ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിനൊപ്പം, മനുഷ്യനെ കടുവ ഭക്ഷണമാക്കുന്നതിന്റെ രാഷ്ട്രീയംകൂടി ഇന്നു നമ്മുടെ ചാനലുകൾ ചർച്ചചെയ്യുമായിരിക്കും!

Share News

കലോത്സവ ചർച്ചകൾ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിനു വഴിമാറിയത് എന്തിന്?

സംസ്ഥാന സ്കൂൾ കലോത്സവം ഭംഗിയായി കഴിഞ്ഞു. ഈ വർഷം കുട്ടികൾ അവതരിപ്പിച്ച മികച്ച പരിപാടികളും പ്രതീക്ഷ ഉയർത്തുന്ന യുവ പ്രതിഭകളും ഒന്നും തുടർ ചർച്ചകളിൽ കാണാനേ ഉണ്ടായില്ല. പകരം, നോൺ വെജിറ്റേറിയൻ ഭക്ഷണം ഇല്ലാതെപോയതിന്റെ രാഷ്ട്രീയ കാരണങ്ങൾ, വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ജാതിപരമായ ആൽഗോരിതം മുതലായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും, അതുവഴി, ഭക്ഷ്യ വിഷബാധമൂലം സംസ്ഥാനത്തുണ്ടായ മരണങ്ങളും, ആരോഗ്യവകുപ്പിനും സർക്കാരിനും നേരേ ഉയർന്നുവന്ന ജനരോഷവും, മുക്കിക്കളയുകയും സർക്കാർ പതിവുപോലെ മുഖംമറച്ചു രക്ഷപ്പെടുകയും ചെയ്തു! അതുവഴി, ആരുടെയെങ്കിലും പത്തു വോട്ടു തരപ്പെടുത്താൻ പറ്റിയോ എന്ന ചർച്ചയാണ്, ‘ഭക്ഷണത്തിന്റെ രാഷ്ട്രീയം’!

ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നൊരു നാടക സംഘം സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്നും, അടുത്ത ഭക്ഷ്യ വിഷബാധ മരണത്തിനുശേഷവും അവർ പ്രത്യക്ഷപ്പെട്ടു ചില ഹോട്ടലുകളിൽനിന്നും പഴകിയതും പുഴു നുരയ്ക്കുന്നതുമായ ഭക്ഷ്യ വിഭവങ്ങൾ വാരി വലിച്ചു പുറത്തിടുമെന്നും, രണ്ടു മൂന്നു ദിവസത്തേക്ക് ചില ഹോട്ടലുകൾ അടപ്പിക്കുമെന്നും, പിന്നെ അവർ അപ്രത്യക്ഷരാകുമെന്നും ജനങ്ങൾക്കറിയാം.

മത്സ്യ മാംസാദി വിഭവങ്ങൾ ലഭ്യമാക്കുന്ന ഹോട്ടലുകൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളും പുലർത്തേണ്ട ശുചിത്വ മാനദന്ഡങ്ങളും ആരുടേയും വിഷയമല്ലാത്തതിനാൽ, വ്യക്തിപരമായ മുൻകരുതലുകൾ ജനങ്ങൾ സ്വയം സ്വീകരിച്ചു ജീവനും ആരോഗ്യവും സംരക്ഷിച്ചുകൊള്ളണമെന്നുള്ള അവസ്ഥ മുൻപെന്നതുപോലെ ഇനിയും തുടരും!

ഒപ്പം, ഭക്ഷണം കഴിച്ചു മനഃപൂർവം ജീവനെടുത്തതിന്റെ പേരിൽ മരിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ വകുപ്പുണ്ടോ എന്നതിൽ നിയമോപദേശം തേടാനും വേണ്ടപ്പെട്ടവർ നടപടി സ്വീകരിച്ചേക്കും!

ഭക്ഷ്യ വിഷബാധയെന്നാൽ, വിഷാംശമുള്ള ഭക്ഷണം എവിടെനിന്നു വന്നു എന്നല്ല, മരിച്ചയാൾ എന്തിനു വിഷം കഴിച്ചു എന്നതാണ് അന്വേഷിക്കേണ്ടത് എന്നാണ് സംസ്ഥാന കുറ്റാന്വേഷണ വിദഗ്ധരുടെ നിലപാട്, എന്നാണ് മാധ്യമ ചർച്ചകളിൽനിന്നു മനസ്സിലാകുന്നത്.

കാട്ടു മൃഗങ്ങൾ വീടുകളിൽ കയറി മനുഷ്യരെ ഭക്ഷണമാക്കുന്നതിൽ തെല്ലും അങ്കലാപ്പു തോന്നാത്ത ഭരണാധികാരികളുള്ള നമ്മുടെ നാട്ടിൽ, ഭക്ഷ്യ സുരക്ഷയോ വന്യ മൃഗങ്ങളിൽനിന്നുള്ള മനുഷ്യ ജീവന്റെ സുരക്ഷയോ ആർക്കാണ് പ്രശ്നം?

വീട്ടിൽ ഉറങ്ങികിടക്കുന്നവരെവരെ കടുവ തിന്നിട്ടുപോകുന്ന കാലം അതിവിദൂരമല്ല! മനുഷ്യ ജീവികളോടു കാട്ടിലെ രാജാവിനു കുറച്ചു മനസ്സാക്ഷിയുണ്ടാവട്ടെ! ഏതായാലും നാട്ടിലെ രാജാക്കന്മാർ കണ്ണു തുറക്കുന്ന ലക്ഷണം ഒട്ടുംതന്നെ കാണുന്നില്ല!

പിൻ കുറിപ്പ്: ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിനൊപ്പം, മനുഷ്യനെ കടുവ ഭക്ഷണമാക്കുന്നതിന്റെ രാഷ്ട്രീയംകൂടി ഇന്നു നമ്മുടെ ചാനലുകൾ ചർച്ചചെയ്യുമായിരിക്കും!

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News