പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: അതീവ ജാഗ്രത
തിരുവനന്തപുരം : പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതേതുടർന്ന് കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. സംസ്ഥാനമൊട്ടാകെയും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍, മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാന്‍ പ്രത്യേക ദൗത്യസംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അരലക്ഷത്തിലേറെ പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു വ്യക്തമാക്കിയത്.