
സഖാവേ, വിട. . അങ്ങ് ജീവിച്ചിരുന്നില്ലെങ്കിൽ ഞങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ജീവിതം ഇന്നത്തേക്കാൾ എത്രയോ ദരിദ്രമായിപ്പോയേനെ.
വി എസിന്റെ സിണ്ടിക്കേറ്റ് അംഗം എന്ന് വിളിക്കപ്പെട്ടവരിൽ ചില നേരങ്ങളിൽ ഞാനുമുണ്ടായിരുന്നു. ചിലർ ആക്ഷേപമായും ചിലർ പുകഴ്ത്തലായും അങ്ങനെ പറയുന്നതിനെ ഞാൻ ഗൗനിച്ചിട്ടേയില്ല. എന്നാൽ, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വി എസിന്റെ നിലപാടുകൾ, അയാളെ കുറിച്ചുള്ള കഥകളും ഐതിഹ്യങ്ങളും എന്നെ പെടുത്തിക്കളഞ്ഞ ചില സന്ദർഭങ്ങളുണ്ട്. 2001 മുതൽ 11 വരെ, കളംനിറഞ്ഞാടിയ പ്രതിപക്ഷ നേതാവായും കൂട്ടിലടക്കപ്പെട്ട മുഖ്യമന്ത്രിയായും, വി എസ് കേരളത്തിന്റെ പൊതുമണ്ഡലം കയ്യടക്കിവെച്ച ഒരു പതിറ്റാണ്ട്, അദ്ദേഹത്തിന് അഭിമുഖമായി നിന്ന് ടെലിവിഷൻ റിപ്പോർട്ടിങ് നടത്തേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല ഓർമ. ജോലി എന്നതിനപ്പുറം നമ്മൾ ഒരു രാഷ്ട്രീയ പ്രക്രിയയിൽ പങ്കുകൊള്ളുകയാണെന്നു തോന്നും. നീതിയുടെയും അനീതിയുടെയും, രാഷ്ട്രീയമായ ശരികളുടെയും ശരികേടുകളുടെയും ഒരു ബൈനറി വി എസ് ഞങ്ങളുടെയൊക്കെ മനസ്സിൽ സൃഷ്ടിച്ചെടുത്തു.

തീച്ചൂളകൾക്കു കുറുകെ മുറിച്ചുകടന്ന ഒരു രാഷ്ട്രീയ യുവത്വം അനുഭവമായുള്ള ഒരാൾ കമ്യൂണിസ്റ്റ് പാർട്ടി എന്ന മഹാപർവതത്തോട് ചില നിലപാടുകളെ ചൊല്ലി മൽപിടുത്തത്തിന് മുതിരുമ്പോൾ നാം അയാളെ പിന്തുണച്ചുപോകും. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ നാം ആരെയാണോ അളന്നിടേണ്ടത്, ആ ആളിൽ തന്നെ നാം തടവിലാക്കപ്പെടുന്ന അവസ്ഥ. ജേണലിസത്തിലെ സ്റ്റോക്ക്ഹോം സിൻഡ്രോം എന്നും വേണമെങ്കിൽ പറയാം. ആ ഘട്ടത്തിൽ അയാളുടെ ന്യായീകരണങ്ങൾ നമുക്ക് നീതീകരണമായി തോന്നും. അയാളുടെ ശബ്ദത്തിനു നാം ഉച്ചഭാഷിണിയാകണമെന്നു തോന്നും. കേരള രാഷ്ട്രീയത്തിന്റെയും മലയാള മാധ്യമ പ്രവർത്തനത്തിന്റെയും ഇപ്പോഴത്തെ അവസ്ഥകളിൽ, എന്റെ വാന്റേജ് പോയിന്റിൽ നിന്ന് നോക്കുമ്പോൾ, ആ കുറ്റം സമ്മതിക്കുന്നതിലും ഇപ്പോൾ എനിക്ക് അഭിമാനമേയുള്ളൂ. ആദ്യം, ഞാൻ വി എസിൽ അഭിരമിച്ചു പോയ ഒരു സന്ദർഭം പറയാം.
2005 ഏപ്രിൽ 20, കേരള ഹൈക്കോടതിയുടെ മുറ്റത്ത് നിയമത്തിന്റെ കയ്പ്പ് മുറ്റിയ ഒരു കാഞ്ഞിരമരം വേരുമുളച്ച ദിവസമായിരുന്നു. സൂര്യനെല്ലി ലൈംഗിക പീഡന കേസിൽ വിചാരണ കോടതി ശിക്ഷിച്ച 36 പ്രതികളിൽ 35 പേരെയും കേരള ഹൈക്കോടതി വെറുതെ വിട്ട ദിവസം. തന്റെ അച്ഛനോ മുത്തച്ഛനോ ആകാൻ പ്രായമുള്ള 40 പുരുഷന്മാരിൽ നിന്ന് 56 ദിവസം നീണ്ട ലൈംഗിക അതിക്രമങ്ങൾ അനുഭവിച്ച, കുറ്റകൃത്യം നടക്കുമ്പോൾ 16 വയസ്സ് മാത്രമുണ്ടായിരുന്ന ഒരു പെൺകുട്ടിയെ നോക്കി ജസ്റ്റിസ് അബ്ദുൽ ഗഫൂറിന്റെയും ജസ്റ്റിസ് ബസന്തിന്റെയും കോടതി പറഞ്ഞു: “അവൾ ലൈംഗിക സുഖം ആസ്വദിച്ച, ധാർമികമായി വഴിതെറ്റിയ, ദുർവ്യയം ചെയ്യാൻ ഏറെ പണം ആവശ്യമുള്ള ഒരു ബാലവേശ്യ ആയിരുന്നു.”
ഈ വിധിന്യായം കേട്ട ഹതഭാഗ്യയായ ആ പെൺകുട്ടിയും, അവളുടെ ചേച്ചിയും, അവരുടെ അച്ഛനും മൂന്നാറിനു മേലെ സൂര്യനെല്ലിയിലെ ആ വാടകവീട്ടിൽ തളർന്നിരുന്നു. ജീവിച്ചിരിക്കാനുള്ള അവരുടെ കാരണങ്ങൾ ആ അപ്പീൽ വിധിയിൽ റദ്ധാക്കപ്പെട്ടുവെന്നു അവർക്കു തോന്നി. കളിയാക്കലുകളെയും ഒറ്റപ്പെടുത്തലുകളെയും അതിജീവിക്കാൻ അതുവരെ അവർക്കു കരുത്തുനൽകിയത് നീതിയുടെ പൂമരമായി പൂത്തുലഞ്ഞ മറ്റൊരു കോടതി വിധിയായിരുന്നു. “കേരളത്തിന്റെ പൊതു മനഃസാക്ഷിക്ക് വേണ്ടി, എന്റെ മകളാകാൻ മാത്രം പ്രായമുള്ള ആ പെൺകുട്ടിയോട് ഞാൻ മാപ്പ് പറയുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യനെല്ലി കേസിലെ കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജ് ശശിധരൻ നമ്പ്യാർ കേസിലെ 39 പ്രതികളിൽ 35 പേർക്കെതിരെ കുറ്റം വിധിച്ചത്, 2000 സെപ്റ്റംബറിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി ധർമരാജനെ 2002ൽ മറ്റൊരു കോടതിയും ശിക്ഷ നൽകി ജയിലിലടച്ചു.
ചരിത്രപരമായ ആ വിധിയെ അട്ടിമറിച്ചുകൊണ്ട് ബസന്തിന്റെയും ഗഫൂറിന്റെയും കോടതി നികൃഷ്ടമായ ആ അപ്പീൽ വിധി പുറപ്പെടുവിച്ചതിനു പിറ്റെന്നാൾ, സൂര്യനെല്ലിക്കടുത്തു മാന്നാർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായിരുന്ന ആ അച്ഛൻ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സഹപ്രവർത്തകനെ കണ്ടു ഒരു കാര്യം പറഞ്ഞു: “ഇനിയും ജീവിച്ചിരിക്കുന്നതിൽ കാര്യമില്ല, ഞാനും മക്കളും ആത്മഹത്യയെ കുറിച്ച് ആലോചിക്കുകയാണ്, മറ്റു വഴികളില്ല.”
സുഹൃത്തിന്റെ പേര് ഞാൻ മറന്നു പോയി. മോഹനൻ എന്നോ ഗോപി എന്നോ ആണ്. ആ മനസ്സ് സുഹൃത്തിന് അറിയാമായിരുന്നു. പക്ഷേ എങ്ങനെ അവരെ തടയണമെന്ന് തിട്ടമുണ്ടായിരുന്നില്ല. സി പി എം അനുഭാവിയായ മോഹനൻ / ഗോപി ആകെ കണ്ട വഴി പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദനെ വിളിച്ചു പറയുക എന്നതാണ്. കണ്ടോൺമെൻറ് ഹൗസിലെ നമ്പർ തരപ്പെടുത്തി അയാൾ വിവരം വി എസിനെ പറഞ്ഞു കേൾപ്പിച്ചു. തൊട്ടു പിന്നാലെ മാന്നാർ പോസ്റ്റ് ഓഫീസിലേക്ക് വി എസിന്റെ ഒരു ഫോൺ കാൾ വന്നു: “അടുത്ത ആഴ്ച ഞാൻ അടിമാലിയിൽ വരുന്നുണ്ട്. മേലേക്ക് വരാൻ സമയം കിട്ടില്ല. ഗസ്റ്റ് ഹൗസിൽ വന്നു എന്നെ കാണണം. അതിനു ശേഷം നമുക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം.”
അടിമാലിയിൽ പോയി അദ്ദേഹം വി എസിനെ കണ്ടു. ഇക്കാര്യം, 2006 ജനുവരി-ഫെബ്രുവരി മാസത്തിൽ, ആ അച്ഛൻ തന്നെയാണ് എന്നോട് പറഞ്ഞത്. ഡി സി ബുക്സിന് വേണ്ടി, ഒരു നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന ലൈംഗിക കുറ്റവിചാരണകളെക്കുറിച്ച് ഞാൻ എഴുതിയ “സ്മാർത്തം, സൂര്യനെല്ലി, ഐസ്ക്രീം: മൂന്നു കുറ്റവിചാരണകൾ” എന്ന പുസ്തകത്തിന്റെ ഗവേഷണത്തിനായി അദ്ദേഹത്തെ കാണാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. അദ്ദേഹം കൂട്ടാക്കിയില്ല. പുസ്തകം ഇറങ്ങി ഒരു മാസം കഴിഞ്ഞു അദ്ദേഹം എന്നെ ഇങ്ങോട്ടു വിളിച്ചു. അദ്ദേഹം അപ്പോഴേക്കും കോട്ടയത്തു താമസമാക്കിയിരുന്നു. അങ്ങനെയാണ് ഞാൻ പുസ്തകത്തിന്റെ ഒരു കോപ്പിയുമായി കോട്ടയത്തു പോയി അദ്ദേഹത്തെ കണ്ടത്. അയാൾ പറഞ്ഞത് ഇപ്പഴും ഓർമയിലുണ്ട്. “ഞാൻ ചെന്നപ്പോൾ റൂമിലെ മറ്റെല്ലാവരോടും പുറത്തു പോകാൻ വി എസ് പറഞ്ഞു. രണ്ടു കൈകളും ചേർത്തുപിടിച്ചാണ് സഖാവ് എന്നോട് സംസാരിച്ചത്. ഒരിക്കലും തോറ്റുകൊടുക്കരുതെന്നു പറഞ്ഞു. സുപ്രീം കോടതിയിൽ കേസിനു പോകണമെന്നും സഖാവ് കൂടെയുണ്ടാവുമെന്നും പറഞ്ഞു. അന്ന് ആ ഫോൺ കിട്ടിയിരുന്നില്ലെങ്കിൽ ഞാനും മക്കളും ഇപ്പോൾ ജീവിച്ചിരിക്കുമായിരുന്നില്ല.”
അദ്ദേഹം ഈ കഥ പറഞ്ഞ ദിവസം ഞാൻ വി എസിന്റെ ആരാധകനായി. പ്രിവിലജും പാരമ്പര്യവും, പറഞ്ഞു നടക്കാൻ വംശാവലിയും, പണവും അധികാരബന്ധങ്ങളും ഇല്ലാത്തവരായിരുന്നു “കണ്ണേ, കരളേ..വിഎസ്സേ” എന്ന് തെരുവിൽ അലമുറയിട്ടവരിൽ അധികവും.

“കെ വി പത്രോസ്: കുന്തക്കാരനും ബലിയാടും” എഴുതിയ ജി യദുകുല കുമാർ പറഞ്ഞൊരു കഥയുണ്ട്. വി എസിന്റെ മറ്റൊരു മുഖം കാണിച്ചു തരുന്ന ഒരു സംഭവം. 1964-67 കാലത്തു വി എസ് അച്യുതാനന്ദൻ, പുതുതായി രൂപംകൊണ്ട സി പി ഐ എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സമയം. അമ്പലപ്പുഴ ഭാഗത്തുള്ള, ഭാര്യ മരിച്ചു പോയ ഒരു ഏരിയാ സെക്രട്ടറിക്കു നാട്ടിലെ വിധവയായ ഒരു സാധു സ്ത്രീയുമായുള്ള ഒരു രഹസ്യ ബന്ധം കണ്ടുപിടിക്കപ്പെടുന്നു. വി എസുമായി ഇടഞ്ഞു നിൽക്കുന്ന ആളാണ്. അയാളെ തകർക്കാൻ വി എസ് തീരുമാനിച്ചു. ഒരു ദിവസം പാതിരാത്രിക്ക് ശേഷം വി എസിന്റെ കിങ്കരന്മാർ അയാളെ ആ സ്ത്രീയുടെ കുടിലിൽ നിന്ന് പിടികൂടി. നേരം പുലർന്നു നാട്ടുകാർ മുഴുവൻ കാണാനെത്തുന്നത് വരെ അയാളെ ആ കുടിലിനു മുറ്റത്തെ തെങ്ങിൽ കെട്ടിയിട്ടു. അപമാനിതനായി പാർട്ടിയിൽ നിന്ന് പടിയിറങ്ങും മുമ്പ് അയാൾ പാർട്ടിയുടെ അന്വേഷണ കമ്മീഷനെ നിശബ്ദനായി നേരിട്ടു. ഒരു വാക്യം മാത്രമേ അയാൾ പറഞ്ഞുള്ളൂ. “എന്നെ കെട്ടിയിട്ടത് ഒരു പുത്തൻ കയറുകൊണ്ടായിരുന്നു. എന്നെ കെട്ടാനുള്ള കയർ നേരെത്തെ കരുതിവെച്ചതാണ്.”
വൈരം കൊണ്ടും സ്നേഹം കൊണ്ടും, ഇങ്ങനെ ഓരോരുത്തരെ കെട്ടിയിടാൻ പലപല കയറുകൾ കരുതിയിരുന്നു വി എസ്. ഈ കാലത്തു നിന്ന് നോക്കുമ്പോൾ നമുക്ക് ഉൾകിടിലമുണ്ടാക്കുന്ന പലതും വി എസിന്റെ പൊതുജീവിതത്തോടു ചേർത്തുപറയാനുണ്ടാകും. ഒരു നാടിന്റെ ചരിത്രത്തെയും അതിന്റെ കൊടുങ്കാറ്റുകളെ നേരിട്ടുനിന്ന വന്മരങ്ങളെയും പുതിയ കാലത്തിന്റെ പ്രശാന്തതയിൽ നിന്ന് നോക്കുമ്പോൾ നമുക്ക് മുഴുവനായി മനസ്സിലാകണമെന്നില്ല.
“ഗീതാ പ്രസ്: ആൻഡ് ദി മേക്കിങ് ഓഫ് ഹിന്ദുത്വ” എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവായ അക്ഷയ മുകുൾ പറഞ്ഞു ചിരിപ്പിച്ച ഒരു തമാശ കൂടി പറയാം. കോഴിക്കോട്ടെ മലബാർ പാലസ് ഹോട്ടലിൽ 2018ലോ മറ്റോ സംസാരിച്ചിരിക്കേ, ഏഴു ജന്മമുള്ള പൂച്ച എന്നാണു ഞങ്ങൾ വി എസിനെ വിളിക്കാറ് എന്ന് ഞാൻ പറഞ്ഞപ്പോൾ അക്ഷയ പറഞ്ഞ കഥയാണിത്. മുഖ്യമന്ത്രിയായ വി എസ് ഒരിക്കൽ ഡൽഹിയിലെ മൗര്യാ ഷെറാട്ടണിൽ താമസിച്ചുവത്രെ. എ സി ഇല്ലാത്ത മുറി വേണമെന്നു വി എസ് വാശിപിടിച്ചു. എ സി ഇല്ലാത്ത, പഴക്കംവന്ന ഒരു ഫാൻ മാത്രമുള്ള ഒരു മുറി ഹോട്ടലുകാർ എങ്ങനെയോ സൗകര്യപ്പെടുത്തി. കട്ടിലിനു നേരെ മുകളിലായിരുന്നു ഫാൻ. ഉറങ്ങാൻ കിടന്ന വി എസ് കുറച്ചുകഴിഞ്ഞു സെക്യൂരിറ്റിയെ വിളിച്ചു കട്ടിൽ ഫാനിന്റെ ചുവട്ടിൽ നിന്ന് നീക്കിയിടാൻ പറഞ്ഞു. അർധരാത്രിക്ക് ശേഷം ആ ഫാൻ പൊട്ടി താഴെ വീണു. ഓടിവന്ന സെക്യൂരിറ്റിയോട് വി എസ് ചോദിച്ചുവത്രെ: “ഇപ്പൊ എങ്ങനെയുണ്ട്!?”
ടെലിവിഷൻ ക്യാമറയുമായി വി എസിനെ പിന്തുടരുന്നത് കൗതുകമുള്ള ഒരു അനുഭവമാണ്. ക്യാമറ, തന്നെ കാണുന്നുണ്ടെന്ന് തോന്നിയാൽ ശരീരഭാഷയിൽ ചെറിയൊരു പരിവർത്തനം വരാനുണ്ട്. ഒരു ജനക്കൂട്ടം തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന മട്ടിൽ അവർക്കു വേണ്ടിയാണ് പിന്നെ വാക്കുകളും ചലനങ്ങളും. വാർത്താ ക്യാമറകളെ ഇങ്ങനെ മാനിപുലേറ്റ് ചെയ്ത മറ്റൊരു നേതാവില്ല. മാനിപുലേറ്റ് എന്ന വാക്ക് ചിലപ്പോൾ തെറ്റായിരിക്കാം. ക്യാമറകൾക്ക് മേൽ വാക്കുകൾ കൊണ്ടും ശരീരഭാഷ കൊണ്ടുമുള്ള സമ്മതനിർമിതി.

ഫാരിസ് അബൂബക്കറിനെ കുറിച്ച് പോളിറ്റ് ബ്യുറോക്ക് എഴുതിയ ഒരു കത്തിൽ വി എസ് ഒളിഗാർക്ക് എന്നൊരു പ്രയോഗം നടത്തി. ആ വാർത്ത റിപ്പോർട്ട് ചെയ്ത ഞങ്ങൾ അധികാരം തേടിവരുന്ന നവസമ്പന്നൻ എന്നൊക്കെ വിശദീകരിച്ചു. “വെറുക്കപ്പെട്ടവൻ” എന്ന ഒറ്റവാക്കിൽ പിറ്റേന്ന് വി എസ് അതിനെ പരിഭാഷപ്പെടുത്തി. കൊച്ചി വളന്തക്കാട്ടു കായലിൽ ഫാരിസ് സ്വപ്നം കണ്ട 2000 കോടി രൂപയുടെ ആസ്തിയാണ് ആ ഒറ്റവാക്കിൽ ആവിയായി പോയത്.
ഒരു ടെലിവിഷൻ റിപ്പോർട്ടർ എന്ന നിലയിൽ ഞാൻ തുടർച്ചയായി ഏറ്റവും കൂടുതൽ സമയം ജോലി ചെയ്തത് ഒരു വി എസ് എപ്പിസോഡിന് വേണ്ടിയാണ്. ജനകീയ സമരത്തിലൂടെ 2006ൽ സ്ഥാനാർഥിത്വം പിടിച്ചു വാങ്ങിയ വി എസ്, മലമ്പുഴയിലേക്കു നടത്തിയ ആദ്യ യാത്രയെക്കുറിച്ചുള്ള “ഫോളോ ദി ലീഡർ” പരിപാടി. മോർണിംഗ് ഷിഫ്റ്റിൽ രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിയിൽ കയറിയ എന്നോട്, ഡ്യൂട്ടി കഴിഞ്ഞു പോകാനൊരുങ്ങുമ്പോഴാണ് നികേഷ് കുമാർ, വി എസിന്റെ കൂടെ പോകണമെന്ന് പറഞ്ഞത്. അന്ന് രാത്രിയുള്ള അമൃത എക്സ്പ്രസ് വണ്ടിയിൽ വി എസ് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. വീട്ടിൽ പോകുന്നത് മാറ്റിവെച്ചു ഞാൻ അതിനുള്ള ഒരുക്കങ്ങൾ ചെയ്തു. രാത്രി മൂന്ന് മണിയോടെ ഞങ്ങൾ കൊച്ചിയിൽ നിന്ന് വി എസിന്റെ വണ്ടിയിൽ കയറി. പുലർച്ചെ വണ്ടി ഷൊർണൂരിലെത്തുമ്പോൾ കയ്യിൽ ചുവന്ന റിബൺ കെട്ടിയ നൂറുകണക്കിന് പെൺകുട്ടികൾ അവിടെ കാത്തുനിൽക്കുന്നുണ്ട്. വാതിൽക്കൽ ചെന്ന് അവരെ അഭിവാദ്യം ചെയ്ത ശേഷം വി എസ് തിരിച്ചെത്തുമ്പോൾ ആവേശഭരിതനായിരുന്നു. തുടർന്ന്, തന്റെ കുട്ടിക്കാലത്തെ കുറിച്ചും ആരോഗ്യനിഷ്ഠകളെ കുറിച്ചും എന്നോട് സംസാരിച്ചു. ട്രെയിൻ ഒറ്റപ്പാലം പിന്നിട്ടപ്പോൾ തമിഴനായ ക്യാമറാമാൻ സെൽവരാജാണ് “സർ, ഒരു പാട്ട് പാടുമോ?” എന്ന് ചോദിച്ചത്. ഞാൻ സങ്കോചപ്പെട്ടു സെൽവർരജിനെ നോക്കുന്നതിനിടയിൽ വി എസ് നീട്ടിപ്പാടിത്തുടങ്ങി: “ബലികുടീരങ്ങളേ…”
മലമ്പുഴയിലെ ഒരു ദിവസത്തെ പ്രചാരണം കഴിഞ്ഞു രാത്രി പത്തുമണിയോടെ ക്യാമറയിൽ “റ്റാറ്റാ” പറഞ്ഞു വി എസ് ഞങ്ങളെ യാത്രയാക്കി. പാലക്കാട് ബ്യുറോയിൽ വന്നു ഒന്ന് കുളിച്ചെന്നു വരുത്തി, കെ എസ് ആർ ടി സി ബസിനു കൊച്ചിയിലേക്ക്. തൃശൂരിനും കൊച്ചിക്കുമിടയിൽ ഒരുമണിക്കൂർ കണ്ണടച്ചു. ടുട്ടൂസ് ടവറിലെത്തുമ്പോൾ തുടർച്ചയായി മൂന്നു ഷെഡ്യൂൾ എഡിറ്റ് സ്യൂട്ട് വി എസിനു വേണ്ടി മാറ്റിവെച്ചിരുന്നു. വൈകുന്നേരം 7.30ന് ചാർട്ട് ചെയ്ത ഷോ എഡിറ്റ് ചെയ്തു കൊടുത്തിറങ്ങുമ്പോൾ ഞാൻ ലിഫ്റ്റിൽ ഉറങ്ങിപ്പോയി. അപ്പോഴേക്കും ജോലി തുടങ്ങിയിട്ട് 64 മണിക്കൂർ പിന്നിട്ടിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ പേടി തോന്നും. അത് അങ്ങനെയൊരു കാലമായിരുന്നു.

ഒരു നൂറ്റാണ്ടു കടന്ന ജീവിത സമരം അവസാനിപ്പിച്ചു വി എസ് പിൻവാങ്ങിയിരിക്കുന്നു.
ഇ എം എസ് മരിച്ചപ്പോൾ ഒ വി വിജയൻ എഴുതിയ വാക്യങ്ങൾ ഓർത്തെഴുതുകയാണ്: അഭിവന്ദ്യ സഖാവേ, വിട. ചെറിയ ചെറിയ അഭിപ്രായ ഭിന്നതകൾ നമുക്ക് മറക്കാം. അങ്ങ് ജീവിച്ചിരുന്നില്ലെങ്കിൽ ഞങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ജീവിതം ഇന്നത്തേക്കാൾ എത്രയോ ദരിദ്രമായിപ്പോയേനെ. ഞങ്ങൾ ഇന്നത്തേക്കാൾ എത്രയോ ചെറിയ മനുഷ്യരായിപ്പോയേനെ. ലാൽസലാം.
എം. പി. ബഷീർ