ഖുറാന്റെ പേരില്‍ സിപിഎം വിവാദമുണ്ടാക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

Share News

മലപ്പുറം: സ്വര്‍ണക്കള്ളക്കടത്തു കേസില്‍നിന്നു രക്ഷപെടാന്‍ ഖുറാന്റെ പേരില്‍ വിവാദമുണ്ടാക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആരോപണ വിധേയര്‍ അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്ത്, റമസാന്‍ കിറ്റ്, ഖുറാന്‍ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയല്ല വേണ്ടതെന്ന കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഖുറാന്‍ വിഷയം സംബന്ധിച്ച്‌ പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ചു. ഓരോ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ ഈ നാട്ടില്‍ നിര്‍ബാധം കൊണ്ടുനടക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത് ഇന്നലെ അധികാരത്തില്‍ വന്ന കേരള സര്‍ക്കാര്‍ കൊടുത്ത സൗജന്യമല്ല.”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസില്‍നിന്ന് രക്ഷപ്പെടാനായി ഇക്കാര്യം വിവാദമാക്കുന്നതില്‍ കാര്യമില്ല. ഇവിടെ ഉന്നയിക്കപ്പെടുന്ന ആരോപണം വേറെയാണ്. അതിനാണ് കൃത്യമായി മറുപടി നല്‍കേണ്ടത്. അല്ലാതെ സക്കാത്തും റമദാന്‍ കിറ്റ് ഖുര്‍ആന്‍ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയല്ല വേണ്ടത്.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിക്ക് മുതലെടുക്കാന്‍ അവസരം കൊടുക്കുന്നത് ഇത് വിവാദമാക്കുന്നവരാണ്. ഇന്നത്തെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് പല അജണ്ടയുമുണ്ട്. ഞങ്ങള്‍ക്കത് അറിയാം. ശ്രദ്ധിക്കേണ്ടത് വിവാദമുണ്ടാക്കി തടിയൂരാന്‍ ശ്രമിക്കുന്നവരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share News