നാൽപ്പത് രൂപയ്ക്ക് രണ്ടാളുടെ ആലപ്പുഴ ബോട്ടിംഗ്

Share News

കഴിഞ്ഞാഴ്ച ഞങ്ങൾ – എന്നു വച്ചാൽ ഞാനും ഭാര്യ ഫിംലയും രണ്ടു മൂന്നു ദിവസം എവിടെയെങ്കിലും യാത്ര പോകാം എന്നു വിചാരിച്ചിരുന്നു. രണ്ടു ദിവസം ദേശീയ പണിമുടക്ക്. അതിന് മുമ്പത്തെ ശനി , ഞായർ. വലിയ പ്ലാനായ രാമേശ്വരത്തിൽ തുടങ്ങി , അത് മധുര , കോയമ്പത്തൂർ , നമ്മുടെ സ്ഥിരം വഴിയായ അതിരപ്പള്ളി വഴി വാൽപ്പാറ ഒക്കെ നോക്കി. യാത്ര ഒന്നും നടക്കാതെ തന്നെ ശനിയാഴ്ച കടന്നു പോയി.

പണിമുടക്ക് ദിനങ്ങളിൽ യാത്രകൾ ഒഴിവാക്കുക എന്ന ഭീഷണസ്വരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നു. പിന്നെ ബാക്കിയുള്ളത് ഞായറാഴ്ച്ച പോയി ഞായറാഴ്ച്ച തന്നെ തിരിച്ചെത്താവുന്ന വഴികളാണ്. നിലമ്പൂര് പോകാൻ ഭാര്യയ്ക്ക് താൽപ്പര്യമില്ല. എന്നാൽ പിന്നെ രാവിലെ ആലപ്പുഴ വഴി കൊല്ലം വരെ പോയി വല്ലതും കണ്ട് രാത്രി തന്നെ തിരിച്ചെത്തി, പിന്നെയുള്ള രണ്ടു ദിവസം കപ്പയും ബീഫും ഒക്കെ അടിച്ച്, വീട്ടിൽ ഇരുന്ന് പൊതുപണിമുടക്കിൽ പങ്കുചേരാം എന്നു വച്ചു.

രാവിലെ ചമ്പക്കരയിൽ നിന്ന് കുമ്പളങ്ങി ക്ക് പോയി. പള്ളിയിൽ കുർബാന അർപ്പിച്ച് എല്ലാം കഴിഞ്ഞപ്പോൾ രാവിലെ പത്തര മണി. നേരെ എഴുപുന്ന വഴി കാറിൽ പള്ളിത്തോട് , പൊന്നാം വെളി വഴി തുറവൂര് NH ൽ ചെന്നു കയറി. ചേർത്തല X ray ജംഗ്ഷൻ വഴി ആലപ്പുഴ ബൈപ്പാസിൽ കയറി. ബൈപ്പാസിലെ Fly over ൻ്റെ ഭംഗി കാണണം എന്നുണ്ടായിരുന്നു. പക്ഷേ കാറിൽ ഇരുന്നാൽ പുറത്തെ കാഴ്ചകൾ പലത്തിലെ മറ കാരണം കാണാൻ പറ്റില്ല. രണ്ടു കിലോമീറ്ററിലേറെ ഉള്ളത് കൊണ്ട് ഉച്ചക്ക് പന്ത്രണ്ടരക്ക് അതിലൂടെ നടക്കുക എന്നതും പറ്റുന്ന കാര്യമല്ല. പിന്നൊരിക്കൽ രാവിലെ വന്ന് അതിലേ കേറി നടന്ന് ബീച്ചിൻ്റെ വ്യൂ കാണാം എന്നു സമാധാനിച്ചു.

ബൈപ്പാസ് മേൽപ്പാലത്തിന് താഴെ ഇറങ്ങിയപ്പോൾ ഇടത്തേക്ക് ആലപ്പുഴ ടൗൺ എന്ന ചൂണ്ടുപലക. അങ്ങോട്ട് വിട്ടു. ബോട്ട് ജെട്ടി എവിടെ എന്ന് ചോദിച്ചപ്പോൾ ഒരു ഓട്ടോക്കാരൻ നേരെ വിട്ടോ- രണ്ടാമത്തെ പാലത്തിലേക്ക് (ശവക്കോട്ടപ്പാലം) കേറാതെ വലത്തോട്ട് പോകാൻ പറഞ്ഞു. അവിടെ കനാലിന് സമാന്തരമായി കുറേ ബോട്ടുകൾ അടുപ്പിച്ചിട്ടിട്ടുണ്ട്. ഞങ്ങൾ കാർ ഒരിടത്ത് ഒതുക്കി. ബോട്ട് ജെട്ടി എവിടെ എന്ന് ഒരു പോലീസ്കാരനോട് ചോദിച്ചു. ഗവർമെണ്ടോ പ്രൈവറ്റോ എന്ന് അയാൾ തിരിച്ചു ചോദിച്ചപ്പോൾ ഞാൻ ഗവ: ജട്ടി എന്നു പറഞ്ഞു. നേരെ നടന്നാൽ ജംഗ്ഷന് അപ്പുറം ആണ് ജട്ടി എന്ന് അയാൾ പറഞ്ഞു.

ഞങ്ങൾ സംസാരിക്കുന്നത് കേട്ട് മുമ്പിൽ നടന്ന ഒരു ചെറുപ്പക്കാരൻ ചോദിച്ചു “എവിടെ പോകാനാണ് സാറേ?”ഞാൻ – ” പ്രത്യേകിച്ച് ഒന്നുമില്ല. ഒന്ന് ബോട്ടിൽ ചെറിയ യാത്ര ചെയ്യണം”

അയാൾ നല്ല ഒരു ഉപദേശം തന്നു – അത് ഇപ്രകാരം ആയിരുന്നു. ആരോടും വഴി ചോദിക്കാതെ നേരെ വാട്ടർ ട്രാൻസ്പോർട്ട് ജെട്ടിയുടെ അകത്ത് കയറിയിട്ട് ബോട്ടുണ്ടോ എന്നു ചോദിക്കുക. അവർ പറഞ്ഞു തരും – ധാരാളം ബോട്ട് സർവീസ് റൂട്ടുകൾ ഉണ്ട്. അര മണിക്കൂർ പോയിട്ട് തിരിച്ച് വരാനുള്ള ബോട്ട് കിട്ടുന്ന സ്ഥലത്ത് ഇറക്കാൻ പറഞ്ഞാൽ അവർ ഇറക്കിത്തരും. ഇവിടെ ആരോടെങ്കിലും ചോദിച്ചു പോയാൽ നിങ്ങളുടെ തലയിൽ പ്രൈവറ്റ് ട്രിപ്പ് ഏൽപ്പിക്കും. എല്ലാം കമ്മീഷനാണ്. എന്നു പറഞ്ഞു.

പറഞ്ഞ പോലെ ജട്ടിക്കകത്ത് കേറി. ജട്ടി മാസ്റ്ററോട് ചോദിച്ചു: ഞങ്ങൾക്ക് കുമരകത്തേക്ക് ബോട്ട് കിട്ടുമോ?

പുള്ളി പറഞ്ഞു ഇപ്പോഴില്ല. നിങ്ങൾക്ക് വേണമെങ്കിൽ ഇപ്പോൾ പുറപ്പെടുന്ന കൃഷ്ണപുരം – കാവാലം ബോട്ടിൽ കയറാം. ഒന്നേമുക്കാൽ മണിക്കൂർ യാത്രയുണ്ട്. ഞങ്ങൾക്ക് അത്രയും സമയം യാത്ര ചെയ്യണമെന്നില്ല. അര_ മുക്കാൽ മണിക്കൂർ കഴിഞ്ഞ് റിട്ടേൺ കിട്ടുന്നിടത്ത് ഇറക്കിയാൽ മതി എന്നു പറഞ്ഞു. അത് ബോട്ടിൽ കണ്ടക്ടറോട് പറഞ്ഞാൽ അവർ ചെയ്തു തരും എന്ന് അദ്ദേഹം പറഞ്ഞു.

ബോട്ടിൽ കയറി. ഞായറാഴ്ച്ച ആണെങ്കിലും ഒരു വിധം ആളുണ്ട്. കണ്ടക്ടറോട് പറഞ്ഞപ്പോൾ ടിക്കറ്റ് തന്നു. രണ്ടാൾക്ക് ഇരുപത്തിരണ്ട് രൂപ. മംഗലശ്ശേരി ജെട്ടി. ബോട്ട് വിട്ടു. അതിമനോഹരമായ ബോട്ട് ചാൽ. കിഴക്കിൻ്റെ വെനീസിലൂടെ KSRTC ജെട്ടി , നെഹ്രുട്രോഫി ജെട്ടി അങ്ങനെ ഒരു പാട് ജെട്ടികൾ. മനോരമക്കാർ പണ്ട് താമസിച്ചിരുന്ന കുപ്പപ്പുറം അങ്ങനെ നല്ല നല്ല കുട്ടനാടൻ കായൽ കാഴ്ചകൾ

ഞാൻ നേരത്തെ കൂട്ടുകാരുടെ കൂടെ രണ്ടു തവണ ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ബോട്ടിംഗ് നടത്തിയിട്ടുണ്ട്. ഞങ്ങൾ ബോട്ട്ലാൻ്റെിങ്ങിൽ വണ്ടി കൊണ്ടു വന്നിട്ട് രാവിലെ പത്ത് മണിക്ക് ബോട്ടിംഗ് തുടങ്ങും. ഒരു വെൽക്കം ഡ്രിംഗിൽ തുടങ്ങി താമസിയാതെ ഹോട്ട് ഡ്രിംഗിലേക്ക് മാറി ഉച്ചയ്ക്ക് പത്തിരുപത് പേർക്ക് വിഭവസമൃദ്ധമായ നോൺ വെജ് ഊണും കഴിച്ച് വെകീട്ട് നാല് മണിക്ക് ചായയും പലഹാരവും കഴിച്ച് ആലപ്പുഴയിൽ തിരിച്ച് ഇറങ്ങുന്ന ബോട്ടിങ്ങാണ് ഞങ്ങൾ എടുക്കുന്നത്. രണ്ട് ബെഡ് റൂം ഉള്ള ഹൗസ് ബോട്ട് എല്ലാ ചെലവും സഹിതം 15000 – 20000 രൂപയ്ക്ക് 18 പേർക്ക് കിട്ടുക എന്നത് വളരെ സൗകര്യമാണല്ലോ . പിന്നൊരു തരം ബോട്ടിംഗ് ഉള്ളത് ഹൗസ് ബോട്ട് വൈകീട്ട് യാത്ര തുടങ്ങി ഏഴു മണിക്ക് കായലിൽ എവിടെ എങ്കിലും അടുപ്പിച്ച് രാത്രി ചിലവഴിക്കുക എന്നതാണ്. അതിന് പോയിട്ടില്ല.

ഫിംല (ഭാര്യയ്ക്ക് ) ബോട്ടിംഗ് നടത്തി പരിചയം ഇല്ല. ചെറിയ പേടിയും ഉണ്ട്. അത് മാറ്റാൻ കൂടിയാണ് ഈ ഒരു സാമ്പിൾ ട്രിപ്പ് . ഇവിടെ നല്ല രസകരമാണ് കാഴ്ചകൾ. കായൽ അങ്ങനെ ശാഖകളായി പിരിഞ്ഞ് പോകുന്നു. നല്ല പച്ചപ്പ് – പാടങ്ങൾ – വീടുകൾ – തോടുകൾ – പലതരം കടകൾ, ഇവയൊക്കെ ഉണ്ട്. കായലിൽ ഒരായിരം അല്ല അതിലേറെ ബോട്ടുകൾ ഒഴുകി നടക്കുന്നു. റോഡിലെ വാഹനങ്ങളേക്കാൾ തിരക്കുണ്ട്. ഹൗസ് ബോട്ടുകൾ തന്നെ പലതരം , ഫെറി ബോട്ടുകൾ , സ്പീഡ് ബോട്ടുകൾ , ചെറിയ ഷിക്കാരകൾ ( എഞ്ചിൻ വച്ചത് ) , വഞ്ചികൾ എല്ലാമുണ്ട്. പല തരം യാത്രക്കാർ. കമിതാക്കൾ , വടക്കേ ഇന്ത്യൻ ഗ്രൂപ്പുകൾ, വിദേശികൾ , മൂന്നോ നാലോ പേർ മാത്രമുള്ള പ്രിവിലേജ് ട്രിപ്പുകൾ എന്നിങ്ങനെ പലതരം യാത്രക്കാർ.

ഭാഗ്യദേവത , ആമേൻ , അഴകിയ രാവണൻ തുടങ്ങിയ സിനിമകൾ ഓർമ്മ വന്നു. ഞങ്ങളുടെ ചെറുപ്പകാലത്ത് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും ചിറ്റൂർ , മുളവുകാട് , മൂലംപള്ളി വഴി വരാപ്പുഴ ചെട്ടി ഭാഗത്തേക്ക് രണ്ട് മണിക്കൂർ നീളുന്ന ബോട്ട് യാത്ര നടത്തുമായിരുന്നു. ആ വൈപ്പിൻ ദ്വീപസമൂഹങ്ങൾ എല്ലാം ഇപ്പോൾ പാലങ്ങളാൽ യോജിപ്പിക്കപ്പെട്ടു.

ഓരോന്ന് കണ്ട് ഇരുന്നപ്പോൾ മുക്കാൽ മണിക്കൂർ പോയി. മംഗലശ്ശേരി എത്തി. ഞങ്ങൾ ഇറങ്ങി. കുറച്ചു നേരം അവിടെ കറങ്ങി നടന്നു. പാടത്തെ നെല്ല് വിരിഞ്ഞതിൻ്റെ മണം ആസ്വദിച്ച് ചെറിയ കടകൾ ഒക്കെ കണ്ട് കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഒരു റെസ്റ്റോറൻ്റ് കണ്ടു. നല്ല വിശപ്പ്. അവിടെ കയറി. പെൺകുട്ടികളുടെ ഒരു യാത്രാ സംഘം നേരത്തേ തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കുറച്ച് വൈകിയാണെങ്കിലും ഞങ്ങൾക്കും ചോറ് കിട്ടി. ചോറ് , കറികൾ , സാമ്പാർ , മീൻ കറി , മോര് , പപ്പടം , കരിമീൻ ഫ്രൈ , താറാവുകറി ഒക്കെ കൂട്ടി നല്ലൊരുണ് തട്ടി വിട്ടു. തിരിച്ചു പോരുമ്പോൾ റിട്ടേൺ ബോട്ട് വരുന്നു. ഞങ്ങൾ ഓടി. നല്ലവരായ ലാസ്ക്കർമാർ ബോട്ട് ജെട്ടിയിൽ പിടിച്ചുകെട്ടി ഒരു നിമിഷം വെയിറ്റ് ചെയ്തു. റിട്ടേൺ ചാർജ് രണ്ടാൾക്ക് 18 രൂപ. ആകെ അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒന്നേകാൽ മണിക്കൂർ – രണ്ടാൾക്ക് 40 രൂപ.

തിരിച്ച് ആലപ്പുഴയെത്തി കാറെടുത്ത് തൃപ്പൂണിത്തുറയിലേക്ക്. Wife ഹാപ്പി – ഞാൻ ഹാപ്പി. ഇത് ഒരു സാമ്പിൾ യാത്ര മാത്രം. ഉടനെ തന്നെ ഞങ്ങൾ ഫാമിലിയായി ഒരു 10-14 പേരുടെ ആലപ്പുഴ ഹൗസ് ബോട്ട് trip നടത്തും. അത് കഴിഞ്ഞ് ഒന്ന് ആലപ്പുഴ – കോട്ടയം – കൊല്ലം ബോട്ട് യാത്രയും നടത്തണം

ബിജു അഗസ്റ്റിൻ

Share News