ചെല്ലാനം വാസികൾ നിരന്തരം തോല്പിക്കപ്പെടുന്ന ജനതയോ?

Share News

ചെല്ലാനം വാസികൾ നിരന്തരം തോല്പിക്കപ്പെടുന്ന ജനതയോ?ചെല്ലാനം കുറെ നാളുകളായി മനസ്സിൽ പുകയുന്ന വേദനയാണ്. തീരശോഷണത്താലും കടലാക്രമണത്താലും അസ്വസ്ഥത നിറഞ്ഞ വർഷങ്ങൾ. ഏറ്റവും അക്രമകാരിയും ശക്തമായ തിരമാലകളുമുള്ള കടൽ കേരള തീരത്ത് വേറെ എവിടെയും ഉണ്ടാകില്ല.

ചെല്ലാനത്ത് എന്നതുപോലെ. കടലിൽ നിന്ന് മണ്ണുവാരി സർ റോബർട്ട് ബ്രിസ്റ്റോ ബില്ലിംഗ്ടൺ ഐലൻ്റ് രൂപപ്പെടുത്തിയ കാലം മുതൽ കൊച്ചി മുതൽ തെക്കോട്ട് ചെല്ലാനം വരെയുള്ള തീരത്തിൻ്റെ ദുർഗതി ആരംഭിക്കുന്നുണ്ട്. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനിലിനായി കടലിന് ആഴം കൂട്ടിയത്തോടെ ചെല്ലാനം തീരാദു:ഖത്തിലായി.

വേനൽക്കാലത്തും മഴക്കാലത്തും കടലാക്രമണത്തിൽ വെള്ളംകയറുന്ന മുന്നൂറോളം കുടുംബങ്ങൾ.. അവിടെ നിന്ന് നിറഞ്ഞ് കവിഞ്ഞ് പടിഞ്ഞാറേ ഭാഗത്തേക്ക് കടലൊഴുകി ചെല്ലുമ്പോൾ അപായപ്പെടുത്തുന്നത് 2000 കുടുംബങ്ങളെ.കടലുകയറുമ്പോൾ ഓടിച്ചെല്ലുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടാകാറുണ്ട്

. പക്ഷേ ഇപ്പോൾ ഓടിച്ചെല്ലാൻ പേടിയാണ്. ഒരു നിസഹായ ജനതയുടെ ദുരിതങ്ങൾ അഭിമുഖീകരിക്കാനുള്ള പേടി.സംസ്ഥാനസർക്കാർ ജൂലൈ 5 നു മുൻപ് ചെല്ലാനത്തെ കടലാക്രമണം ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതിയിൽ ഉറപ്പു നൽകിയത് കഴിഞ്ഞയാഴ്ചയാണ്.

20 വർഷമായി സംരക്ഷിക്കപ്പെടാത്ത കടൽ ഭിത്തിയാണ് ഫോർട്ടുകൊച്ചി മുതൽ ചെല്ലാനം വരെയുള്ളത്. അതിൻ്റെ കേടുപാടുകൾ തീർക്കാൻ കണ്ടുപിടിച്ച വഴിയാണ് ജിയോ ട്യൂബ്. അപാകതകൾ ഉണ്ടെങ്കിലും കരിങ്കല്ല് കിട്ടാത്ത സാഹചര്യത്തിൽ അത് സ്വീകരിക്കുകയേ ചെല്ലാനത്തുകാർക്ക് വഴിയുണ്ടായിരുന്നുള്ളു.

20l8ൽ ജിയോ ട്യൂബ് സ്ഥാപിക്കാൻ കരാർ ഏറ്റെടുത്ത കോൺട്രാക്ടർ ഒരു വർഷം പണി നടത്താൻ കഴിയാതെ നീട്ടി നീട്ടികൊണ്ടു പോയി ചെല്ലാനം ജനതയെ ചതിച്ചു. തുടർന്നുണ്ടായ വലിയ ജനകീയ സമരമാണ് 2020ൽ പുതിയ കോൺട്രാക്‌ട് നൽകാൻ സർക്കാറിനെ പ്രേരിപ്പിച്ചത്.പുതിയ കോൺട്രാക്ടർ ശുഭപ്രതീക്ഷകളാണ് നൽകിയത്. വേഗത്തിൽ പ്രവർത്തനങ്ങളുമായി മുന്നേറി.

ജിയോ ട്യൂബിൽ മണൽ നിറക്കാൻ 5 ദിവസം മുൻപ് ഡ്രെഡ്ജർ എത്തിച്ചു. മണൽ നിറയ്ക്കാൻ 50 കുതിരശക്തിയോടു കൂടിയുള്ള പമ്പുകളും ജനറേറ്റുകളും അടക്കമുള്ള സംവിധാനങ്ങൾ അതിലുണ്ടായിരുന്നു. ചെല്ലാനത്തുകാർ ആശ്വസിച്ചു. ‘എന്തെങ്കിലും നടക്കും’ ജോണച്ചൻ്റേയും ഡാൽഫിൻ്റേയും ജിൻസൻ്റേയും വാക്കുകളിലൂടെ ഞാനതനുഭവിച്ചു

.വീണ്ടും ചെല്ലാനം വാസികൾ തോൽക്കുന്ന വേദനിക്കുന്ന കാര്യമാണ് ഞായറാഴ്ച (ജൂൺ 14) അറിയുന്നത്. ശക്തമായ തിരകളിൽ തീരത്ത് നിന്ന് 150 മീറ്റർ അകലെ ഇട്ടിരുന്ന ഡ്രെസ്ജർ നങ്കൂരം തകർന്ന് കടൽഭിത്തിയിൽ ഇടിച്ചു. അക്രമണകാരിയായ തിരമാലയിൽ വീണ്ടും വീണ്ടും കടൽഭിത്തിയിൽ ഇടിച്ചുകൊണ്ടിരുന്ന ഡ്രെഡ്ജറിനെ ബോട്ടുകെട്ടിവലിച്ചുനീക്കാനുള്ള ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല.

മുങ്ങുന്ന അവസ്ഥയിൽ എത്തിയപ്പോൾ നേവി ഹെലികോപ്റ്ററിൻ്റെ സഹായം ചെല്ലാനത്തുകാർ ചോദിച്ചപ്പോൾ അധികാരികൾ അത് സ്വീകരിച്ചില്ല. ഡ്രെഡ്ജറിൽ മനുഷ്യരുണ്ടെങ്കിലേ നേവിയ്ക്ക് രക്ഷാപ്രവർത്തനം നടത്താനാവൂ എന്നാണത്രേ ചട്ടം.

ഡ്രെഡ്ജർ കടലിൽ താഴുന്ന ദാരുണ കാഴ്ചയാണ് തിങ്കളാഴ്ച രാവിലെ ചെല്ലാനത്തുകാർ കണ്ടത്.ഇനി എന്ത് ചെയ്യും? വൻ നഷ്ടമുണ്ടായ കോൺട്രാക്ടർ ജോലിയുമായി മുന്നോട്ട് പോകുമോ? കടൽഭിത്തി ഇല്ലാതായാൽ 2000 കുടുംബങ്ങൾ വീണ്ടും ദുരിതത്തിലാകും.

ആരോട് ഇനി ഇത് പറയും?ആര് ചെല്ലാനംകാരുടെ കണ്ണീരൊപ്പും?വീണ്ടും കടൽക്ഷോഭിക്കുന്ന റഫ് സീസൺ വരുന്നു.മലയിടിയുമ്പോൾ തിരച്ചിൽ നടത്താനും പ്രളയം ഉണ്ടാകുമ്പോൾ സംരക്ഷകരാകുകയും ചെയ്യുന്ന നാവിക സേനയ്ക്ക്ചെല്ലാനം ജനതയുടെ പ്രതീക്ഷ തകർന്ന സമയത്ത് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലേ?

പറക്കുന്നതിനിടയിൽ തകരാറിലായപ്പോൾ ഇന്നലെ ഒരു ഹെലിക്കോപ്ടർ പെട്ടന്ന് ചെല്ലാനത്ത് ഇറക്കിയ വാർത്തയറിഞ്ഞപ്പോൾ ഈ ചോദ്യം മനസ്സിൽ പലവുരു ഉയർന്നു.രാവിലെ ജിൻസനുമായുള്ള ഫോൺ സംസാരത്തിൽ നിരാശയിൽ തകർന്ന ചെല്ലാനംകാരൻ്റെ ഹൃദയം തകർക്കുന്ന വാക്കുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ ചെല്ലാനംകാർ തോല്പിക്കപ്പെടുന്ന ജനതയാണ്.

Shaji George
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു