
ബ്രോയിലർ ആത്മീയത
ലോകത്തിലെ പല കൊടും കുറ്റവാളികളുടെയും ജീവിത പശ്ചാത്തലം മനസ്സിലാകുമ്പോൾ ചിലരുടെയെങ്കിലും ജീവിതത്തിൽ യഥാർത്ഥ ദൈവത്തിങ്കലേക്ക് അവരെ നയിക്കുന്നതിൽ പരാജയപ്പെട്ട ചില “ആത്മീയ ” വ്യക്തിത്വങ്ങളെ കാണാം.

നമ്മുടെ ചുറ്റും ഒന്നു കണ്ണോടിക്കുക. ധ്യാനകേന്ദ്രങ്ങളുടേയും, ആത്മീയ പ്രസ്ഥാനങ്ങളുടേയും വലിയ ഒരു നിരത്തന്നെ കാണാം. എന്നാൽ ഇവ പലതും പരാജയപ്പെടുന്നത് ദൈവം ഒരുക്കുന്ന കൃപകളും വരങ്ങളും മറ്റുള്ളവർക്ക് പങ്കുവെയ്ക്കാതെ സ്വയം വളരാൻ മാത്രം ശ്രമിക്കുമ്പോഴാണ്. എല്ലാതരം പ്രാർത്ഥനകളും പഠനങ്ങളും നടത്തി, സ്വയം അനുഗ്രഹം നേടാൻ എന്തും പ്രാർത്ഥിച്ചും ചെയ്തും പഠിപ്പിച്ചും വളരുബോൾ ഇവയെല്ലാം ‘ബ്രോയിലിർ ചിക്കൻ ‘ ആത്മീയതയായി മാറുന്നു. സ്വയം ‘വളർന്ന് ‘നടക്കാൻ പോലും ആവാതെ തൻ്റെ ആത്മീയ പ്രസ്ഥാനത്തിനുള്ളിൽ തന്നെ, തനിക്ക് പുറത്തുള്ള ആർക്കും ഉപകാരമില്ലാതെ എരിഞ്ഞടങ്ങുന്നവർ!
ഞാൻ സ്വീകരിക്കുന്നതെല്ലാം അതില്ലാത്തവനുമായി പങ്കുവെയ്ക്കാനാണെന്ന തിരച്ചറിവില്ലാതെ വളരുന്ന ഏതൊരുവനും, ഏത് പ്രസ്ഥാനവും ആത്മീയ അന്ധതയിലാണ്. ചില പ്രസ്ഥാനങ്ങളെങ്കിലും തങ്ങളുടെ കൂടെയുള്ളവരുടെ കുറവിന് കൂടുതൽ പ്രാധാന്യം നല്കി ഭയപ്പെടുത്തി അടിമ മനോഭാവത്തോടെ വളർത്തുമ്പോൾ, തങ്ങൾക്ക് ലഭിച്ചത് മറ്റുള്ളവർക്കായി പങ്കുവെക്കപെടാൻ പഠിപ്പിക്കാതിരിക്കുമ്പോൾ, സ്വയം വളരാൻ മാത്രം ശ്രമിക്കുമ്പോൾ, ഇപ്പുറം ഒരു പറ്റം ആളുകൾ ആത്മീയമായും ഭൗതീകമായും തളർന്ന് മരിക്കുന്നു.
ഇന്ന് ഇത്രയും ആത്മീയ പ്രസ്ഥാനങ്ങളുണ്ടായിട്ടും ക്രിസ്തു പകരുന്ന സമാധാനവും സന്തോഷവും സ്വീകരിക്കാൻ അനേകർ നമ്മുടെ ചുറ്റും കാത്തിരിന്നുട്ടും അനേകർക്ക് ഇതിന് സാധിക്കാത്തത് ഈ ബ്രോയിലർ ആത്മീയത കൊണ്ടാണ്. അതാണ് ഇന്ന് നാം നമ്മുടെ ചുറ്റും കാണുന്ന തിന്മയുടെ വളർച്ചയ്ക്ക് ഒരു കാരണവും !
അതിനാൽ കൊടുക്കുമ്പോഴാണ് എന്തും, സന്തോഷവും സമാധാനവും ഐശ്യര്യവും, വളരുന്നത് എന്ന ക്രിസ്തു തത്വം ഓർക്കാം. ഉള്ളത്, എത്ര ചെറിയ സന്തോഷമാകട്ടെ, അപരനുമായി പങ്കുവെയ്ക്കുക. കൂടുതൽ നേടിയിട്ടാവാം എന്ന ചിന്ത കൊടുക്കുവാനാകാത്ത ഒരവസ്ഥയിൽ നിന്നെ എത്തിക്കാം!
കൂടുതൽ വിശുദ്ധനായിട്ട് സുവിശേഷം പങ്കുവെയ്ക്കാം എന്ന് വിചാരിക്കുന്നവർ എന്ത് ഭോഷത്തമാണ് ചെയുന്നതെന്നും സുവിശേഷം അറിയാൻ അർഹതയുള്ളവർക്ക് അത് നിഷേധിക്കലാണ് ചെയുന്നതെന്നും അറിയുന്നില്ല! ഇന്ന് ഇത്തിരി വെട്ടമെങ്കിലും തെളിക്കൂ ! ദൈവം അനുഗ്രഹിക്കട്ടെ!

Siby Mathew