വികസനം v/s ജനാധിപത്യം!

Share News

വികസനം മുഖ്യ അജണ്ടയാകുമ്പോൾ ജനാധിപത്യം ക്ഷീണിച്ചു പോകുന്നതായി ചരിത്രത്തിൽ ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ട്! ജനാധിപത്യം പുഷ്കലമാകുമ്പോൾ വികസന മുരടിപ്പുണ്ടാകും എന്നതിന് ഇന്ത്യയിൽ ജീവിക്കുന്നവർ മറ്റ് ഉദാഹരണങ്ങൾ തേടിപ്പോകേണ്ടതുമില്ല! ഇന്ത്യയുടെ രാഷ്ട്രശില്പികൾ ജനാധിപത്യത്തിനാണ് ഒന്നാം സ്ഥാനം നൽകിയത്.

രാഷ്ട്രീയ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഇന്ത്യയിൽ ഭരണഘടനാപരമായും നിയമം മൂലവും സംരക്ഷിക്കപ്പെടുകയും രാഷ്ട്രീയമായ കൈകടത്തലുകളിൽനിന്നും അടിച്ചമർത്തലുകളിൽനിന്നും പരിരക്ഷിക്കപ്പെടുകയും ചെയ്തുപോരുന്നു! ‘അടിയന്തരാവസ്ഥ’യുടെ നാളുകളിൽ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിയന്ത്രിക്കുവാനുള്ള രാഷ്ട്രീയ നീക്കമുണ്ടായെങ്കിലും, ഇന്ത്യൻ ജനത അതിനെ അതിജീവിച്ചു! വികസനത്തിനാവശ്യമായ കാര്യക്ഷമതയും അച്ചടക്കവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവച്ചതെങ്കിലും, അടിയന്തരാവസ്ഥയുടെ യഥാർത്ഥ ലക്ഷ്യങ്ങൾ രാഷ്ട്രീയ ആധിപത്യമായിരുന്നു എന്നു പലരും വസ്തുനിഷ്ഠമായിത്തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്!

ഏതൊരു രാജ്യത്തിന്റെയും, വികസനപരമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ, അതിനായി ജനങ്ങളുടെ ജനാധിപത്യപരമായ പൗരാവകാശങ്ങളും, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മനുഷ്യാവകാശങ്ങളും കവർന്നെടുക്കപ്പെടാൻ പാടുള്ളതല്ല. ഇക്കാര്യത്തിൽ, വികസനത്തിൽ ആരെ മാതൃകയാക്കണം എന്ന് ‘ജനാധിപത്യത്തിന്റെ മാതാവായ’ ഇന്ത്യ ആലോചിക്കണം.

ഇന്ത്യ ആരേ മാതൃകയാക്കണം?

ഇന്ത്യ ആരേ മാതൃകയാക്കണം എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. മുൻ സോവിയറ്റ് യൂണിയനെയോ ചൈനയെയോ പോലുള്ള ‘സോഷ്യലിസ്റ്റ്’ രാജ്യങ്ങളെ മാതൃകയാക്കിയാൽ, ‘ജനാധിപത്യം’ നാമമാത്രമായി മാറും! അല്ലെങ്കിൽത്തന്നെ, സോഷ്യലിസവും വികസനവും താത്വികമായും ചരിത്രപരമായും വിരുദ്ധ ധ്രുവങ്ങളിലേക്കു സഞ്ചരിക്കാൻ വിധിക്കപ്പെട്ടവയാണ്! സോഷ്യലിസം ലക്ഷ്യംവച്ചു ഭരണം നടത്തുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങൾ സാമ്പത്തികമായി തകർന്നുപോകുന്നതിനു കാരണവും അതുതന്നെയാണ്!

സോഷ്യലിസത്തിന്റെ സ്ഥാനത്തു മുതലാളിത്തത്തെ പ്രതിഷ്ഠിക്കുകയും രാഷ്ട്രീയമായി കമ്യൂണിസ്റ്റ് ഭരണക്രമം നിലനിർത്തുകയും ചെയ്യുന്ന ആധുനിക ‘വികസിത’ ചൈനയിൽ, ജനാധിപത്യത്തെ അവർ ടാങ്കുപയോഗിച്ചാണ് നേരിടുന്നത്!

ഇന്ത്യയുടെ അയൽ രാജ്യങ്ങളായ മിഡിൽ ഈസ്റ്റിലെ സമ്പന്ന ഇസ്ലാമിക രാജ്യങ്ങളെ മാതൃകയാക്കിയാൽ, വികസനത്തിൽ കുതിപ്പുണ്ടാക്കാൻ ഇന്ത്യക്കു കഴിയും, എന്നാൽ ‘ന്യൂനപക്ഷ അവകാശങ്ങ’ളുടെ ഗതി എന്തായിരിക്കും? പൗരാവകാശം മനുഷ്യാവകാശം എന്നിവയൊക്കെ ഒരു മതത്തിന്റെ നിർവചനങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ചു രാഷ്ട്രത്തിൽ നടപ്പിലാക്കുക എന്നതിൽ പതിയിരിക്കുന്ന അപകടം ചെറുതല്ല!

ആഫ്രിക്കയിലെ പല രാജ്യങ്ങളിലേയുംപോലെ, ഒരു രാഷ്ട്രനേതാവിന്റെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചു രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കപ്പെടുന്ന സാഹചര്യമുണ്ടായാലും, അപകടകരമാണ്. ‘പൗരൻ’ എന്ന നിലയിലുള്ള ജനങ്ങളുടെ തുല്യതയും സ്വാതന്ത്ര്യവും അവകാശങ്ങളും പാടേ അവഗണിക്കപ്പെടും!

പാശ്ചാത്യരാജ്യങ്ങളെ കണ്ണടച്ച് അനുകരിക്കാൻ ശ്രമിച്ചാലും പ്രശ്നങ്ങളുണ്ടാകും! മാത്രവുമല്ല, അത് അജകത്വമുണ്ടാക്കുകയും ചെയ്യും! കാരണം രണ്ടാണ്: ഒന്നാമതായി മിക്ക പാശ്ചാത്യ രാജ്യങ്ങളും ഇപ്പോൾത്തന്നെ വികസിത രാജ്യങ്ങളാണ്. അവ വികസനത്തിലും ജനാധിപത്യ ജീവിതക്രമത്തിലും നമ്മെക്കാൾ മുൻപന്തിയിലാണ്. രണ്ടാമതായി, അത്തരം രാജ്യങ്ങളിൽ നിലനിൽക്കുന്ന “നിയമ വാഴ്ച” നമുക്കുള്ളതിനേക്കാൾ ശക്തമാണ്! നമ്മൾ ആ നിലവാരത്തിലേക്ക് എത്താൻ ഇനി ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്! സഞ്ചരിക്കണം! ഇക്കാര്യത്തിൽ, ഇന്ത്യ തന്നതായ വഴി പിന്തുടരുന്നതാണ് അഭികാമ്യം!

ഇന്ത്യയുടെ തനതു വഴി എന്തായിരുന്നു? എന്തായിരിക്കണം?

ഇന്ത്യൻ രാഷ്ട്ര ശില്പികളിൽ പ്രമുഖനും ദീർഘകാലം പ്രധാനമന്ത്രിയുമായിരുന്ന ജവാഹർലാൽ നെഹ്‌റു ‘സോഷ്യലിസ്റ്റ്’ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നെങ്കിലും, പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. രാഷ്ട്രീയമായി മുതലാളിത്ത ചേരിയോട് അകലം പാലിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നെങ്കിലും, രാജ്യത്തിന്റെ വികസനത്തെ സംബന്ധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ ആദ്ദേഹം ദീർഘദൃഷ്ടിയും സ്വതന്ത്ര ചിന്താഗതിയും പുലർത്തി! അതു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒരു പരിധിവരെ, ശക്തിപ്പെടുത്തി.

എങ്കിലും, അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ അഴിമതിയും കെടുകാര്യസ്ഥതയും അച്ചടക്കമില്ലായ്മയും നിറഞ്ഞ ഒരു ബ്യൂറോക്രസിയെയും ഭരണകൂടത്തേയും വളർത്തുന്നതായിരുന്നു എന്ന വിമർശനം ശക്തമാണ്.

ഈ സാഹചര്യം മുതലെടുത്ത്, അഴിമതിക്കും സ്വജന പക്ഷപാതത്തിനും കുടപിടിക്കുകയും തൻകാര്യം നേടുകയും ചെയ്യുന്ന ഭരണാധികാരികളുടെയും ഉദ്യോഗസ്ഥ-ട്രെയ്ഡ്യൂണിയൻ കൂട്ടുകെട്ടിന്റെയും ഒരു രാഷ്ട്രീയ സാഹചര്യം ഇന്ത്യയിൽ വളർന്നുവന്നു! രാഷ്ട്രീയക്കാരുടെ കൈപ്പിടിയിൽ സാധാരണക്കാരുടെ വികസന സ്വപ്‌നങ്ങൾ വാടിവീണുകൊണ്ടിരുന്നു എന്നതാണ് യാഥാർഥ്യം! ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും അഴിമതിയും കെടുകാര്യസ്ഥതയും തഴച്ചു വളർന്നു! ഇന്ത്യയിൽ പട്ടിണി പാവങ്ങൾ പെരുകി! ഇതായിരുന്നു തൊണ്ണൂറുകൾ വരെയുള്ള ഇന്ത്യ!

ഈ വികസന മുരടിപ്പു മാറ്റിയെടുത്ത രാഷ്ട്രീയ നേതാക്കൾ ശ്രീ. നരസിംഹ റാവുവും ഡോ. മൻമോഹൻ സിങ്ങുമാണ് എന്നതിൽ ആരും തർക്കം ഉന്നയിക്കും എന്നു കരുതുന്നില്ല! ഇന്ത്യ ഇന്നു ലോകത്തിനുമുൻപിൽ തിളങ്ങിനിൽക്കുന്നെങ്കിൽ, അതിനു പ്രധാന കാരണക്കാർ അവരിരുവരും അവരെ തുടർന്നു വന്ന രാഷ്ട്രീയ നേതൃത്വങ്ങളുമാണ് എന്നു പറയുന്നതിൽ അതിശയോക്തിയില്ല.

ഇന്നു വികസന രംഗത്ത് ഇന്ത്യ ലോകരാജ്യങ്ങൾക്കുമുൻപിൽ തലടെയുപ്പോടെ നിൽക്കുകയാണ്! ശ്രീ. നരേന്ദ്രമോദിജി നേതൃത്വം നല്കുന്ന സർക്കാർ ഇക്കാര്യത്തിൽ ശരിയായ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു എന്നത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമാണ്. എന്നാൽ, ഇവിടെ ഒരു കാര്യം ആരും മറക്കരുത്: വികസനത്തിന്റെ മറവിൽ പൗരാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ധ്വമ്സിക്കപ്പെട്ടുകൂടാ!

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചർച്ചയാകുന്നു! ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷ രാഷ്ട്രീയ ശക്തികളുടെ പിന്തുണയോടെ ആക്രമിക്കപ്പെടുകയും സാമൂഹ്യമായി ഒതുക്കപ്പെടുകയും സമ്മർദ്ദത്തിലാക്കപ്പെടുകയും ചെയ്യുന്നു എന്ന വിമർശനം അന്താരാഷ്ട്ര വേദികളിൽ ഉയരുന്നു! ഇതു ഗൗരവമായി കാണാൻ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടവും തയ്യാറാകേണ്ടതുണ്ട്!

‘നിയമവാഴ്ച’ ഉയർത്തിപ്പിടിക്കണം

ഇക്കാര്യത്തിൽ ഇന്ത്യ മറ്റാരേയും അനുകരിക്കേണ്ടതില്ല! ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്ന മതേതര ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാതയിൽ മുന്നേറാൻ ഇന്ത്യൻ ജനതയ്ക്കു കഴിയണം. തീവ്രവാദ ശക്തികളെ ഒരു മതവും രാഷ്ട്രീയ പാർട്ടിയും സംരക്ഷിച്ചു വളർത്തരുത്. മത തീവ്രവാദവും തീവ്ര ദേശീയവാദവും സാമുദായിക തീവ്രവാദവും രാഷ്ട്രത്തിനും രാജ്യപുരോഗതിക്കും ജനാധിപത്യ സംസ്കാരത്തിനും ഭീഷണിയാണ്! ഇക്കാര്യത്തിൽ, ‘നിയമാവഴ്ച’യാണ് രാഷ്ട്രം ഉയർത്തിപ്പിടിക്കേണ്ടത്!

ഭരണാധികാരികൾ അതുറപ്പുവരുത്തുകയും വേണം.

പുറമേക്ക് വികസനവും, ഉള്ളിൽ മറ്റു രാഷ്ട്രീയ/വർഗീയ ലക്ഷ്യങ്ങളുമായി ദീർഘ കാലം ഒരു രാജ്യത്തെ നയിക്കാൻ രാഷ്ട്ര നേതാക്കൾക്കോ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ കഴിയില്ല. ‘ജനാധിപത്യം ഇന്ത്യയുടെ ഡി എൻ എ യിലുണ്ട്’ എന്നതിന്റെ തെളിവ്, ഉയർന്ന രാഷ്ട്രീയ ബോധവും വ്യക്തമായ ജനാധിപത്യ മൂല്യങ്ങളും ശക്തമായ നിലപാടുകളുമുള്ള ഒരു ജനതയാണ്.

വികസന രംഗത്തുമാത്രമല്ല, ജനാധിപത്യ പാതയിലും ഇന്ത്യ ശരിയായ പാതയിൽത്തന്നെയാണ് എന്നു ലോകത്തെ ബോധ്യപ്പെടുത്താൻ ഇന്ത്യക്കു കഴിയും! കഴിയണം!

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News