മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലേക്ക്; ബഹുജനസദസിന് നവംബര്‍ 18ന് തുടക്കം

Share News

തിരുവനന്തപുരം: നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച്‌ ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.

വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജന സദസും നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി.

നവംബര്‍ 18ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എംഎല്‍എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴി ലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസുകള്‍ ആസൂത്രണം ചെയ്യും. മണ്ഡലം സദസിനോട് അനുബന്ധിച്ച്‌ വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.

ഒരു പുതിയ കേരളം കെട്ടിപ്പടുക്കണം. കേരളം വളരെ വേഗത്തില്‍ വികസിക്കണം.പിന്നാക്കാവസ്ഥ പരിഹരിക്കണം. അതിന് ഒരു പരിപാടി വേണം. അതിനുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് ആര്‍ജിച്ചെടുക്കാനുള്ള സര്‍ക്കാര്‍ പരിപാടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം.മണ്ഡലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിപാടി പങ്കെടുപ്പിക്കുന്നത്. അതില്‍ പ്രതിപക്ഷ എംഎല്‍എമാരും ഉണ്ടാകുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. സദസില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതിപട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരന്‍മാര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്‍മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മന്ത്രിസഭാ പുനഃസംഘടനയെ പറ്റി ചര്‍ച്ച ചെയ്തിട്ടില്ല. ഏതോ ഒരു മാധ്യമം ഇത്തരത്തില്‍ ഒരു വാര്‍ത്ത കൊടുത്തപ്പോള്‍ മറ്റ് എല്ലാ മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നു. മന്ത്രിസഭാ രൂപീകരണകാലത്ത് എടുത്ത എല്ലാ തീരുമാനവും അന്ന് എടുത്തതാണ്. അതില്‍ ഒരുമാറ്റവും ഇല്ലെന്ന് ജയരാജന്‍ പറഞ്ഞു.

Share News