടേശൻ
ജനറൽ സെക്രട്ടറി
എസ് എൻ ഡി പി യോഗം.