
- 'നീതി'
- അപലപനീയം
- കരുത്തുള്ളവരാകണം
- ജാഗ്രത പാലിക്കണം
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- പ്രവാസി
- ഫേസ്ബുക്കിൽ
- വാർത്തകൾക്കപ്പുറം
- വിവേകം
- വീക്ഷണം
കിണർ കുഴിച്ചപ്പോൾ ഒരു കുടംകിട്ടി. കുടം നിറയെ സ്വർണം. പകുതി വിലയ്ക്ക് തരാം വേണോ?
“ഗുജറാത്തുകാരായ മൂന്നു ചെറുപ്പക്കാർ തൃശ്ശൂർ ജില്ലയിലെ ഒരു ചെറുകിട സ്വർണ്ണ വ്യാപാരിയെ സമീപിക്കുന്നു. അവർ കാര്യങ്ങൾ വിശദീകരിച്ചുതുടങ്ങി. കിണർ കുഴിച്ചപ്പോൾ ഒരു ഉടൻ കിട്ടി കുടം നിറയെ സ്വർണം. അത് പകുതി വിലക്ക് നൽകാൻ തയ്യാറാണ്! വ്യാപാരി ആലോചിച്ചപ്പോൾ സംഗതി കൊള്ളാം!
രാവിലെതന്നെ ഭാഗ്യം വന്നു കയറിയ വഴിയോർത്തു സർവ്വദൈവങ്ങളെയും മനസ്സിൽ സ്തുതിച്ചു. സംഘം നൽകിയ സ്വർണത്തിൽ നിന്ന് അൽപമെടുത്ത് ഉരച്ചു നോക്കി. ഒറിജിനൽ തന്നെ! ഉടനെ ഇടപാട് ഉറപ്പിച്ചു
സാംസ്കാരിക നഗരത്തിൽ കച്ചവടം പച്ചപിടിക്കും എന്ന് മനസ്സിലാക്കിയ സംഘം മറ്റു ചില വ്യാപാരികളെയും സമീപിച്ചു. ലോഡ്ജിൽ മുറിയെടുത്ത് ദിവസങ്ങളോളം തമ്പടിച്ചായിരുന്നു പ്രവർത്തനം. ഉരച്ചു നോക്കാൻ കൊടുക്കുന്നത് യഥാർത്ഥ സ്വർണം തന്നെയായിരുന്നു. നിധി എന്നുപറഞ്ഞ് ഇടപാടുകാരന് കൈമാറുന്നത് മുക്കുപണ്ടം. പകുതി വിലക്ക് സ്വർണ്ണം കിട്ടും എന്ന് കേട്ട് ലക്ഷങ്ങൾ മുൻകൂർ നൽകി ഇടപാട് ഉറപ്പിച്ചവരുമുണ്ട്.
കിട്ടിയ തുകയുമായി സ്വദേശത്തേക്ക് കടക്കാൻ ഒരുങ്ങുന്നതിനിടെ ഷാഡോ പോലീസ് സ്വർണ വ്യാപാരികളെ പൊക്കി. കെണിയിൽ പെടുത്താൻ ശ്രമിച്ച ഒരു വ്യാപാരിക്ക് ചെറിയ ഒരു സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
കിലോക്കണക്കിന് മുക്കുപണ്ടങ്ങളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മറ്റു പല ജില്ലകളിലും സമാന തട്ടിപ്പുകൾ നടത്തിയതായി അറിയുന്നത്. ലാഭം കിട്ടും എന്ന് കേട്ടപ്പോൾ കിണർ കുഴിച്ചാൽ സ്വർണം ഉണ്ടാകുമോ എന്നൊന്നും ചിന്തിക്കാൻ ആരും മെനക്കെട്ടില്ല എന്നതാണ് സത്യം.
കിളച്ചു കൊണ്ടിരിക്കുമ്പോൾ സ്വർണം കിട്ടിയെന്നും അത് എന്തുചെയ്യണമെന്നറിയാതെ നില്ക്കുമ്പോൾ നിങ്ങളെ വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റുമെന്ന് പറഞ്ഞ് ഞങ്ങളുടെ നാട്ടിൽ ജോലിക്ക് വന്ന കേരളവാലയാണ് നമ്പർ നൽകിയതെന്നും പറഞ്ഞു തുടങ്ങുന്ന ‘രാജസ്ഥാനിലെ രാജു’വിൻ്റെ ഫോൺവിളി ആയിരക്കണക്കിന് ആളുകളിലേക്കാണ് എത്തിയിട്ടുള്ളത്.
ആരാണ് ആ കേരളവാല എന്ന് അന്വേഷിക്കാതെ രാജുവിൻ്റെ നിർദ്ദേശാനുസരണം പണം അയച്ചുകൊടുത്തവരും നിരവധി!
ബുദ്ധിയിലും അറിവിലും ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും മുന്നിലാണ് മലയാളി. പുത്തൻ സാങ്കേതികവിദ്യയും ഏത് ഭാഷയും എളുപ്പം വഴങ്ങും. ലോകത്തിൻ്റെ ഏതു മൂലയിലും കേരളത്തിൻ്റെ അടയാളവും അഭിമാനവുമായി അവർ ഉണ്ടാകും. ജീവകാരുണ്യ സംരംഭങ്ങളെ കയ്യയച്ച് സഹായിക്കാനും മുന്നിൽ. പക്ഷേ തട്ടിപ്പിന് ഇരയാകുന്നതിന് ഇത്രമാത്രം പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു സമൂഹമുണ്ടോ എന്ന് സംശയമാണ്.
സിനിമാ തിരക്കഥകളെ വെല്ലും വിധം കേരളത്തിനകത്തും പുറത്തുമുള്ള തട്ടിപ്പുകാർ ഒരുക്കിയ ചതിക്കുഴികളിൽ ഡിജിറ്റൽ യുഗത്തിലെ ആഗോള മലയാളി എത്രമാത്രം കുരുങ്ങി പോയിട്ടുണ്ട് എന്നതിന് സമീപകാലത്തെ നൂറു നൂറുസംഭവങ്ങൾ ദൃഷ്ടാന്തമാണ്.
ധനാകർഷണയന്ത്രങ്ങൾ
നിക്ഷേപം
മണിച്ചെയിൻ
നിധി
മൾട്ടിലെവൽ മാർക്കറ്റിംഗ്
വെള്ളിമൂങ്ങ
ഇരുതലമൂരി
നാഗമാണിക്യം
റൈസ്പുള്ളർ ഓൺലൈനിൽ മറിമായങ്ങൾ എന്തു തരികിടയും ബുദ്ധിമാനായ മലയാളിയുടെ പക്കൽ ചിലവാകും!
ധർമ്മം ചോദിച്ച് എത്തുന്നവർക്ക് പത്തുപൈസ കൊടുക്കാത്തവർ പോലും വിയർപ്പൊഴുക്കാതെ സമ്പത്ത് വന്നുചേരും എന്ന് കേട്ടാൽ, നിക്ഷേപം ഇരന്ന് എത്തുന്നവൻ മുൻപിൽ കിടപ്പാടം പണയപ്പെടുത്തിയും കോടികൾ എറിയും
കണ്ണടച്ച് തുറക്കുമ്പോൾ കൈവരുന്ന ഐശ്വര്യത്തെക്കുറിച്ചും, ഇരട്ടിക്കുന്ന പണത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കു മുമ്പിൽ ശാസ്ത്രബോധവും യുക്തിചിന്തയും സാമാന്യബോധവും എല്ലാമെല്ലാം പമ്പ കടക്കും. അങ്ങനെയാണ് സാക്ഷരകേരളം തട്ടിപ്പുകാരുടെ സ്വർഗ്ഗമായി മാറുന്നത്.
ഓരോ കാലത്തും വിവിധരൂപങ്ങളിൽ വ്യത്യസ്ത മാർഗങ്ങളിൽ തട്ടിപ്പുകാർ കേരളത്തിൽ ആവർത്തിക്കുന്നു. ബുദ്ധിമോശംകൊണ്ട് സംഭവിച്ച അർത്ഥങ്ങൾ മാനഹാനി ഭയന്ന് ഭൂരിഭാഗംപേരും മൂടിവെക്കുകയാണ്. പരാതി കൊടുക്കില്ലെന്ന ധൈര്യവും പരാതിപ്പെട്ടാൽത്തന്നെ ഭീഷണിയും സമ്മർദ്ധവും കൊണ്ട് ഒതുക്കാമെന്ന ആത്മവിശ്വാസവും സമൂഹത്തിലെ അറിയപ്പെടുന്നരുമായുള്ള അടുപ്പവുമാണ് തട്ടിപ്പുകാർക്ക് തഴച്ചുവളരാൻ അവസരമൊരുക്കുന്നത്. “ഇന്നത്തെ (2021 സെപ്റ്റം 30 വ്യാഴം) ‘#മാധ്യമ‘ത്തിൽ പി.പി.കബീർ തുടങ്ങിയിരിക്കുന്ന ഈ പരമ്പര അവസരോചിതവും, ചിന്തോദ്ദീപ്തമാണ്.
മുൻ ഡി.ജി.പി. #അലക്സാണ്ടർജേക്കബിൻ്റെ വാക്കുകൾ ഒപ്പം ചേർത്തിട്ടുണ്ട്: ” എഴുത്തും വായനയും അറിയാമെങ്കിലും പലർക്കും വിവേകബുദ്ധി ഇല്ലാത്തതാണ് കാരണം. നൈജീരിയക്കാരനും, ഡൽഹിക്കാരനും ഒന്നുപോലെ കേരളത്തിൽ തട്ടിപ്പു നടത്തി വിജയിക്കും. സാക്ഷരതയുണ്ട് പക്ഷേ തട്ടിപ്പുകാരൻ്റെ മുമ്പിൽ നമ്മുടെ ബുദ്ധിയും ഉന്നത വിദ്യാഭ്യാസവുമെല്ലാം ആവിയായി മാറുന്നു!
50 ലക്ഷം ലോട്ടറി അടിച്ച തുക കിട്ടാൻ 25000 കൂടി അടയ്ക്കണം എന്ന് ആരെങ്കിലും പറഞ്ഞാൽ ഉടൻ പണം അയയ്ക്കും. എടുക്കാത്ത ലോട്ടറി എങ്ങനെ തനിക്ക് അടിച്ചു എന്ന് ആരും ചിന്തിക്കില്ല. 20 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഏതു കമ്പനി ബോർഡ് വെച്ചാലും ഉടൻ അവിടെ കൊണ്ടുപോയി പണം നിക്ഷേപിക്കും. 20 ശതമാനം പലിശയ്ക്ക് നിക്ഷേപം സ്വീകരിക്കാനാകില്ലെന്ന് അവൻ ഓർക്കുന്നില്ല.
തിരുവനന്തപുരത്ത് നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിലായയാൾ പുറത്തിറങ്ങി സ്ഥാപനത്തിൻ്റെ പേരിനൊപ്പം ന്യൂ എന്നു കൂട്ടിച്ചേർത്ത് വീണ്ടും തുടങ്ങി. 24 ശതമാനം പലിശ ആയിരുന്നു വാഗ്ദാനം. ആഴ്ചകൾക്കക്കം നിക്ഷേപം 30 കോടി കവിഞ്ഞു.
പത്താം ക്ലാസുകാരൻ പയ്യൻ വൻതോക്കുകളെ പറ്റിച്ച് തട്ടിയെടുത്തത് 100 കോടിയാണ്. അവൻ്റെ പശ്ചാത്തലം, യോഗ്യതകൾ ഒന്നും അന്വേഷിക്കാൻ ആർക്കും തോന്നിയില്ല.
വൈൻ
വെൽത്ത്
വുമൺ
എന്ന 3Ws ഓഫർ ചെയ്യുമ്പോൾ കെണിയിൽ പെടുന്നവരാണ് ഒരുകൂട്ടം.
എന്നാൽ സമൂഹത്തിൻ്റെ ഉന്നതങ്ങളിൽ ഇരിക്കുന്നവർ കാര്യകാരണങ്ങൾ നോക്കിവേണം ഇടപെടാൻ. ബുദ്ധിയും വിവേകവും വേണ്ടതുപോലെ ഉപയോഗിക്കാൻ മലയാളി പഠിച്ചില്ലെങ്കിൽ ഇനിയും കബളിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും “

Simon Varghese
വിവേകവും വേണ്ടതുപോലെ ഉപയോഗിക്കാൻ മലയാളികൾ തയ്യാറാകണം
