
ഗള്‍ഫില്‍ ഒരു അറബ് ഗ്രീഷ്മം വരവായോ?|എം പി ജോസഫ് .ഐ എ എസ് (റിട്ട)
എം പി ജോസഫ് .ഐ എ എസ് (റിട്ട)
ഖത്തറും സൗദി അറേബ്യ, യു.എ.ഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന ശീതയുദ്ധം ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ചയോടെ ഒഴിവായത് ഇന്ത്യയ്ക്ക് പൊതുവെയും കേരളത്തിനു വിശേഷിച്ചും വലിയ സമാശ്വാസത്തിന്റെ വാര്‍ത്തയായി.

ജി.സി.സി എന്ന് അറിയപ്പെടുന്ന ഗള്‍ഫ് സഹകരണ രാഷ്ട്രങ്ങളുടെ സമ്മേളനത്തിന് ഒരു ഖത്തര്‍ ഐര്‍വേസ് വിമാനത്തില്‍ സൗദിയില്‍ വന്ന ഖത്തര്‍ എമിര്‍ തമിം ബിന്‍ ഹമദും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വിമാനത്താവളത്തില്‍ വെച്ച് ലോകത്തിന്റെ മുന്‍പ് ആലിംഗനം ചെയ്തപ്പോള്‍ വിളക്കിച്ചേര്‍ക്കപ്പെട്ടത് ടുണീഷ്യന്‍ കുഴപ്പങ്ങളുടെകാലത്ത് കലങ്ങിത്തുടങ്ങിയതും 2017 ല്‍ വിച്ഛേദിക്കപ്പെട്ടതുമായ ബന്ധമാണ്.
2017ല്‍ ഖത്തര്‍ ഐര്‍വേസ് ഉള്‍പ്പെടെ ഖത്തറിലേക്കുള്ള എല്ലാ വിമാനസര്‍വീസുകള്‍ സൗദി അറേബ്യയും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സും മറ്റും നിറുത്തിവെച്ചു ഖറിനെതിരെ ഒരു ആകാശ ഉപരോധം സ്ഥാപിച്ചു. മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ട, ഒരു ഭാഗം സൗദി അറബ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഖത്തറെന്ന ചെറുരാജ്യത്തിന് വലിയ വെല്ലുവിളി ഇ ഉപരോധം ഉയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ സൗദി രാജകുമാരനും ഖത്തര്‍ എമിറും തമ്മിലുള്ള ആലിംഗനം പോലെ പ്രാധാന്യം അര്‍ഹിക്കുന്നഒന്നാണ് ഒരു ഖത്തര്‍ ഐര്‍വേസ് വിമാനം സൗദിയില്‍ വന്നിറകുക എന്നത്.
അതിനിടെ ഒമാന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെ ഖത്തര്‍ സൗദിയുടെ പാല്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപരോധിച്ചത് വ്യാപാരരംഗത്തുള്ള ഇന്ത്യന്‍ വ്യാപാരികളെയടക്കം ബാധിക്കുകയുണ്ടായി.
വലിപ്പം കുറവാണെങ്കിലും വലിയ എണ്ണസമ്പത്തുള്ള ഖത്തര്‍ കടുംപിടിത്തത്തിലായിരുന്നു. എന്നാല്‍ എണ്ണയുടെ വിലക്കുറവും കോവിഡ് പ്രതിസന്ധിയും അവരെ പ്രതിസന്ധിയിലാക്കി. അടുത്തുതന്നെ വരാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരവും അതുമായി ബന്ധപ്പെട്ട വമ്പിച്ച ടൂറിസം സാധ്യതയും ഖത്തറിനെ നിലപാട് മയപ്പെടുത്തുന്നതിലേക്ക് നയിച്ചിരിക്കണം. താന്‍ ഭരണമൊഴിയുന്നതിനു മുന്‍പ് പ്രശ്‌നം പരിഹരിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പ്പര്യം പ്രശ്‌നപരിഹാരത്തിന് വേഗതയേറ്റി. കുവൈറ്റി എമീറും സജീവമായി പ്രശ്‌നപരിഹാരത്തിന് രംഗത്തുണ്ടായിരുന്നു.
ഒരു ദശാബ്ദം മുന്‍പ് ടുണീഷ്യയില്‍ ആരംഭിച്ച് ഈജിപ്ത്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്കു വ്യാപിച്ച ‘അറബ് വസന്തം’ എന്ന കലാപത്തെ ഖത്തര്‍ പിന്തുണച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഖത്തറില്‍ ആരംഭിച്ച അല്‍-ജസീറ എന്ന ഇംഗ്ലീഷ് രാജ്യാന്തര വാര്‍ത്താ ചാനല്‍ ഈ നീക്കങ്ങള്‍ക്ക് വലിയ പ്രചാരം കൊടുത്തു. കൂടാതെ, എ.എസ്.ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളെ ഖത്തര്‍ പിന്തുണച്ചിരുന്നുതാനും.
ഇതെല്ലാം തങ്ങള്‍ക്കെതിരായ പരോക്ഷനീക്കമായാണ് സൗദി അറേബ്യ വിലയിരുത്തിയത്. ഖത്തര്‍ തന്റെ അധികാരത്തെ വെല്ലുവിളിക്കുന്നതായി സൗദി ഭരണാധികാരി സംശയിച്ചു. ഖത്തറിന്റെ പിന്തുണയോടെ അറബ് വസന്തം തന്റെ രാജ്യത്ത് എത്തുമെന്ന് ബഹറിന്‍ ഭരണാധികാരിയും ഭയന്നു. ഉരുക്കു മുഷ്ടിയാല്‍ ഈ നീക്കങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. തങ്ങള്‍ക്കെതിരെ തീവ്രവാദി സംഘടനകളെ ഖത്തര്‍ പിന്തുണയ്ക്കുന്നതായി ഇവരെല്ലാം സംശയിച്ചു. ഇതാണ് ഉപരോധത്തില്‍ കലാശിച്ചത്.
ഈ സംഭവം ഗള്‍ഫ് മേഖലയെ മൂന്നായി വിഭജിച്ചു. ഇറാന്റെ ഷിയാ സഖ്യമായിരുന്നു മൂന്നാം ഗ്രൂപ്പ്. ഗള്‍ഫുമായി അഭേദ്യമായ ബന്ധമുള്ള ഇന്ത്യയെ, വിശിഷ്യ കേരളത്തെ പലവിധത്തിലും ബാധിക്കുന്നതായിരുന്നു ഈ പ്രശ്‌നം. ഖത്തര്‍ സൗദിയുടെ പാല്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപരോധിച്ചത് കിംജി രാംദാസ് പോലുള്ള വന്‍കിട ഇന്ത്യന്‍ വ്യാപാരികളെയും അവിടങ്ങളിലെ ആയിരക്കണക്കിന് മലയാളി ജീവനക്കാരെയും മോശമായി ബാധിച്ചിരുന്നു. അവര്‍ക്കെല്ലാം സമാശ്വാസമേകുന്നതാണ് ഇന്നലെ നടന്ന ആലിംഗനം.
ഈ കാഴ്ച ലക്ഷക്കണക്കിന് മലയാളികളില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുയര്‍ത്തി. ഗള്‍ഫ് ശീതയുദ്ധം അവസാനിച്ചത് ഗള്‍ഫിലും കേരളത്തിലും മലയാളികളുടെ ബിസിനസ്, തൊഴില്‍ സാധ്യതകള്‍ ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. ഇങ്ങനെ പുതുവര്‍ഷത്തില്‍ ലോകം കൂടുതല്‍ സമാധാനവും സമ്പത്തുമുള്ള ഇടമായി മാറുമെന്ന് പ്രത്യാശിക്കാം.
(ലേഖകന്‍ ഐക്യരാഷ്ട്ര സഭയുടെ തൊഴില്‍ സംഘടനയിലെ മുന്‍ ഉദ്യോഗസ്ഥനും, മുന്‍ എറണാകുളം ജില്ലാ കളക്ടര്‍, ഒഡേപക് എം ഡി, ലേബര്‍ കമ്മീഷണറുമാണ്)
.കടപ്പാട്
