കര്‍ഷക നിയമങ്ങള്‍: രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച സമിതി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. കര്‍ഷക നിയമങ്ങളിന്മേല് ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളാണ് സമിതി പരിശോധിക്കേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പഠിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അഗ്രിക്കള്‍ച്ചറല്‍ ഇക്കോണമിസ്റ്റും കമ്മീഷന് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ കോസ്റ്റ്സ് ആന്‍ഡ് പ്രൈസസ് മുന്‍ ചെയര്‍മാനുമായ അശോക് ഗുലാട്ടി, ഭാരതീയ കിസാന്‍ യൂണിയന്റെയും ഓള് ഇന്ത്യ കിസാന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസിഡന്റ് ഭൂപീന്ദര്‍ സിംഗ് മന്, സൗത്ത് ഏഷ്യ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, ശേത്കരി സംഘതന്‍ പ്രസിഡന്റ് അനില്‍ ഘന്‍വത് എന്നിവരാണ് സമിതിയിലുള്ളത്. സമരം ചെയ്യുന്ന കര്‍ഷക സംഘടനകളില്‍ നിന്നും സമരത്തില്‍ ഇല്ലാത്തവരില്‍ നിന്നും സമിതി വിവരങ്ങള്‍ തേടുകയും സര്‍ക്കാര്‍ പ്രതിനിധികളുടെ ഭാഗം കേള്‍ക്കുകയും വേണം. ഇതിനായി ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും സമിതിക്ക് സിറ്റിംഗ് നടത്താം.
സമിതിയുടെ ഓഫീസ് അടക്കമുള്ള ഡല്‍ഹിയിലെ സൗകര്യങ്ങള്‍ ഡല്‍ഹി സര്‍ക്കാരും ഡല്‍ഹിക്കു പുറത്തുള്ളവ കേന്ദ്ര സര്‍ക്കാരും സജ്ജമാക്കി നല്‍കണം. സമിതിയുടെ പ്രവര്‍ത്തനം പത്ത് ദിവസത്തിനുള്ളില്‍ തുടങ്ങണമെന്നും കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.