തട്ടിപ്പുകളുടെയും കൈക്കുലിയുടെയുമൊക്കെ ആര്‍ത്തിപൂണ്ട കഥകളുടെ ഇടയ്ക്കു ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. അതുപക്ഷേ ആരും അത്ര ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.

Share News

വാര്‍ത്താവീക്ഷണം

അത്യാര്‍ത്തിയും ആശ്വാസദൂതും

അഴിമതിയുടെയും അതിക്രമങ്ങളുടെയും തട്ടിപ്പുകളുടെയും അവിശ്വസനീയമായ പല സംഭവങ്ങളും നമുക്കു ചുറ്റും അരങ്ങേറുന്നു. എന്തിനാണ് മനഷ്യര്‍ ഇങ്ങനെയൊക്കെ സമ്പാദിക്കുന്നതെന്നും മറ്റുള്ളവരെ കബളിപ്പിക്കുന്നതെന്നും ആരും ചോദിച്ചുപോകും. കൊടും കുറ്റവാളികള്‍ മാത്രമല്ല, പുറമേ ആദര്‍ശവും അഴിമതിരാഹിത്യവുമൊക്കെ വിളിച്ചുകൂവുന്നവരും ഇത്തരം കുറ്റകൃത്യങ്ങളില്‍ നായക കഥാപാത്രങ്ങളാകാറുണ്ട്.

പാചകവാതക വിതരണ ഏജന്‍സി ഉടമയില്‍നിന്നു രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സെയില്‍സ് ഡെ്പ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിനെ വിജിലന്‍സ് കഴി്ഞ്ഞദിവസം അറസറ്റു ചെയ്തിരുന്നു. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഈ ഉദ്യോഗസ്ഥനെക്കുറിച്ച് ഇയാളൊടൊപ്പം തിരുവനന്തപുരത്തെ പ്രശസ്തമായ കലാലയത്തില്‍ അക്കാലത്തു പഠിച്ചിരുന്ന ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ്ിലെ വിവരങ്ങള്‍ വൈറലായിരുന്നു. കലാലയ രാഷ്ട്രീയം കലശലായിരുന്ന കോളജില്‍ അക്കാലത്ത് സ്വതന്ത്ര വിദ്യാര്‍ഥി സംഘടന ഉണ്ടാക്കി അതിന്റെ പേരില്‍ കോളജ് യൂണിയന്‍ ചെയര്‍മാനായ ആളാണ് ഈ കോഴക്കാരന്‍.

വലിയ ശമ്പളം പറ്റുന്ന ഈ ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങിക്കേണ്ട ആവശ്യവുമില്ല. എ്ന്നിട്ടും പണം കാണുമ്പോള്‍ കണ്ണു മഞ്ഞളിക്കുന്നു. ഇത്തരം നിരവധി ഉദ്യോഗസ്ഥരെ സമീപനാളുകളിലും നാം കണ്ടു. എറണാകുളം ആര്‍ടിഒ കൈക്കൂലിക്കേസില്‍ പെട്ട് അറസ്റ്റിലായിട്ട് അധിക ദിവസം ആയിട്ടില്ല. ്അയാളുടെ വീട്ടില്‍നിന്നും വലിയ തുകയും വിലയേറിയ മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു.

ഇതൊക്കെ വെറും കൗതുകവാര്‍ത്തകളായി അവസാനിക്കുന്നു. ത്ട്ടിപ്പു കഥകള്‍ തുടരുകയാണ്. ഇതില്‍ മലയാളി സാന്നിധ്യം വിപുലമാണ്. നാട്ടില്‍ മാത്രമല്ല, മറുനാട്ടിലും വിദേശത്തുമൊക്കെ അതു തകൃതിയായി നടക്കുന്നു. വിദേശ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരു രാമമൂര്‍ത്തി നഗറില്‍ മലയാളികള്‍ നടത്തുന്ന ഒരു സ്ഥാപനത്തിനെതിരേ നൂറു കണക്കിനാളുകളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കേരളത്തിലെ ജോലി സാധ്യതകളുടെയും ജീവിത സാഹചര്യങ്ങളുടെയും ശോചനീയവസ്ഥയാണ് ഇതുപോലുള്ള വിദേശ ജോലി തട്ടിപ്പിനു വളമേകുന്നതെന്ന കാര്യവും വിസ്മരിക്കരുത്.

മലയാളികളുടെ തട്ടിപ്പുകഥകള്‍ പെരുകുമ്പോഴും വിദേശികള്‍ ഇവിടെയെത്തി നടത്തുന്ന തട്ടിപ്പുകളും ലഹരിക്കച്ചവടവും വാര്‍ത്തകളില്‍ നിറയുന്നു. വര്‍ക്കലയില്‍ ഹോം സ്‌റ്റേ നടത്തിയും മറ്റും കോടികളുടെ ഇടപാടു നടത്തിപ്പോന്ന ലിത്വാനിയക്കാരന്‍ അലക്‌സേജ് ബെസിക്കോവ് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായിരുന്നു. കേരള പോലീസ് ഡല്‍ഹിയില്‍ എത്തിച്ച ഇയാളെ പാട്യാല കോടതി റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് അയച്ചു. ഭാര്യയെയം മകനെയും ഇയാള്‍ പിടിയിലാകും മുമ്പ് റഷ്യയിലേക്കു അയച്ചിരുന്നു.

തട്ടിപ്പുകളുടെയും കൈക്കുലിയുടെയുമൊക്കെ ആര്‍ത്തിപൂണ്ട കഥകളുടെ ഇടയ്ക്കു ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. അതുപക്ഷേ ആരും അത്ര ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. അല്ലെങ്കില്‍തന്നെ നല്ല കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ആളുകള്‍ക്ക് അത്ര താത്പര്യമൊന്നുമില്ല. എ്ന്നു മാത്രമല്ല, അതിലും ചില പിഴവുകള്‍ കണ്ടെത്താനാവും ശ്രമം.

മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടന്‍ തന്റെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടു നടത്തിയ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായിരുന്നു. നിയമസഭാംഗം എന്ന നിലയില്‍ തനിക്കു കിട്ടിയിരുന്ന ശമ്പളം സ്വരൂപിച്ച് അദ്ദേഹം തുടങ്ങിയ ‘സ്പര്‍ശം’ ്എന്ന സന്നദ്ധ സേവന സംഘടനയിലൂടെ ചില മാതൃകാ പദ്ധതികളാണ് കുഴന്‍നാടന്‍ എംഎല്‍എ വിഭാവനം ചെയ്യുന്നത്. ‘വരുമാനത്തിനു തൊഴില്‍, രാഷ്ട്രീയം സേവനം’ എന്ന ആശയമാണ് ഇതിലൂടെ അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. പ്രമുഖ അഭിഭാഷന്‍ കൂടിയായ മാത്യു കുഴന്‍നാടന്‍, എംഎല്‍എ ആയതു മുതല്‍ കിട്ടിക്കൊണ്ടിരുന്ന ശമ്പളം അക്കൗണ്ടില്‍തന്നെ ഇട്ടിരുന്നു. അതിപ്പോള്‍ 25 ലക്ഷം രൂപയോളമായി. അതാണ് ആദ്യഘട്ടമെന്ന നിലയില്‍ സ്പര്‍ശത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. രണ്ടു പദ്ധതികളാണ് ആദ്യം ആലോചിക്കുന്നത്.ആദ്യത്തേത് തന്റെ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ഡയാലിസിസ് രോഗികള്‍ക്കും ഒരു വര്‍ഷം പ്രതിമാസം ഒരു കൂപ്പണ്‍ ന്ല്‍കുക എന്നതാണ്. രണ്ടാമത്തേത് സ്പര്‍ശത്തിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ കിടപ്പു രോഗികളെ സന്ദര്‍ശിച്ച് അവരുടെ ക്ഷേമാന്വേഷണം നടത്തുന്ന പദ്ധതിയാണ്.

ഇതുപോലുള്ള ആശയങ്ങളും പദ്ധതികളും സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അതിനെ അപഹസിക്കാനും ഇകഴ്ത്തിക്കാട്ടാനും പലരും ഉണ്ടാകും. മാത്യു കുഴല്‍നാടനെപ്പോലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ പോരാടുന്ന ഒരു പൊതുപ്രവര്‍ത്തകന് ശത്രുക്കള്‍ ഏറെയുണ്ടാകുമല്ലോ. അതു പുറത്തുനിന്നു മാത്രമല്ല, അകത്തുനിന്നും ഉണ്ടാകും. ഏതായാലും പൊതുസമൂഹത്തില്‍ ചില നല്ല മാറ്റങ്ങള്‍ക്ക് ഇത്തരം ആളുകളും ആശയങ്ങളും മാറ്റു കൂട്ടും. ആവശ്യത്തിനു വരുമാനം ഉണ്ടായിട്ടും ആക്രാന്തം കാട്ടുന്നവര്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് അധ്വാനിച്ചു ജീവിക്കാനും അന്യരുടെ ആവശ്യങ്ങള്‍ അറിഞ്ഞു സഹായിക്കാനും ആരെങ്കിലുമൊക്കെ മുന്നോട്ടുവരുമ്പോള്‍ അവരെ നമുക്കു സഹര്‍ഷം സ്വാഗതം ചെയ്യാം.

നന്ദി, നമസ്‌കാരം.

സെര്‍ജി ആന്റണി

Share News