കേരളത്തിലെ മത്സ്യമേഖലയെയും കടലിനെയും മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ധാരണാപത്രങ്ങളുടെയും കരാറുകളുടെയും ഭാഗമാക്കരുത്..

Share News

👉കേരളത്തിൻറെ മത്സ്യസമ്പത്ത് അന്യ ശക്തികളിൽ നിന്ന് സംരക്ഷിക്കാൻ നിരന്തരം പൊരുതുന്ന ഒരു സംസ്ഥാനമാണ് നാം. ഈ സാഹചര്യത്തിൽ നമ്മുടെ മത്സ്യമേഖലയെയും കടലിനെയും സംബന്ധിച്ച് ഒരുവന്‍കിട അമേരിക്കന്‍ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ്.

👉ഇ.എം.സി.സി. ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്.5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. 400 അത്യാധുനിക ആഴക്കടല്‍ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റല്‍ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് പദ്ധതി

.👉 നമ്മുടെ മത്സ്യം നമ്മുടെ സമ്പത്താണ്. നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശകമ്പനികള്‍ മത്സ്യബന്ധനം നടത്തുന്നതിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, മത്സ്യത്തൊഴിലാളികളും വന്‍ചെറുത്തുനില്പാണ് നടത്തി വന്നിരുന്നത്. എന്നാല്‍, ഇപ്പോൾ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തകിടം മറിഞ്ഞ്, വന്‍കിട കുത്തക കമ്പനികള്‍ക്ക് കേരളതീരം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചത് പ്രതിഷേധാർഹമാണ്. ഇപ്പോള്‍ തന്നെ കേരളത്തിന്റെ മത്സ്യബന്ധനമേഖലയും, പരമ്പരാഗത മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിസനധി നേരിടുകയാണ്. മത്സ്യത്തിന്റെ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നു

. 👉വന്‍കിട കുത്തക കമ്പനികളുടെ അനിയന്ത്രിതമായ ആഴക്കടല്‍ മത്സ്യബന്ധപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഏതാണ്ട് എല്ലാ പ്രധാന സമുദ്രമേഖലകളിലെയും മത്സ്യസമ്പത്ത് ശുഷ്‌ക്കമായിപ്പോയെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലും ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെയും ശേഷിച്ചിട്ടുള്ള മത്സ്യസമ്പത്ത് ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത് ശരിയല്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാവും.ആഴക്കടലില്‍ മാത്രമായി ഇവരുടെ മത്സ്യബന്ധം പരിമിതപ്പെടും എന്ന് പറയാനുമാവില്ല എന്നതും ആശങ്കാജനകമാണ്

.👉 കേരളത്തിൻറെ രക്ഷകർ എന്ന് വിളിച്ച മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഈ കരാര്‍ ഒപ്പിടും മുന്‍പ് ഭരണമുന്നണിയില്ലൊ, പ്രതിപക്ഷ പാര്‍ട്ടികളുമായോ മത്സ്യബന്ധനമേഖലയിലെ സംഘടനകളുമായോ ചർച്ച ചെയ്തിട്ടില്ല. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി പിറ്റേ വര്‍ഷം അതായത് 2019 ല്‍ മത്സ്യനയത്തില്‍ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചു. പദ്ധതി ആസൂത്രണം ചെയ്ത ശേഷം മത്സ്യനയത്തില്‍ മാറ്റം വരുത്തിയത് സംശയത്തിനിട നല്‍കുന്നു. 14.01.2019 ലെ സ.ഉ(കൈ) നം. 2/2019/മ.തു.വ ഉത്തരവ് പ്രകാരം കേരള സര്‍ക്കാര്‍ ഫിഷറീസ് നയം പ്രഖ്യാപിച്ചു. പ്രസ്തുത നയത്തിലെ ഖണ്ഡിക 2.9 പ്രകാരമാണ് ഇത്തരമൊരു ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ഇ.എം.സി.സി കമ്പനി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.( മത്സ്യ നയത്തിലെ ഖണ്ഡിക 2.9 ഇങ്ങനെയാണ്. – അമിത ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കോണ്ടിനെന്റല്‍ ഷെല്‍ഫ് ഏരിയയില്‍ നിന്നും നിലവിലെ മത്സ്യബന്ധന സമ്മര്‍ദ്ദം കോണ്ടിനെന്റല്‍ സ്ലോപ്പ് ഏരിയയിലേക്ക് മാറ്റപ്പെടേണ്ടതിന് പുറം കടലില്‍ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കും).

👉അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി. ഇന്റര്‍ നാഷണലിന്റെ സബ്സിഡയറി കമ്പനിയായ ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിയുമായാണ് ധാരണാ പത്രം ഒപ്പിട്ടിരിക്കുന്നത്. താത്പര്യപത്രം ക്ഷണിക്കുകയോ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ ചെയ്തിട്ടില്ല.

👉കരാര്‍ അനുസരിച്ച് 400 അത്യാധുനിക യന്ത്രവല്‍കൃത ട്രോളറുകള്‍ വാങ്ങും. ഓരോന്നിനും വില 2 കോടി രൂപ.അഞ്ച് മദര്‍ വെസലുകളും വാങ്ങും. അതിന് വില 74 കോടി രൂപ

👉ഈ ട്രോളറുകള്‍ അടുക്കാന്‍ കേരളത്തിലെ ഹാര്‍ബറുകള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ ഇവിടുത്തെ ഹാര്‍ബറുകള്‍ വികസിപ്പിക്കുകയും പുതിയ ഹാര്‍ബറുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ പിടിക്കുന്ന മത്സ്യം കേരളത്തില്‍ തന്നെ സംസ്‌ക്കരിക്കുമെന്ന്ാണ് വാഗ്ദാനം ചെയ്യുന്നത്. അതിനായി സംസ്‌ക്കരണ യൂണിറ്റുകള്‍ സ്ഥാപിക്കും.ഇതിനായി പള്ളിപ്പുറത്ത് 4 ഏക്കര്‍ സ്ഥലം നല്‍കാനും ധാരണയുണ്ട്

.👉കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിക്കുമെന്നും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമുള്ള മോഹന വാഗ്ദാനങ്ങളാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്.പക്ഷേ, മത്സ്യസമ്പത്ത് അപ്പാടെ തൂത്തുവാരുന്നതോടെ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നമ്മുടെ മത്സ്യസമ്പത്ത് അപ്പാടെ നശിക്കും. ലോകത്ത് മറ്റു എല്ലായിടത്തും സംഭവിച്ചതുപോലെ ഇവിടെയും മത്സ്യമേഖല അപ്പാടെ നശിക്കുകയാവും ചെയ്യുന്നത് എന്നതാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക. അവരുടെ ആശങ്കകൾ പരിഹരിക്കണം.

Adv.Sherry J Thomas

Share News