അപ്പൻ്റെ സ്വന്തം മരുമകൾ

Share News

രോഗിയാണയാൾ.
ഷുഗർ കൂടിയതിനാൽ കാഴ്ച നഷ്ടമായി.
ഒരു കാൽ മുറിച്ചു മാറ്റപ്പെട്ടു.
പരസഹായം കൂടാതെ ഒന്നും
ചെയ്യാൻ പറ്റാത്ത സ്ഥിതി.

വൃദ്ധനായ ആ മനുഷ്യനെ
ഇൻ്റർവ്യൂ ചെയ്യാൻ പത്രക്കാർ ചെന്നു. അയാളുടെ ജീവിതത്തിലെ അവസ്ഥയെക്കുറിച്ച് അയാൾ
ഇങ്ങനെ വിവരിച്ചു:

“എന്നെ കണ്ടിട്ട്
നിങ്ങൾക്കെന്തു തോന്നുന്നു?
ഈയൊരു സ്ഥിതിയിൽ ഏറ്റവും സ്നേഹത്തോടും അതിലേറെ
കരുതലോടും കൂടി എന്നെ
ശുശ്രൂഷിക്കുന്നതാരാണെന്നറിയാമോ?
അത് മറ്റാരുമല്ല, എൻ്റെ മരുമകളാണ്!

സഹായിക്കാനായി അങ്ങനെയൊരാൾ ഇല്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കും?
മലമൂത്ര വിസർജനം കൊണ്ട് ചീഞ്ഞുനാറുന്ന ഈ വല്ല്യപ്പനെ ആരു തിരിഞ്ഞു നോക്കും?

അതു കൊണ്ട്, ഏറെ സംതൃപ്തിയോടെ
ഞാൻ പറയുകയാ;
‘ദൈവം എനിക്കായ് ഒരുക്കിവച്ച
കരുതലാണ് എൻ്റെ മരുമകൾ!’

നിങ്ങൾക്കറിയുമോ,
ധാരാളം സ്വത്തുള്ള
പുളിമൂട്ടിൽ കുടുംബത്തിൽ നിന്നും വന്നതാണവൾ.
എന്നെ ശുശ്രൂഷിക്കുമ്പോൾ അവളുടെ കുടുംബത്തിൽ ഉള്ളതിനേക്കാൾ സമ്പത്ത് അവളുടെ ഹൃദയത്തിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.

‘നിനക്കിതെല്ലാം ബുദ്ധിമുട്ടാകില്ലേ’
എന്നു ചോദിച്ചപ്പോൾ അവളുടെ
മുഖത്തു വിരിഞ്ഞ പുഞ്ചിരിയുണ്ടല്ലോ,
ഒരു ജന്മം മുഴുവൻ തപസിരുന്നാൽ കിട്ടാത്തത്ര മഹത്വമുണ്ടതിന് !”

2012 മാർച്ച് 23-ന്
ആ അമ്മായിയപ്പൻ മരിച്ചു.
പഴയ തലമുറയിലെ ഏവർക്കും
അറിയാവുന്ന വ്യക്തിയാണയാൾ.
ഒരു കാലത്ത് വില്ലൻ വേഷങ്ങളിൽ
അരങ്ങു തകർത്ത പ്രശസ്ത നടൻ
ശ്രീ. ജോസ് പ്രകാശ്!
(കടപ്പാട്: സൺഡേ ശാലോം ).

ആരേയും കുറ്റപ്പെടുത്താനോ ആക്ഷേപിക്കാനോ അല്ല ഇതെഴുതിയത്.
മറിച്ച്, ഒരു പ്രവചനം പോലെ
ക്രിസ്തു പറഞ്ഞ വചനം
ഇന്നു വായിച്ചപ്പോൾ
ഇതെഴുതണമെന്നു തോന്നി.
അത്രമാത്രം.

“പിതാവു പുത്രനും
പുത്രന്‍ പിതാവിനും എതിരായും,
അമ്മ മകള്‍ക്കും
മകള്‍ അമ്മയ്‌ക്കും എതിരായും, അമ്മായിയമ്മ മരുമകള്‍ക്കും
മരുമകള്‍ അമ്മായിയമ്മയ്‌ക്കും
എതിരായും ഭിന്നിക്കും.”
(ലൂക്കാ 12 : 53)

ശരിയാണ്,
പല കുടുംബങ്ങളിലും
ക്രിസ്തു പറഞ്ഞ രീതിയിൽ
കലഹങ്ങളും ഭിന്നതകളുമൊക്കെയുണ്ട്. എന്നാൽ മേൽ സൂചിപ്പിച്ച
കുടുംബത്തിലെ പോലെ
എത്രയെത്ര കുടുംബങ്ങളിലാണ് മാതാപിതാക്കളും മക്കളും
മരുമക്കളും ബന്ധുക്കളുമെല്ലാം ഐക്യത്തിലും പരസ്പരധാരണയിലും ജീവിക്കുന്നത്?

സത്യത്തിൽ, കുടുംബത്തിൽ ഉള്ളവരെല്ലാം അല്പമൊക്കെ ത്യാഗമനസ്ഥിതി പുലർത്തിയാൽ നമ്മുടെ കുടുംബങ്ങൾ
എത്ര സന്തോഷകരമാകുമായിരുന്നു!

എന്നാൽ,
ആ സന്തോഷത്തിൻ്റെയും
ഐക്യത്തിൻ്റെയും പ്രധാന താക്കോലുകൾ അമ്മായിയമ്മയുടെയും മരുമകളുടെയും കൈകളിലാണെന്ന് എത്ര പേർക്കറിയാം?
ഇവർക്കിടയിൽ വരുന്ന
പാളിച്ചകൾ മൂലമല്ലേ
പല കുടുംബങ്ങളിലെയും
വിളക്കണഞ്ഞു പോകുന്നത്?

ഫാദർ ജെൻസൺ ലാസലെറ്റ്
ആഗസ്റ്റ് 13 – 2020.

Share News