വിശുദ്ധ കുരിശിനെതിരെ അവഹേളനം: മുട്ട് കുത്തി പ്രതിഷേധവുമായ് യുവാക്കൾ
തൃശൂർ: വിശുദ്ധ കുരിശിനെ വളരെ തരംതാണ രീതിയിൽ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ മുട്ട് കുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം തൃശ്ശൂർ അതിരൂപത.
തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സദസ്സിന് അതിരൂപത ജനറൽ സെക്രട്ടറി സാജൻ മുണ്ടൂർ സ്വാഗതം പറഞ്ഞു. അതിരൂപത പ്രസിഡന്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്രൈസ്തവ മത ചിഹ്നം ആയ വിശുദ്ധ കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്ക് എതിരെ ഉടൻ തന്നെ മതനിന്ദ കുറ്റത്തിന് കേസ് എടുക്കുവാനുള്ള ആർജ്ജവത്വം അധികാരികൾ കാണിക്കണമെന്ന് ഉദ്ഘാടന വേളയിൽ സംസ്ഥാന സെകട്ടറി ആവശ്യപ്പെട്ടു.
അതിരൂപത വൈസ് പ്രസിഡന്റ് ജിഷാദ് ജോസ്, സെക്രട്ടറി ജിയോ മാഞ്ഞൂരാൻ, സെനറ്റ് മെംബർ ശരത്ത് ജോസഫ് എന്നിവർ പ്രതിഷേധ സദസ്സിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇതിനെതിരെ തൃശ്ശൂർ അതിരൂപതയിലെ പതിനാറ് ഫൊറോനകളിലും, യൂണിറ്റ് തലങ്ങളിലും ശക്തമായ പ്രതിഷേധം നടത്തും എന്ന് പ്രതിഷേധ സദസ്സ് പറഞ്ഞു.