നിലവിൽ നിയമന അംഗീകാരം ലഭിക്കാത്ത നിയമപ്രകാരം അർഹമായ തസ്തികകളിൽ മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുന്നതാണ്.

Share News

നീണ്ടനാളത്തെ ഒരു തർക്കപ്രശ്നത്തിനു വിരാമമായി. ക്രിസ്ത്യൻ കോർപ്പറേറ്റ് മാനേജ്മെന്റുകൾക്കു കീഴിലുള്ള മൂവായിരത്തിൽപ്പരം അധ്യാപകർക്ക് നിയമനം ലഭിച്ച് വർഷം അഞ്ചിലേറെയായിട്ടും ശമ്പളമില്ല. കാരണം അവരുടെ നിയമനം സർക്കാർ അംഗീകരിച്ചിട്ടില്ല.

പ്രൊട്ടക്റ്റഡ് ടീച്ചേഴ്സിനെ വരുന്ന ഒഴിവുകളിൽ ഉൾക്കൊള്ളിക്കുന്നതിനുവേണ്ടി സർക്കാർ വ്യക്തമായ ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. ആദ്യത്തെ നിയമനം പ്രൊട്ടക്റ്റഡ് ടീച്ചറിന്റേതായിരിക്കും. തുടർന്നുള്ള നിയമനങ്ങൾ 1:1 തോതിൽ പ്രൊട്ടക്റ്റഡ് ടീച്ചേഴ്സിനെ നിയമിക്കണം. തങ്ങൾ നിയമിച്ച ടീച്ചേഴ്സ് പ്രൊട്ടക്റ്റഡ് ആയിട്ടുണ്ടെങ്കിൽ അവരെയല്ലാതെ മറ്റുള്ളവരെ നിയമിക്കാൻപറ്റില്ലെന്ന് ഈ മാനേജ്മെന്റുകൾ. അവർ എല്ലാ ഒഴിവുകളും സ്വന്തമായി നിയമിച്ചു. പക്ഷെ, നിയമനങ്ങൾക്ക് സർക്കാർ അംഗീകാരവും നൽകിയില്ല. എന്നാൽ മറ്റുപല മാനേജ്മെന്റുകളും സർക്കാർ പറയുന്നത് അംഗീകരിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണെങ്കിലും നിയമിച്ചവരെ ഇത്രയും നാൾ കഴിഞ്ഞ് സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടാനും കഴിയില്ലല്ലോ. അതുകൊണ്ട് പ്രായോഗികമായ പരിഹാരം കാണുകയല്ലാതെ മറ്റു പോംവഴിയില്ല.

ഇന്ന് ഇതു സംബന്ധിച്ച് ധനകാര്യ മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ കർദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ, ബിഷപ്പ് ജോഷ്വോ മാർ ഇഗ്നാത്തിയോസ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, അഡീഷണൽ ഡിപിഐ സന്തോഷ് എന്നിവരും പങ്കെടുത്തു

ഇതുസംബന്ധിച്ച് എടുത്ത തീരുമാനം ഇതാണ്.

“നിലവിലുള്ള സംരക്ഷിത അധ്യാപകരെ പൂർണ്ണമായും മാനേജ്മെന്റ് ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്ന ഉറപ്പിൻമേൽ നിലവിൽ നിയമന അംഗീകാരം ലഭിക്കാത്ത നിയമപ്രകാരം അർഹമായ തസ്തികകളിൽ മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുന്നതാണ്. (ഭാവിയിൽ) 1:1 പ്രകാരം നിയമനം നടത്തുന്ന വിഷയം നിലവിൽ കോടതികളിൽ നിലനിൽക്കുന്ന കേസുകളിലെ അന്തിമവിധി പാലിച്ചുകൊണ്ടായിരിക്കും നടപ്പാക്കുക”.

വിശദമായ ഉത്തരവ് എത്രയും പെട്ടെന്ന് പുറപ്പെടുവിക്കുന്നതാണ്.

Dr.T.M Thomas Isaac

Minister for Finance & Coir (2016- Present)

Share News