ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കാം ..| ഇത്തരം എജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പണം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക.
കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ (ഭേദഗതി ) നിയമം പ്രകാരമുള്ള ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കാം എന്ന വാഗ്ദാനവുമായി ജില്ലയില്‍ പല ഇടങ്ങളിലും ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നത് കാണുന്നു. ഇത്തരം എജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പണം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക.
ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകള്‍ ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ revenue.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന മാത്രമാണ് സ്വീകരിക്കുന്നത്. അപേക്ഷകര്‍ക്ക് എവിടെ നിന്നും സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷ നല്‍കാവുന്നതും അപ്രകാരം നല്‍കിയ അപേക്ഷയിലെ നടപടി വിവരങ്ങള്‍ നിരീക്ഷിക്കാവുന്നതും ആണ്. .
കൃഷി ഭവനുകളില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടാത്തതും വില്ലേജ് രേഖകള്‍ പ്രകാരം നിലം ആയിട്ടുള്ളതുമായ 30.12.2017 തീയതി പ്രകാരം 25 സെന്ററില്‍ താഴെ മാത്രം വിസ്തീര്‍ണ്ണം ഉള്ള വസ്തു ഉടമകള്‍ക്ക് ഫീസ് സൌജന്യം ആണ്. ഫാറം 5 ന് അപേക്ഷ ഫീസ് 100/- രൂപയും ഫാറം 6, 7 എന്നിവയുടെ അപേക്ഷ ഫീസ് 1000/- രൂപയും ആണ്.
30.12.2017 തീയതിയ്ക്ക് ശേഷം തീറു വാങ്ങിയതായ 25 സെന്ററില്‍ താഴെ വിസ്തീര്‍ണ്ണം വരുന്ന ഭൂമിയ്ക്കും 30.12.2017 തീയതി പ്രകാരം 25 സെന്ററില്‍ അധികരിച്ച് വിസ്തീര്‍ണ്ണം ഉണ്ടായിരുന്ന ഭൂമിയ്ക്കും ന്യായവിലയുടെ 10% ഫീസ് അടക്കേണ്ടതാണ്.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെയുള്ള യാതൊരു എജന്‍സികളുടെയും സഹായമോ നടപടികളോ കൂടാതെയാണ് ഭൂമി തരം മാറ്റ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുന്നത് എന്നിരിക്കെ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ പരസ്യങ്ങളില്‍ മയങ്ങി സാമ്പത്തിക, മാനസിക, സമയ നഷ്ടങ്ങള്‍ ഒഴിവാക്കുക.
സംസ്ഥാനത്ത് ഭൂമിയുടെ തരം മാറ്റുന്നത് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നത് എറണാകുളം ജില്ലയില്‍ ആണ്. അപേക്ഷകള്‍ അടിയന്തിരമായി തീര്‍പ്പാക്കുന്നതിന് അധിക ജീവനക്കാരെയും മറ്റും നിയോഗിച്ച് വളരെ ത്വരിത ഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും കൃഷി ഓഫീസുകള്‍ താലൂക്ക് ഓഫീസ് വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും നടന്ന് വരുന്നത്. ദൈനം ദിന ജോലികള്‍ക്ക് പുറമേ തരം മാറ്റ അപേക്ഷകളിലും അടിയന്തിര തീര്‍പ്പ് ഉണ്ടാക്കുവാന്‍ കഠിന പരിശ്രമത്തില്‍ ആണ് ജീവനക്കാര്‍.
മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശിക ഫയലുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ തീര്‍പ്പാക്കുന്നതില്‍ വളരെ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. 2022 മുതലുള്ള ഓണ്‍ ലൈന്‍ ആയി ലഭിച്ച അപേക്ഷകളും എത്രയും വേഗം തീര്‍പ്പാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കുന്നതിനും സ്ഥിതി വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഓണ്‍ ലൈന്‍ ആയി തന്നെ കഴിയും. ഭൂമി തരം മാറ്റം അപേക്ഷകളില്‍ നടപടികള്‍ക്കായി ഏജന്റുമാരെ സമീപിക്കുകയോ നിയമാനുസൃതമല്ലാതെ ഫീസ് നല്‍കുകയോ ചെയ്യേണ്ടതില്ല.
Collector, Ernakulam