ഏഴു സുകൃതികളാണ് ദീപികയുടെ കൂടൊഴിയുന്നത്. ഏറെപ്പേരുടെ ഹൃദയത്തിൽ ഇടംനേടിയാണ് അവർ ഇറങ്ങുന്നത്.
നാല്പത്തിനാല് വർഷത്തിനുശേഷം ‘ദീപിക’യിൽ നിന്ന് പടിയിറങ്ങുകയാണ് ഞങ്ങളുടെ പ്രിയ ഗുരു TC മാത്യു; ഒപ്പം അദ്ദേഹത്തോടൊപ്പം തന്നെ തലപ്പൊക്കമുള്ള ആറ് മാധ്യമപ്രവർത്തകരും.
ഇത്ര സുദീർഘമായ ഒരു കാലഘട്ടം ദീപികയിൽ സേവനം ചെയ്ത മറ്റൊരു പത്രാധിപർ 133 വർഷത്തെ ‘ദീപിക’യുടെ ചരിത്രത്തിൽ ഉണ്ടാകാനിടയില്ല. സീനിയർ അസോസിയേറ്റ് എഡിറ്റർ തസ്തികയിൽ നിന്നാണ് അദ്ദേഹം വിരമിക്കുന്നതെങ്കിലും എല്ലാ അർത്ഥത്തിലും അദ്ദേഹമൊരു ‘പൂർണ’ പത്രാധിപർ ആയിരുന്നു! എൻ്റെ കരിയറിലും വ്യക്തിജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യൻ.
അത്രതന്നെ ഇഴയടുപ്പമുള്ള ബന്ധമാണ് ഇപ്പോൾ വിരമിച്ച മറ്റ് ആറുപേരോടുമുള്ളത്; അസോസിയേറ്റ് എഡിറ്റർ സെർജി ആൻ്റണി, കാർട്ടൂണിസ്ററ് രാജു നായർ, സീനിയർ എഡിറ്റർമാരായ ജോൺ ആൻറണി, എൻ യു വർക്കി, ആൻറണി ചാക്കോ, ചീഫ് ലൈബ്രറേറിയൻ പി എ ജോസഫ് എന്നിവരാണ് അവർ
.ഇരുപത്തിയൊന്നാം വയസിൽ ആദ്യമായി ദീപികയുടെ പടിചവിട്ടുമ്പോൾ ഞാൻ ആദ്യം കണ്ട മുഖം ലൈബ്രറേറിയൻ ജോസഫിന്റേതാണ്. അന്നത്തെ ദീപികയുടെ മുകൾ നിലയിൽ വിശാലമായ റഫറൻസ് ലൈബ്രറി; 1887 മുതലുള്ള പത്രങ്ങൾ ബൈൻഡ് ചെയ്ത് സൂക്ഷിച്ച ഇടം; വ്യത്യസ്ത വിഷയങ്ങളിലുള്ള പത്ര കട്ടിംഗുകൾ റഫറൻസ് ഫയലുകളായി ഒരുക്കിയിട്ടുള്ള സ്ഥലം. സംഭവങ്ങളും വ്യക്തികളും ഫോട്ടോകളായി ശേഖരിക്കപ്പെട്ടിട്ടുള്ളതും ഇവിടെ. ആ വിജ്ഞാനശാലയുടെ അധിപൻ ആയിരുന്നു ജോസഫ്! ആ ലൈബ്രറിയിൽ ഇരുന്നാണ് ഞാൻ ദീപികയിൽ സബ് എഡിറ്റർ ട്രെയിനി ആകാനുള്ള പ്രവേശന പരീക്ഷ എഴുതിയത്; എൻ്റെ ബാച്ചിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ മാസങ്ങൾക്ക് മുൻപേ ഈ പരീക്ഷ എഴുതിയിരുന്നു. ഇൻവിജിലേറ്റർ ആയി ജോസഫ് നോക്കിനിൽക്കെ ഞാൻ ആ പരീക്ഷ എഴുതി. ബൈബിളിൽ പഴയനിയമത്തിലും പുതിയ നിയമത്തിലും ഓരോ ജോസഫ് ഉണ്ട്; ‘നീതിമാൻ’ എന്നാണ് രണ്ടു പേർക്കുമുള്ള വിശേഷണം. ഈ ജോസഫിനും ആ വിശേഷണം നന്നായി ചേരും; നീതിമാൻ, അടിമുടി മാന്യൻ!
ദീപികയിൽ ഞാൻ അടുത്തിടപഴകിയ രണ്ടാമത്തെയാൾ റ്റി സി മാത്യു സാറാണ്; ഞാനും ഇപ്പോഴത്തെ അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിലും ഒക്കെയടങ്ങുന്ന എട്ടംഗ ട്രെയിനികളുടെ പരിശീലകൻ. ഉയരം അൽപം കുറവാണ്; പക്ഷേ, അറിവിൽ അങ്ങേയറ്റം തലപ്പൊക്കം! ഏത് വിഷയത്തെക്കുറിച്ചും അഗാധമായ വിവരം. സ്‌കൂൾ, കോളേജ് കാലത്തു ഡിബേറ്റ്, ക്വിസ്സ് മത്സരങ്ങളിൽ സമ്മാനിതനാകുമായിരുന്ന എനിക്ക് ഈ താടിക്കാരനോട് അങ്ങേയറ്റം ആദരവ് തോന്നി. താമസിക്കാനൊരിടം തേടിയ എനിക്ക് അദ്ദേഹവും ഏതാനും സഹപ്രവർത്തകരും താമസിക്കുന്ന ലോഡ്‌ജിൽ സൗകര്യം തന്നു. അതൊരുതരം ഗുരുകുല വിദ്യാഭ്യാസത്തിന്റെ ഫലം നൽകി. ദീപികയിൽ ജോലി ചെയ്ത 14 വർഷക്കാലത്തിനിടക്ക് മാത്യു സാർ എനിക്ക് ഗുരുവായി, വഴികാട്ടിയായി, ജ്യേഷ്ഠനായി…പലപ്പോഴും ശാസിച്ചു; തിരുത്തി, അതിലേറെ പ്രോത്സാഹിപ്പിച്ചു; സ്നേഹിച്ചു. ഇന്നും ആ സ്നേഹം തുടരുന്നു.പിന്നീട് ദീപികയിലെ തന്നെ സീനിയർ സിസ്റ്റംസ് മാനേജർ സൈമൺ പ്ലാക്കലിനൊപ്പം മറ്റൊരു വീട്ടിലായി മാത്യു സാറിന്റെ വാസം. തിരുനക്കര ക്ഷേത്രത്തിൽ നിന്ന് താഴോട്ടുള്ള വഴിയുടെ അരികിൽ റോഡിൽനിന്ന് പടികൾ ഇറങ്ങിച്ചെല്ലുന്ന ഒരു പഴയവീട്. ഞങ്ങൾ ജൂനിയേഴ്‌സ് അതിന് ‘മത്തായി കൊക്ക’ എന്ന് രഹസ്യമായി പേരിട്ടു. കെ കെ റോഡിൽ പീരുമേടിന് അടുത്തെവിടെയോ ഉള്ള അഗാധമായ ഗർത്തമാണ് യഥാർത്ഥ ‘മത്തായി കൊക്ക’. രാത്രികളിൽ പത്രത്തിന്റെ ആദ്യത്തെ എഡിഷൻ ഇറക്കിക്കഴിഞ്ഞ് ഞങ്ങൾ സാറിന്റെ ആതിഥേയത്വത്തിൽ അവിടെ സമ്മേളിച്ചു; ‘ജലസേചനം’ എന്ന് ആ കലാപരിപാടിക്ക് പേര് നൽകിയത് വളരെ നേരത്തെ റിട്ടയർ ചെയ്ത ന്യൂസ് എഡിറ്റർ കട്ടക്കയം സാറാണ്. റ്റി സി മാത്യു സാറിന്റെ സൗഹൃദവലയത്തിൽ ട്രെയിനി ജേർണലിസ്റ്റ് മുതൽ കെ ഗോപാലകൃഷ്ണനെപ്പോലുള്ള അക്കാലത്തെ കൊമ്പന്മാർ വരെയുണ്ട്; എല്ലാവരെയും സമഭാവനയോടെ കാണാൻ കഴിഞ്ഞതാണ് മാത്യു സാറിന്റെ വ്യക്തിത്വത്തിന്റെ ഉയരം. ദീപികയുടെ നാലു പതിറ്റാണ്ട് മാത്യു സാറിന്റെ കൂടി ചരിത്രമാണ്; തോമസ് ജേക്കബ് സാർ വിരമിച്ചപ്പോൾ മനോരമയുടെ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ഇങ്ങനെ എഴുതി: “ഫീൽഡ് മാർഷൽ വിരമിക്കുന്നില്ല; വിശ്രമിക്കുന്നതേയുള്ളു!”. റ്റി സി മാത്യു സാറിനെക്കുറിച്ചും ഇങ്ങനെ കുറിക്കാനാണ് എനിക്കിഷ്ടം: ‘ജ്ഞാനവൃദ്ധനായ താടിക്കാരാ, ഇനി വിശ്രമിക്കുക”.
അക്ഷരങ്ങൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ജോൺ ആന്റണി എന്ന പ്രതിഭയെ അടുത്തറിയാത്തവർ ദീപികയിൽ ചുരുക്കം. ഒരു തലക്കെട്ടിലാവട്ടെ, ഫോട്ടോയുടെ അടിക്കുറിപ്പിലാകട്ടെ, ജോൺ ആന്റണിയുടെ വിരൽ തൊട്ടാൽ അതിനു മറ്റൊരു സൗന്ദര്യമുണ്ടാകും. നാം അതുവരെ കാണാത്ത മറ്റൊരു തലത്തിലാവും പിന്നീട് ആ ഫീച്ചറിന്റെയും വർത്തയുടെയും ചിത്രത്തിന്റെയും ജാതകം. ഇംഗ്ലീഷ് ഭാഷയിലെ അപാരമായ പരിചയവും പദസമ്പത്തും ഏറെക്കാലമായി ഇംഗ്ലണ്ടിൽ ജീവിക്കുന്ന എനിക്കുപോലും അത്ഭുതകരമാണ്. വ്യക്തിജീവിതത്തിൽ എളിമയും ലാളിത്യവും നിരന്തരം നിലനിർത്തുന്ന ജീവിതം. ദീർഘകാലം ദീപികയിൽ ചീഫ് എഡിറ്റർ ആയിരുന്ന ഫാദർ ജോസ് പന്തപ്ലാംതൊട്ടിയിൽ ഹൃദയരഹസ്യങ്ങൾ പോലും ജോൺ ആന്റണിയോട് തുറന്നു പറയുമായിരുന്നു. ഒരു കുമ്പസാരക്കാരന്റെ വിശുദ്ധിയോടെ ആ രഹസ്യങ്ങൾ ആ ഹൃദയത്തിനുള്ളിൽ ഒതുക്കപ്പെട്ടു. ആർക്കും എന്തും വിശ്വസിച്ച് പങ്കുവെക്കാൻ കഴിയുന്ന തരത്തിൽ സുരക്ഷിതമാണ് ജോൺ ആന്റണിയുടെ ഹൃദയം. പാരീസിലെ റു ദേ സേവ്റസിലെ ചാപ്പലിൽ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ അഴുകാത്ത ഹൃദയം കണ്ടിട്ടുണ്ട്. ജോൺ അന്റണിയുടെ ഹൃദയവും ഇങ്ങനെയൊരു വണക്കത്തിന് യോഗ്യമാണ്!
കാർട്ടൂണിസ്റ്റ് രാജു നായർക്ക് ഞാൻ ഇട്ടിരുന്ന വിളിപ്പേര് ‘ഹാർട്ടൂണിസ്റ്റ്’ എന്നാണ്. അങ്ങേയറ്റം ഹൃദയബന്ധം സൂക്ഷിക്കുന്ന വരകളുടെ തമ്പുരാൻ. കലാകാരന്മാർക്കുള്ള ‘അനാർക്കിസം’ ഒട്ടുമില്ലാത്ത, എന്നാൽ അങ്ങേയറ്റം രസികനായ മനുഷ്യൻ. നെഞ്ച് കലങ്ങുന്ന സങ്കടങ്ങളുടെ വേളയിൽ രാജു നായരുടെ കാബിനിൽ വെറുതെ കയറിയിരുന്നാൽ അരമണിക്കൂറിനുള്ളിൽ മുഖത്തൊരു പുഞ്ചിരിയോടെ തിരികെ ഇറങ്ങാം. ഈ മരുന്ന് പലപ്പോഴും ഞാൻ പരീക്ഷിച്ചറിഞ്ഞതാണ്! തൻ്റെ സ്വന്തം പേരു തന്നെ ‘നായർ’ എന്ന ജാതിപ്പേര് നൽകി വക്രീകരിച്ചു തുടങ്ങിയതാണ് ആ ‘ഹാർട്ടൂണിസ്റ്റിന്റെ’ കരിയർ. ലാൽ സലാം, നായർ സാബ്.
..മാന്യതക്ക് മനുഷ്യന്റെ ആകൃതി നൽകിയാൽ സെർജി ആന്റണി എന്ന കുട്ടനാട്ടുകാരന്റെ രൂപമുണ്ടാകും എന്നത് സത്യം. മികവുറ്റ ജേർണലിസ്റ്റ്, ദിശാബോധമുള്ള പത്രപ്രവർത്തക യൂണിയൻ നേതാവ്, കേരള മീഡിയ അക്കാഡമിയുടെ മുൻ അധ്യക്ഷൻ. ഈ താടിക്കാരനും വിശേഷണങ്ങൾ ഏറെ. പത്രപ്രവർത്തകരിൽ മദ്യപിക്കാത്ത അപൂർവം ചിലരിൽ ഒരാളാണ് സെർജി ആന്റണി. ഞങ്ങളുടെ ബാച്ച് ദീപികയിൽ എത്തുമ്പോൾ ഡെസ്ക് ചീഫ് ആണ് അദ്ദേഹം. ഒന്നോ രണ്ടോ തവണ ഞങ്ങളുടെ ക്ലാസ് മുറിയിൽ അദ്ദേഹം അധ്യാപകനുമായി. മുഖംമൂടികൾ ഇല്ലാത്ത മനുഷ്യനാണ് സെർജി; അസൂയയും അദ്ദേഹത്തിന് അന്യം.
നിശബ്ദത ശക്തമായൊരു സാന്നിധ്യമാണെന്ന് കാട്ടിത്തരുന്ന വ്യക്തിയാണ് എൻ യു വർക്കി എന്ന പൂഞ്ഞാറുകാരൻ. ഇളംകാറ്റിനെപോലും നുള്ളിനോവിക്കാത്ത പ്രകൃതം, നടന്നുപോകുന്ന ഭൂമിക്ക് നോവാതിരിക്കാൻ ബദ്ധശ്രദ്ധനായ സാത്വികൻ. ജലസേചനസദസുകളിൽ അപൂർവമായി വർക്കിച്ചൻ പൊട്ടിക്കുന്ന തമാശകൾക്ക് നിലയമിട്ടിന്റെ ശക്തിയുണ്ടായിരുന്നു; ഓർത്തോർത്ത് ചിരിക്കാൻ വകനൽകുന്ന രസികത്തം!
ആൻ്റണി ചാക്കോയെ ആദ്യമറിയുന്നത് ദീപിക ഞായറഴ്ച്ചപതിപ്പിൽ ‘നല്ലേപ്പറമ്പിൽ’ എന്ന തൂലികാ നാമത്തിൽ അദ്ദേഹം എഴുതിക്കൊണ്ടിരുന്ന ‘നിങ്ങളുടെ ആരോഗ്യം’ എന്ന കുറിപ്പുകളിലൂടെയാണ്. അരോഗദൃഡഗാത്രനായ ഒരാളെയാണ് പ്രതീക്ഷിച്ചത്. കണ്ടപ്പോൾ നന്നേ മെല്ലിച്ച, അത്യന്തം രസികനായ ഒരാൾ. എന്നേക്കാൾ ഏറെ സീനിയർ ആണെങ്കിലും ഞാൻ അദ്ദേഹത്തെ റഷ്യൻ സാഹിത്യകാരനായ ‘ആന്റൺ ചെക്കോവ്’ എന്ന് വിളിച്ചു. അദ്ദേഹം അതിനും ഉള്ളുതുറന്ന് ചിരിച്ചു. 1997-ൽ ആണെന്നാണ് ഓർമ; തിരുവനന്തപുരത്തുണ്ടായ ഒരു ബൈക്ക് അപകടത്തിൽ പരിക്കേറ്റ അദ്ദേഹം അത്യാസന്നനിലയിലായി. ഞങ്ങൾ കുറെ സഹപ്രവർത്തകർ പുലർച്ചെ തന്നെ തിരുവന്തപുരത്തെത്തിയതും ഓർമ്മിക്കുന്നു. അപകടത്തെ ഒരു പുഞ്ചിരികൊണ്ട് നേരിട്ട ആന്റണി ചാക്കോയുടെ രസികത്തം അതോടെ പതിന്മടങ്ങായി; പൊട്ടിച്ചിരിയുടെ തോത് കൂടിയതേയുള്ളു!
ഏഴു സുകൃതികളാണ് ദീപികയുടെ കൂടൊഴിയുന്നത്. ഏറെപ്പേരുടെ ഹൃദയത്തിൽ ഇടംനേടിയാണ് അവർ ഇറങ്ങുന്നത്.
നിങ്ങൾ ‘റിട്ടയർ’ ചെയ്യുകയല്ല, ‘റീ-ടയർ’ ചെയ്യുകയാണ്; അതെ, കാലമിനിയും എത്രയോ കിടക്കുന്നു നിങ്ങൾക്ക് മുന്നിൽ
. നന്മകൾ, നന്മകൾ മാത്രം ഉണ്ടാവട്ടെ.
Santimon JacobA journalist accredited by MNF-I for covering Operation Iraqi Freedom; author and vivid traveller
176Tomy Muringathery, Santimon Jacob and 174 others128 comments7 shares