
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കൂള്‍ഡ്രിങ്‌സ് നല്‍കി യാത്രക്കാരെ സ്വീകരിക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനാണ് ആദ്യം തോന്നിയത്.

അതു വായിച്ചപ്പോള്‍ കൂള്‍ഡ്രിങ്‌സ് കുടിക്കാതെതന്നെ കുടിച്ചതുപോലൊരു കുളിര്‍മ ഉണ്ടായി. കെഎസ്ആര്‍ടിസി ബസുകളില്‍ കയറിയാല്‍ ഇനി മുതല്‍ കൂള്‍ഡ്രിക്‌സ് കിട്ടുമല്ലോ എന്നതല്ല സന്തോഷത്തിന്റെ കാരണം. യാത്രക്കാരെക്കുറിച്ച് കോര്‍പറേഷന്‍ ഇപ്പോഴെങ്കിലും ആലോചിച്ചല്ലോ എന്നതാണ്.
യാത്രക്കാര്‍ക്ക് പ്രഥമ പരിഗണന നല്‍കികൊണ്ടുള്ള എന്തെങ്കിലും തീരുമാനങ്ങള്‍ കോര്‍പറേഷന്‍ ഇതിന് മുമ്പ് എടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന പഴച്ചൊല്ലൊക്കെ മാറ്റി കെഎസ്ആര്‍ടിസി വേണമെങ്കില്‍ കൂള്‍ഡ്രിങ്‌സും കൊടുക്കുമെന്ന് തിരുത്തിപ്പറയുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.

ദീര്‍ഘദൂര ബസുകളിലെ യാത്രക്കാര്‍ക്കുള്ള സേവനങ്ങളുടെ പട്ടിക ഇവിടംകൊണ്ടും തീരുന്നില്ല. കൂള്‍ഡ്രിങ്‌സിനൊപ്പം സ്‌നാക്‌സും ഉണ്ടാകും, സൗജന്യമായി. വായിക്കാന്‍ പുസ്തകങ്ങളും ലഭിക്കും. ബാഗും പെട്ടിയും എടുത്തുവയ്ക്കാന്‍ കണ്ടക്ടര്‍ സഹായിക്കുമെന്നും ബസില്‍ ആഹാരം സൂക്ഷിക്കാന്‍ പ്രത്യേക ബോക്‌സും ഫ്രിഡ്ജും വരെ സജീകരിക്കുമെന്നും വാര്‍ത്തയില്‍ കണ്ടു. അതിലും ആനന്ദിപ്പിച്ച കാര്യം ശുചിത്വം ഉറപ്പുവരുത്തുമെന്ന കാര്യമാണ്.
കെഎസ്ആര്‍ടിസി ബസില്‍വച്ച് പുതിയ വസ്ത്രത്തില്‍ കരിപറ്റി ഉപയോഗിക്കാന്‍ പറ്റാതായ അനുഭവം ഉള്ളതുകൊണ്ടുകൂടിയാകാം വൃത്തിയുടെ വാര്‍ത്ത കൂടുതല്‍ സന്തോഷം നല്‍കിയത്. കോവിഡ് കാലത്ത് കെഎസ്ആര്‍ടിസിയുടെ സെമിസ്ലീപ്പര്‍ ബസുകളില്‍ യാത്രചെയ്തപ്പോള്‍ സാനിറ്റൈസര്‍ നല്‍കുന്നതുപോലും എവിടെയും കണ്ടിരുന്നില്ല.

കെഎസ്ആര്‍ടിസി ബസുകളിലെ നീണ്ടകാലത്തെ യാത്രകളിലെ അനുഭവങ്ങളും കാഴ്ചകളും മനസില്‍ ഒരുപാടുണ്ട്. മദ്യലഹരിയിലായിരുന്ന കണ്ടക്ടറുടെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്ത യാത്രക്കാരനെ കണ്ടക്ടര്‍ തല്ലാന്‍ തുടങ്ങിയ സംഭവത്തിന് ഒരിക്കല്‍ സാക്ഷിയായി.
ആരോഗ്യപരമായി തനിക്ക് അതിനു കഴിയില്ലെന്ന് കണ്ടപ്പോള്‍ ബസ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയും ഇതിനിടയില്‍ സത്യാവസ്ഥ മനസിലാക്കിയ യാത്രക്കാര്‍ കണ്ടക്ടര്‍ക്ക് എതിരെ തിരിയുകയും ചെയ്തു. പ്രതിസ്ഥാനത്തുള്ളയാള്‍ ഡോക്ടറാണെന്ന് കണ്ടക്ടര്‍ അല്പം വൈകിയാണ് തിരിച്ചറിഞ്ഞത്. ഒടുവില്‍ രക്ഷപ്പെടാന്‍ കണ്ടക്ടര്‍ അദ്ദേഹത്തിന്റെ കാലുപിടിച്ചെങ്കിലും ഡോക്ടര്‍ പരാതിയില്‍ ഉറച്ചുനിന്ന സംഭവം അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയുന്നതല്ല.
ബാക്കി ചോദിച്ചവരെ കണ്ടക്ടര്‍ ചീത്തപറയുന്നതും കണ്ടിട്ടുണ്ട്. ശമ്പളം കൊടുക്കാന്‍ കാശില്ലാതെ കോര്‍പറേഷന്‍ പൂട്ടാന്‍ പോകുമ്പോഴും ഇവരുടെയൊന്നും അഹങ്കാരത്തിന് യാതൊരു കുറവും ഇല്ലല്ലോ എന്ന് ഒരു യാത്രക്കാരന്‍ അല്പം ഉറക്കെ ആത്മഗതം നടത്തുന്നതും അടുത്ത കാലത്ത് കേട്ടിരുന്നു. കൂള്‍ഡ്രിങ്‌സിനെക്കുറിച്ച് കേട്ടപ്പോള്‍ ഈ ഓര്‍മകളെല്ലാം ഒരുനിമിഷംകൊണ്ട് മാഞ്ഞുപോകുന്നതുപോലെ തോന്നി.

ഇപ്പോഴും പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ കോര്‍പറേഷന്‍ 50 വര്‍ഷം പിറകിലാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. വമ്പന്‍ ഷോപ്പിംഗ് കോപ്ലക്‌സുകളുടെ രൂപത്തില്‍ പല ബസ് സ്റ്റാന്റുകള്‍ കോര്‍പറേഷന്‍ പണിതിട്ടുണ്ട്. പക്ഷേ, അവയില്‍ പലതും നിര്‍മിക്കുമ്പോള്‍ ബസുകള്‍ ഇടുന്ന കാര്യവും യാത്രക്കാരുടെ കാര്യവും കെഎസ്ആര്‍ടിസി മറന്നുപോയെന്നു തോന്നുന്നു. അംബരചുംബികളായ പുതിയ കെഎസ്ആര്‍ടിസി സ്റ്റാന്റുകളില്‍ എത്രയിടത്ത് യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്? ഏതാനും കസേരകള്‍ ഉണ്ടെന്നത് നേരാണ്. എന്നാല്‍, ദീര്‍ഘദൂര്‍യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇവയില്‍ ഒരിടത്തുമില്ല. അതിന് വേണമെങ്കില്‍ ചെറിയ ഫീസ് ഈടാക്കിയാലും കുഴപ്പമില്ല. പെരുമാറ്റത്തിന്റെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ കെഎസ്ആര്‍ടിസിയുടെ ചേട്ടനായി വരുമെങ്കിലും റിസര്‍വേഷന്‍ കോച്ചുകളിലെ യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനുള്ള പ്രത്യേക സൗകര്യം മിക്ക സ്റ്റേഷനിലുകളിലുമുണ്ട്.
ബഹിരാകാശത്തേക്ക് ആളുകളെ അയച്ചാല്‍ അത് എപ്പോള്‍ ഭൂമിയില്‍ തിരിച്ചെത്തുമെന്ന് കൃത്യമായി പറയുന്ന കാലത്ത്, തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേയ്ക്കു പോകുന്ന ബസ് എപ്പോള്‍ കോട്ടയത്ത് എത്തുമെന്നോ, അവിടെനിന്നും പോന്നിട്ടുണ്ടോ എന്നും കോട്ടയത്തെ എന്‍ക്വയറിയില്‍ ചോദിച്ചാല്‍ ഒരറിവും ഉണ്ടാകില്ല. ബസ് തിരുവനന്തപുരത്തുനിന്നും പോന്നിരുന്നോ എന്നുപോലും അന്വേഷിക്കാന്‍ അവര്‍ തയാറല്ല. ബുക്കു ചെയ്തുപോകുന്ന ബസുകളിലെ കണ്ടക്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ കിട്ടുന്നതുമാത്രമാണ് ആകെയൊരു ആശ്വാസം. എപ്പോഴും മുന്‍കൂട്ടി ബുക്കുചെയ്തു പോകാന്‍ കഴിയില്ലല്ലോ. എന്‍ക്വയറി കൗണ്ടറുകളിലെ മറുപടികള്‍ മനുഷ്യനെ വെറുപ്പിക്കുന്ന വിധത്തിലാണ് അധികവും. മാന്യമായി മറുപടി പറയുന്ന എന്‍ക്വയറി കൗണ്ടറുകള്‍ കെഎസ്ആര്‍ടിസിയില്‍ വളരെ കുറവാണെന്ന് പറയാതിരിക്കാനാവില്ല.
കര്‍ണാടകയില്‍ പിക്കപ്പ് വാന്‍ വാങ്ങാന്‍ മഹീന്ദ്രയുടെ ഷോറൂമില്‍ എത്തിയ കര്‍ഷകന്റെ വേഷം കണ്ട് നിങ്ങളുടെ കൈയില്‍ 10 രൂപപോലും ഇല്ലാത്തപ്പോഴല്ലേ 10 ലക്ഷത്തിന്റെ വണ്ടിയുടെ വില അന്വേഷിക്കുന്നത് എന്ന് ചോദിച്ച് അവഹേളിച്ച സെയില്‍സ്മാന്‍ പുലിവാലു പിടിച്ചത് സമീപ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രൊക്കം പണം കൊണ്ടുവന്നാല്‍ ഇപ്പോള്‍ത്തന്നെ വണ്ടിതരുമോ എന്നു ചോദിച്ച തൂമക്കുരുവിലെ കെംബെഗൗഡയെന്ന കര്‍ഷകന്റെ ചോദ്യത്തിന് തരുമെന്ന് മറുപടി നല്‍കുകയും അരമണിക്കൂറിനുള്ളില്‍ 10 ലക്ഷവുമായി കര്‍ഷകന്‍ എത്തുകയും ചെയ്തപ്പോള്‍ ഞെട്ടിയത് കമ്പനിയായിരുന്നു. പണം നല്‍കിയാലും പേപ്പര്‍ വര്‍ക്കുകള്‍ കഴിയാതെ വാഹനം നല്‍കാന്‍ ആവില്ലല്ലോ. ഒടുവില്‍ മഹീന്ദ്ര കമ്പനിയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രക്കടക്കം മാപ്പുപറയേണ്ടിവന്നു. കസ്റ്റേമേഴ്‌സിനോട് മാന്യമായി പെരുമാറാന്‍ ഇനിയും നമ്മുടെ ആളുകള്‍ പഠിക്കേണ്ടതുണ്ട്.

നാളെ മുതല്‍ ബസില്‍ കയറി ആരും കൂള്‍ഡ്രിങ്‌സോ സ്‌നാക്‌സോ ചോദിച്ച് കണ്ടക്ടറോട് ബഹളം കൂട്ടരുതെന്നൊരു അഭ്യര്‍ത്ഥനയുണ്ട്. കെഎസ്ആര്‍ടിസി പുതുതായി ആരംഭിക്കുന്ന സ്വിഫ്റ്റ് കമ്പനിയുടെ സര്‍വീസുകളിലാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
മെച്ചപ്പെട്ട സേവനം നല്‍കാനുള്ള കോര്‍പറേഷന്റെ തീരുമാനം അഭിനന്ദനമര്‍ഹിക്കുന്നു. കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ നിലനില്ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാകാം ഇങ്ങനെയുള്ള തീരുമാനങ്ങളുടെ പിന്നില്‍. ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ എല്ലാവിധ ആനുകൂല്യങ്ങളും ഗവണ്‍മെന്റിന്റെ സാമ്പത്തിക പിന്‍ബലവും ഉണ്ടായിട്ടും ഓരോ വര്‍ഷവും കെഎസ്ആര്‍ടിസിയില്‍ കോടികളുടെ നഷ്ടക്കണക്കുകള്‍ മാത്രമാണ് ഉണ്ടാകുന്നത്.
ഗവണ്‍മെന്റ്-പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതികള്‍ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്നാണ് ഈ നഷ്ടക്കണക്കുകള്‍ ഓര്‍മിപ്പിക്കുന്നത്. കുത്തകാവകാശം ഉള്ളതിനാല്‍ മെച്ചപ്പെട്ട സേവനം നല്‍കിയില്ലെങ്കിലും ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ധാര്‍ഷ്ട്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മറിച്ചുചിന്തിക്കേണ്ട കാലം കഴിഞ്ഞെന്നതിന്റെ എത്രയോ ഉദാഹരണങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്.
ഒരു കാലത്ത് രാജ്യത്തെ ടെലിഫോണ്‍ സംവിധാനങ്ങളുടെ മുഴുവന്‍ അതോറിറ്റിയായിരുന്ന ബിഎസ്എല്‍ -ന്റെ അവസ്ഥ എത്ര പരിതാപകരമാണ്. ഇപ്പോള്‍ നിലനില്പിലായി പൊരുതുന്ന ബിഎസ്എന്‍എല്‍ ഒരു കാലത്ത് രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ ചക്രവര്‍ത്തിയായിരുന്നു. നമ്മള്‍ ജീവിക്കുന്നത് 19-ാം നൂറ്റാണ്ടില്‍ അല്ലെന്നത് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ പലതും അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.

21-ാം നൂറ്റാണ്ടില്‍ എല്ലായിടത്തും മത്സരാന്തരീക്ഷം രൂപപ്പെട്ടുകഴിഞ്ഞു. പ്രൊഫഷണലായി വളരുകയും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ചെയ്തില്ലെങ്കില്‍ അവയ്‌ക്കൊന്നും അധികകാലം നിലനില്പ്പ് ഉണ്ടാകില്ല. ഇപ്പറഞ്ഞതെല്ലാം മാറ്റിനിര്‍ത്തിയാലും രാജ്യത്തെ നികുതിദായകരായ സാധാരണക്കാരോട് മാന്യമായി പെരുമാറുകയും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത് ഉത്തരവാദിത്വമാണ്. അത് ആരുടെയും ഔദാര്യമല്ല, ഈ രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്നതും വിസ്മരിക്കരുത്.

ജോസഫ് മൂലയില്‍
