
ചാനലുകളിൽ അര മണിക്കൂർ ദേശീയതാത്പര്യം നിർബന്ധം
ന്യൂഡൽഹി: ദേശീയ താത്പര്യം മുൻനിർത്തിയുള്ള പരിപാടികൾക്ക് അര മണിക്കൂർ മാറ്റിവയ്ക്കാൻ ടെലിവിഷൻ ചാനലുകൾക്കു കേന്ദ്രസർക്കാരിന്റെ തിട്ടൂരം. പരിപാടികളുടെ തത്സമയ സംപ്രേഷണത്തിനും വിദേശ ചാനലുകൾ അപ്ലിങ്ക് ചെയ്യുന്നതിനും ഭാഷ മാറ്റുന്നതിനും മുൻകൂർ അനുമതി ഇനി വേണ്ടെന്നതടക്കമുള്ള പുതിയ മാർഗനിർദേശങ്ങൾക്കു കേന്ദ്രമന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നൽകി.
ടെലിവിഷൻ ചാനലുകളുടെ പ്രവർത്തനം എളുപ്പമാക്കുന്നതാണു പുതിയ മാർഗനിർദ്ദേശങ്ങളെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിശദീകരിച്ചു.
രണ്ടു വ്യത്യസ്ത മാർഗനിർദേശങ്ങൾ ഒരെണ്ണമായി ഏകോപിപ്പിച്ചിട്ടുണ്ട്. ഒരേ തരം പിഴയ്ക്കു പകരമായി പിഴ സംബന്ധിച്ച ചട്ടങ്ങൾ ഏകീകരിച്ചതായും സർക്കാർ പറയുന്നു.
മാർഗനിർദേശങ്ങൾ
• ദേശീയ പ്രാധാന്യമുള്ളതോ, പൊതു താത്പര്യമുള്ളതോ ആയ ഉള്ളടക്കം 30 മിനിറ്റെങ്കിലും സംപ്രേഷണം ചെയ്യാൻ ബാധ്യത.
• പരിപാടികളുടെ തത്സമയ സംപ്രേഷണത്തിനു മുൻകൂർ അനുമതി വേണ്ട. മുൻകൂർ രജിസ്ട്രേഷനോ, അറിയിപ്പോ മതിയാകും.
• ഇന്ത്യൻ ടെലിപോർട്ടുകൾക്കു വിദേശ ചാനലുകൾ അപ്ലിങ്ക് ചെയ്യാം. ഇന്ത്യയെ ടെലിപോർട്ട്-ഹബ് ആക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതു വഴിതെളിച്ചേക്കാം.
• ചാനലിന്റെ ഭാഷ മാറ്റാനും ഹൈ ഡെഫനിഷനിലേക്കു മാറ്റാനും മുൻകൂർ അനുമതി ആവശ്യമില്ല.• വാർത്താചാനലുകൾ/ വാർത്താ ഏജൻസികൾക്കു ഒരു വർഷമെന്നതിനു പകരം അഞ്ചു വർഷത്തേക്ക് അനുമതി.
• എൽഎൽപികൾക്ക് (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്) ടിവി ചാനൽ തുടങ്ങാൻ അനുമതി കൊടുക്കും.
• സുരക്ഷാ മാനദണ്ഡങ്ങൾക്കു വിധേയമായി കന്പനികൾ/ ലിമിറ്റഡ് ലയബിലിറ്റി പാട്ണർഷിപ്പ് (എൽഎൽപി) എന്നിവയ്ക്കു പാർട്ണറെയോ, ഡയറക്ടറയോ മാറ്റാം.
• വാർത്താശേഖരണത്തിനു ഡിഎസ്എൻജിക്കു (ഡിജിറ്റൽ സാറ്റലൈറ്റ് ന്യൂസ് ഗാതറിംഗ് സർവീസസ്) പുറമേ മൊബൈൽ, ബാഗ് ബാക്ക്, ഒപ്റ്റിക് ഫൈബർ തുടങ്ങിയവയും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളും ഉപയോഗിക്കാൻ പ്രത്യേക അനുമതി ഇനി വേണ്ട.
• ചാനലുകൾക്ക് ഇനി ഒന്നിലധികം ടെലിപോർട്ട്/സാറ്റ്ലൈറ്റുകളിലൂടെ സംപ്രേഷണം അപ്ലിങ്ക് ചെയ്യാം.
• കന്പനീസ് ആക്ട്/ ലിമിറ്റഡ് ലയബിലിറ്റി ആക്ട് പ്രകാരം ടിവി ചാനൽ/ടെലിപോർട്ട് എന്നിവയ്ക്കു മറ്റൊരു കന്പനി/എൽഎൽപി എന്നിവയ്ക്കു കൈമാറാനുള്ള സാധ്യത വിശാലമാക്കി.
• ചാനലിന് അപേക്ഷിക്കുന്പോൾ സെക്യൂരിറ്റി നിക്ഷേപം നിർബന്ധമാക്കി. കുടിശിക ഈടാക്കുന്നതിനാണിത്.


ജോർജ് കള്ളിവയലിൽ