സിആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

Share News

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ ഡോ. സിആര്‍ ഓമനക്കുട്ടന്‍
അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു.

അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് സി ആര്‍ എഴുതിയ പരമ്പര’ശവം തീനികള്‍’ വലിയ ചര്‍ച്ചയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര. കാണാതാകുമ്പോള്‍ രാജന്റെ അച്ഛന്‍ ഈച്ചരവാര്യരും ഓമനക്കുട്ടനും ഒരേമുറിയിലായിരുന്നു താമസം. മകനെ തേടിയുള്ള ഈച്ചരവാര്യരുടെ പോരാട്ടങ്ങള്‍ അടുത്തുനിന്ന് കണ്ടതിന്റെ ആത്മസംഘര്‍ഷം വാക്കുകളിലാക്കിയതായിരുന്നു ‘ശവം തീനികള്‍’.

എലിസബത്ത് ടെയ്ലര്‍, മിസ് കുമാരി എന്നിവരുടെ ജീവിതകഥകള്‍ എഴുതിയ ഓമനക്കുട്ടന്‍, പില്‍ക്കാലത്ത് ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി. 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്

ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്കായിരുന്നു പുരസ്‌കാരം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ ജോലി ചെയ്തു. ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ് മകനാണ്.

Share News