
കൊറോണയുടെ കളി കാക്കിയിട്ടവനോട് വേണ്ടെന്ന് ആവർത്തിച്ചു പറയുന്ന ഓട്ടോ കൂട്ടുകാർക്ക് നല്ല നമസ്കാരം.

കൊറോണയും ലോക് ഡൗണും തുടർന്നുള്ള മാന്ദ്യവും മൂലം സംസ്ഥാനത്തെ 5 ലക്ഷത്തോളം വരുന്ന ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്.മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിച്ച 2000 രൂപയാണ് ഏക സമാശ്വാസം.അവിടെ നിന്ന് പുതു വഴിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ ഓടുന്ന ഏതാനും ഓട്ടോക്കാരെ പരിചയപ്പെടാം.ആലുവയിൽ ഓട്ടോ ഓടിച്ചിരുന്ന പാനായികുളം സ്വദേശി ഷാജി തന്റെ ഓട്ടോ സഞ്ചരിക്കുന്ന ചായക്കടയാക്കി മാറ്റിയിരിക്കുകയാണ്.വീട്ടിൽ തയാറാക്കിയ ചെറുകടികളും മസാല ചായയും സ്നേഹത്തോടെ വിളമ്പുന്ന ഷാജി ഹാപ്പിയാണ്.മാഞ്ഞാലി സ്വദേശിയായ ജബ്ബാർ, പൈനാപ്പിളും തേങ്ങയുമായാണ് ഇപ്പോൾ ഓടുന്നത്. മുപ്പത്തടത്തെ ഓട്ടോക്കാർ ദുരിതകാലം അതിജീവിക്കാൻ കുറെ കൂടി കടന്നു ചിന്തിച്ചു.ഓട്ടോസ്റ്റാന്റ് പച്ചക്കറി മാർക്കറ്റായി മാറ്റിയിരിക്കുകയാണവർ. ഓട്ടമില്ലാത്തവർ പച്ചക്കറി വിൽപന നടത്തും. വീട്ടിലേക്കുള്ള പച്ചക്കറിക്കു പുറമെ എല്ലാവർക്കും കച്ചവടത്തിലൂടെ ചെറിയൊരു തുകയും ലഭിക്കുന്നുണ്ട്. ഓട്ടമില്ലാത്തതിനാൽ സ്റ്റാന്റിൽ കാരംസ് കളിച്ചും സൊറ പറഞ്ഞും സമയം പോക്കാൻ ഇവർ ഒരുക്കമല്ല.കൊറോണയുടെ കളി കാക്കിയിട്ടവനോട് വേണ്ടെന്ന് ആവർത്തിച്ചു പറയുന്ന ഓട്ടോ കൂട്ടുകാർക്ക് നല്ല നമസ്കാരം
.ഷിജോ ആൻ്റണി
shijovarapuzha@gmail.com