
പൈലറ്റില്ലാതെ കോണ്‍ഗ്രസും സച്ചിനും .
സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി അധ്യക്ഷ പദവിയില്‍ നിന്നു നീക്കം ചെയ്തതിലേക്കു നയിച്ച സംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സച്ചിനും തെറ്റുകളേറെ.പഠിക്കാനും തിരുത്താനുമേറെ
.ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ഇന്നു സച്ചിനു നല്‍കിയ ഉപദേശം ആണ് ശ്രദ്ധേയം. ‘സച്ചിന്‍ ക്ഷമയോടെ കാത്തിരിക്കണം. വൈകാരികമായി പ്രതികരിക്കരുത്. എനിക്കും ഇത്തരം തടസങ്ങളുണ്ടായിട്ടുണ്ട്. അധികാരത്തിന്റെ പിന്നാലെ ഓടരുത്. അതു തനിയെ എത്തും. സച്ചിനു കൊടുക്കേണ്ട അംഗീകാരം ഗെലോട്ടും നല്‍കണം.’ രാഷ്ട്രീയത്തില്‍ ചെറുപ്പക്കാരും മുതിര്‍ന്നവരും ഓര്‍ത്തിരിക്കേണ്ട വലിയ ഉപദേശമാണിത്. ക്ഷമയോടെ കാത്തിരിക്കുകയെന്നതു പ്രധാനമാണ്
.2012 ഏപ്രില്‍ മേയ് മാസങ്ങളിലായി ദക്ഷിണാഫ്രിക്കയിലേക്കും സീഷെല്‍സ് ദ്വീപിലേക്കും ഞാനും സച്ചിന്‍ പൈലറ്റും ഒരുമിച്ചു ഒരാഴ്ച നീണ്ട യാത്ര ചെയ്തിട്ടുണ്ട്. വ്യക്തിപരമായി നല്ലൊരു സുഹൃത്താണ് സച്ചിന്‍. ഭാവിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനോ, പ്രധാനമന്ത്രിയോ പോലും ആകാന്‍ സാധ്യതയുള്ള നേതാവുമായിരുന്നു. മികച്ച ഭാവിയുള്ള കോണ്‍ഗ്രസിലെ ചെറുപ്പക്കാരനായിരുന്നു രാജേഷ് പൈലറ്റിന്റെ ഈ മകന്‍. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ കേന്ദ്രസഹമന്ത്രി കൂടിയായിരുന്നു സച്ചിന്‍. എന്നും ഉറച്ച കോണ്‍ഗ്രസുകാരനും. വെറും 42 വയസില്‍ എംപി, കേന്ദ്രസഹമന്ത്രി, പിസിസി അധ്യക്ഷന്‍, ഉപമുഖ്യമന്ത്രി എന്നിവയെല്ലാം കിട്ടി. ഇനിയും പലതും വരുകയും ചെയ്യും.
പിന്നെന്തേ ഇപ്പോഴത്തെ സ്ഥിതിയിലായി എന്നതാണു ചോദ്യം. സ്വയം കുഴി കുഴിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സച്ചിനും ഒരു പോലെ ഉത്തരവാദിത്വമുണ്ട്. കൂടുതല്‍ ജനകീയനും സീനിയറുമായ അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള പ്രശ്‌നം തെരഞ്ഞെടുപ്പിനു മുമ്പേ തുടങ്ങിയതാണ്. മുമ്പു കെ. കരുണാകരനും എ.കെ. ആന്റണിയും കേരളത്തില്‍ നടത്തിയ ഗ്രൂപ്പു പോരു തന്നെ. രാജസ്ഥാനില്‍ പക്ഷേ ഗെലോട്ടിനായിരുന്നു വലിയ മേല്‍ക്കൈ ജനപിന്തുണ കൂടുതലും.
ലാളിത്യത്തിലും മാന്യതയിലും ജനകീയതയിലും ഗെലോട്ട് ബഹുമാനം ആര്‍ജിച്ചിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 2004-ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി രാജസ്ഥാനിലെത്തിയപ്പോള്‍ ഗോലോട്ട് ആയിരുന്നു മുഖ്യമന്ത്രി. അഭിമുഖത്തിന് അനുവാദം ചോദിച്ചപ്പോള്‍, പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണത്തിനു മുഖ്യമന്ത്രിയുടെ വസതിയിലേക്കു വരാനായിരുന്നു ക്ഷണം കിട്ടിയത്. കേരളത്തിലെ ഒരു മന്ത്രിയുടെ വീട്ടിലെ സുരക്ഷ പോലുമില്ല. മുഖ്യമന്ത്രി തന്നെയാണ് ഇറങ്ങി വന്നു സ്വീകരിച്ചത്. ഡല്‍ഹിലെയും കേരളത്തിലെയും വിശേഷങ്ങള്‍ പങ്കുവച്ചു. തെരഞ്ഞെടുപ്പു കാലത്തെ ടെന്‍ഷനോ, തിരക്കോ അദ്ദേഹം കാട്ടിയതുമില്ല. ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ ക്ഷണിച്ചതും ഗെലോട്ട് തന്നെ. മേശയില്‍ ഇരുന്നയുടന്‍ മുഖ്യമന്ത്രി നേരിട്ട് അടുക്കളയിലേക്കു പോയി. ചൂട് റൊട്ടി എടുത്തുകൊണ്ടായിരുന്നു വരവ്. അദ്ദേഹവും ഞങ്ങളോടൊപ്പമിരുന്നു ലളിതമായ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു. ഭക്ഷണമുറിയൊക്കെ തീര്‍ത്തും സാധാരണം. ഫ്രിഡ്ജ് ആകട്ടെ പഴയതും. ആഢംബരം ഒരിടത്തുമില്ല, ഒന്നിനുമില്ല. രാഷ്ട്രീയം പറഞ്ഞതും കാപട്യങ്ങളില്ലാതെ

.കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചതില്‍ ഗെലോട്ടിനു തന്നെ മുഖ്യപങ്ക്. സച്ചിന്റെ സേവനങ്ങളും കോണ്‍ഗ്രസ് മറക്കരുത്. അതിനാല്‍ തന്നെ ഇരു ഗ്രൂപ്പുകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടമയും ഉത്തരവാദിത്വവുമായിരുന്നു. ഗെലോട്ടിന്റെ ഈ ടേം കൂടി കഴിയുന്നതു വരെ കാത്തിരിക്കാന്‍ സച്ചിനും തയാറാകേണ്ടതായിരുന്നു.
