
ഭൂമി നല്‍കേണ്ടത് സര്‍ക്കാരെന്ന് നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍: ഒപ്പമുണ്ടാകുമെന്ന് ബോബി ചെമ്മണ്ണൂര്‍
തിരുവനന്തപുരം: തര്‍ക്ക ഭൂമി ബോബി ചെമ്മണൂര്‍ വാങ്ങിനല്കുന്നതിനെ എതിര്‍ത്ത് നെയ്യാറ്റിന്‍കരയില്‍ തീ കൊളുത്തി മരിച്ച ദമ്പതികളുടെ മക്കള്‍. മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കളായ രാഹുലും രഞ്ജിത്തുമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. വസന്തയുടെ കൈവശം രേഖയൊന്നും ഇല്ലെന്നും പട്ടയം സര്‍ക്കാര്‍ നല്‍കണ്ടതാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.
ബോബി ചെമ്മണൂരിന്റെ നല്ല മനസിന് നന്ദിയുണ്ട്.
നിയമ പരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. പിന്നെങ്ങനെയാണ് ഭൂമി വാങ്ങാന്‍ കഴിയുകയെന്ന് ഇളയമകന് രഞ്ജിത്ത് ചോദിച്ചു. സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടത്. അവകാശപ്പെട്ട ഭൂമി സര്‍ക്കാര്‍ അനുവദിച്ച് നല്‍കണമെന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. തര്‍ക്ക ഭൂമി വ്യാജ പട്ടയത്തിലൂടെയാണ് വസന്ത സ്വന്തമാക്കിയത്. ബോബി ചെമ്മണൂരിനെ കബളിപ്പിക്കുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഭൂമി സ്വന്തമാകുന്നതുവരെ താനും ഒപ്പമുണ്ടാകുമെന്നും ബോബി ചെമ്മണൂരും അറിയിച്ചു.
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ നില്‍ക്കണമെന്ന കുട്ടികളുടെ വികാരമാണ് തന്നെ ഭൂമി വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. വസന്തയുടെ വീട്ടില്‍ പോയി സംസാരിച്ച് ഭൂമി കച്ചവടമാക്കിയെന്നും എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് അവര്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. വസന്ത നല്‍കിയ രേഖകള്‍ വ്യാജമാണെങ്കില്‍ നിയമപോരാട്ടത്തില്‍ ഒപ്പമുണ്ടെന്നും ബോബി പറഞ്ഞു.
കോളനി നിയമവ്യവസ്ഥ അനുസരിച്ച് നാല് സെന്റിന് മുകളില്‍ ഭൂമി വില്‍ക്കാന്‍ അധികാരമില്ലെന്ന് കുട്ടികള്‍ അദ്ദേഹത്തെ അറിയിച്ചു. വക്കീലുമായാണ് പോയാണ് കാര്യങ്ങള്‍ പരിശോധിച്ചതെന്നും കൂടുതല്‍ പരിശോധിച്ച് കാര്യങ്ങള്‍ കൃത്യമാക്കുമെന്നും ബോബി പറഞ്ഞു. കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നെന്നും വിവരാവകാശപ്രകാരം വസന്തയ്ക്ക് ഭൂമിയില്‍ അവകാരമില്ലെന്നും രേഖകള്‍ സഹിതം കുട്ടികള്‍ ബോബിയെ കാണിച്ചു.