എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം|എന്തുകൊണ്ടാണ് മന്ത്രിമാർ ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാത്തത്?|നമുക്ക് ഒറ്റ യൂണിവേഴ്സിറ്റി മതി|മുരളി തുമ്മാരുകുടി

Share News

കുട്ടികളുടെ വസ്ത്രത്തിന് പുറകിൽ പോകുന്നത് സമയം കളയുന്ന പരിപാടിയാണ്

എഞ്ചിനീയറിങ്ങ് കോളേജിലെ യൂണിഫോം

“കേരളത്തിലെ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഇനി ജൻഡർ ന്യൂട്രൽ യൂണിഫോം”

സംസ്ഥാനതല ഉൽഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി.

ലാബ് അല്ലാത്ത സമയത്ത് മുണ്ടും ഷർട്ടുമിട്ടാണ് ഞാൻ കോളേജിൽ പോയിരുന്നത്. എഞ്ചിനീയറിങ്ങ് മാത്തമാറ്റിക്സോ മെക്കാനിക്‌സോ മെറ്റീരിയൽസോ ഡിസൈനോ ഒന്നും പഠിക്കാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും മുണ്ടുടുക്കുന്നതും ഒരു ബുദ്ധിമുട്ടായിരുന്നില്ല. അധ്യാപകർ അതിനെ പറ്റി അന്വേഷിച്ചുമില്ല.

ഇന്ന് കണ്ട വാർത്തയാണ്.

സത്യമാണോ എന്നറിയില്ല. വന്നു വന്ന് ഇപ്പോൾ ഒരു വാർത്ത കാണുമ്പോൾ അതാദ്യം ഫേക്ക് ന്യൂസ് ആണെന്നാണ് ചിന്ത.

എന്നാണ് എഞ്ചിനീയറിങ്ങ് കോളേജിൽ യൂണിഫോം ഉണ്ടായത് ?

തൊള്ളായിരത്തി എൺപത്തി ഒന്ന് മുതൽ എൺപത്തി ആറു വരെയാണ് ഞാൻ എഞ്ചിനീയറിങ്ങ് കോളേജിൽ പഠിച്ചത്. അന്നൊക്കെ ഒന്നാം സെമസ്റ്ററിലെ വർക്ക് ഷോപ്പിൽ നീല നിറമുള്ള പാന്റും ഷർട്ടും (എല്ലാവർക്കും ഒരു പോലെ) എന്നതൊഴിച്ചാൽ യൂണിഫോമിന്റെ പരിപാടി ഉണ്ടായിരുന്നില്ല.

ലാബുകളിൽ സുരക്ഷാ കാരണങ്ങളാൽ വസ്ത്രത്തിനും വസ്ത്രങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കൾക്കും ചെരുപ്പിനും കണ്ണടക്കും ഒക്കെ നിയന്ത്രണങ്ങൾ ഉണ്ടാകുന്നത് ശരിയാണ്, സാധാരണമാണ്. തീ പിടിക്കാൻ വിഷമമുള്ള തുണികൊണ്ടുണ്ടാക്കിയ കവറോൾ ആണ് ശരിക്ക് വേണ്ടത്.

പിന്നെപ്പോഴോ യൂണിഫോം വന്നു

ഇന്നിപ്പോൾ ആ യൂണിഫോം ഒരുപോലെ ആക്കുന്നത് മന്ത്രി പങ്കെടുക്കുന്ന ആഘോഷമാകുന്നു.

ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്!

എന്തൊരു നാടാണ് ?

ഈ പരിപാടി ഒക്കെ നടത്തുന്നതിന് മുൻപ് ആ കുട്ടികളോട് ആരെങ്കിലും ചോദിച്ചോ എന്ത് വേഷമാണ് അവർ കോളേജിൽ ധരിക്കാൻ ആഗ്രഹിക്കുന്നത് എന്ന് ?

എന്തുകൊണ്ടാണ് മന്ത്രിമാർ ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിക്കാത്തത്?

ലോകത്ത് ഒരു അമ്പത് രാജ്യങ്ങളിൽ എങ്കിലും എഞ്ചിനീയറിങ്ങ് യൂണിവേഴ്സിറ്റികളിൽ ഞാൻ പോയിട്ടുണ്ട്. ലോകത്തെ ഏറ്റവും മിടുക്കരായ എൻജിനീയർമാരെ പഠിപ്പിക്കുന്ന സ്ഥലങ്ങളിൽ. അവിടെ ഒന്നും ഒരു യൂണിഫോമും കണ്ടിട്ടില്ല.

എന്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനങ്ങൾ ആയ ഐ ഐ ടി യിലും എൻ ഐ ടിയിലും ഒക്കെ യൂണിഫോം ഉണ്ടോ?

നമ്മുടെ ഏറ്റവും നാലാൾ എൻജിനീയർമാർ ജോലി ചെയ്യുന്ന ഐ എസ് ആർ ഓ യിൽ കൺട്രോൾ റൂമിലെ ചിത്രങ്ങൾ നമ്മൾ കണ്ടു. അത് ലോകം മുഴുവൻ ചർച്ചയായി. വനിത എഞ്ചിനീയർമാർ ധരിച്ചത് പാന്റും ഷർട്ടും ആയിരുന്നോ?

നമ്മുടെ വിദ്യാഭ്യാസ രംഗത്ത് മാറേണ്ടത് എന്തൊക്കെയുണ്ട്?

ഒന്നാമത് യൂണിവേഴ്സിറ്റികളെയും കോളേജുകളെയും ഒക്കെ എഞ്ചിനീയറിങ്ങ്, മെഡിസിൻ, ഫിഷറീസ്,എ അഗ്രിക്കൾച്ചർ എന്നൊക്കെ വേലികെട്ടി തിരിക്കുന്ന പരിപാടി നമുക്ക് നിർത്താം. നമുക്ക് ഒറ്റ യൂണിവേഴ്സിറ്റി മതി,

എഞ്ചിനീയറിങ്ങ് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ഫിലോസഫിയോ സംഗീതമോ പഠിക്കാനും മെഡിസിൻ പഠിക്കുന്നവർക്ക് നിർമ്മിതബുദ്ധിയോ റോബോട്ടിക്‌സോ പഠിക്കാനോ ഒക്കെ സാധിക്കും വിധം കരിക്കുലത്തിന്റെ മതിലുകൾ പൊളിച്ചു പണിയാം

അതിനൊക്കെയാണ് നമ്മൾ ശ്രദ്ധ ചെലുത്തേണ്ടത്

കുട്ടികളുടെ വസ്ത്രത്തിന് പുറകിൽ പോകുന്നത് സമയം കളയുന്ന പരിപാടിയാണ്

മുരളി തുമ്മാരുകുടി

Share News