
ക്യൂ നില്‍ക്കുന്നവരുടെ കുടുംബം
കോവിഡ് കാലത്ത് മദ്യം വാങ്ങാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ ബുദ്ധിമുട്ടുകളാ ണിപ്പോള്‍ ചര്‍ച്ചാവിഷയം.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാനും അവരുടെ ആരോഗ്യവും അന്തസ്സും കാത്തുസൂക്ഷിക്കാനുമായി നടപടികള്‍ നടത്തുന്നവരും അതിനായി ആഹ്വാനം നല്‍കുന്നവരും അറിയാതെ പോകുന്ന ചില സത്യങ്ങളുണ്ട്.
ഒരാള്‍ ക്യൂ നിന്ന് മദ്യം വാങ്ങുമ്പോള്‍ അഞ്ചിരട്ടി മനുഷ്യര്‍ അസ്വസ്ഥമായ മനസ്സോടെ വീടുകളില്‍ ഇരിപ്പുണ്ട്. അവരുടെ നിത്യദു:ഖവും കണ്ണുനീരും ദുരന്തങ്ങളും ആരും മനസ്സിലാക്കുന്നില്ല. മദ്യക്കടകള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടവും ദൈര്‍ഘ്യമേറിയ ക്യൂവും നമ്മില്‍ ഉണര്‍ത്തേണ്ടത് ആത്മരോഷമല്ല; മറിച്ച് രോഗാതുരമായ കേരളീയ സമൂഹത്തെക്കുറിച്ചുള്ള ആത്മനൊമ്പരമാകണം. മദ്യം ലഭിക്കാതാകുമ്പോള്‍ കൈകാലുകള്‍ വിറയ്ക്കുന്നവര്‍ മദ്യാസക്ത രോഗികളാണ്. അവര്‍ക്ക് വേണ്ടത് മദ്യമല്ല; മദ്യവിമുക്ത ചികിത്സയാണ്.

ഒരുവന്‍ മദ്യപിച്ചെത്തുമ്പോള്‍ ആ വ്യക്തിയുടെ ഭാര്യ, മക്കള്‍, പിതാവ്, മാതാവ്, മറ്റ് കുടുംബാംഗങ്ങള്‍ എല്ലാം ദു:ഖിക്കുകയാണ്. കണ്ണുനീര്‍ വാര്‍ക്കുകയാണ്. മദ്യപാനമെന്ന രോഗത്തിന്റെ വേദനയും ദു:ഖവും ദുരിതവുമെല്ലാം അനുഭവിക്കേണ്ടി വരുന്നത് കുടുംബാംഗങ്ങളാണ്. മദ്യപന്‍ മാത്രം സന്തോഷിക്കുകയും കുടും ബാംഗങ്ങള്‍ ദു:ഖിക്കുകയും ചെയ്യുന്ന ദുരവസ്ഥ അതിഭീകരമാണ്. സമൂഹത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബം തകരുമ്പോള്‍ സമൂഹത്തിന്റെ അടിത്തറയ്ക്കാണ് കോട്ടം സംഭവിക്കുന്നത്.
അമ്മയും കുഞ്ഞുങ്ങളും വഴിയാധാരമാകുന്നു. കുടുംബാംഗങ്ങള്‍ ജീവച്ഛവങ്ങളായി രൂപാന്തരപ്പെടുന്നു. എല്ലാ ബന്ധങ്ങളും ഉലയുന്നു. സാമ്പത്തിക ഭദ്രത തകരുന്നു. പട്ടിണിയും അസംതൃപ്തിയും നിത്യസംഭവങ്ങളായി മാറുന്നു. മക്കളുടെ വളര്‍ച്ചയും വിദ്യാഭ്യാസവും വഴിമുടങ്ങുന്നു. അവരുടെ ഭാവി ഇരുളടഞ്ഞതാകുന്നു. ഭൂമിയിലെ നരകമായി മദ്യപരുടെ കുടുംബം മാറുകയാണ്.
മദ്യപന്റെ ഭാര്യയാണ് ലോകത്ത് ഏറ്റവുമധികം മാനസികവും വൈകാരികവും ശാരീരികവും ലൈംഗീക വുമായ പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നത്. അവരുടെ ജീവിതം അനിശ്ചിതത്വത്തിലാണ്. ഓരോ അവസരത്തിലും ഭര്‍ത്താവിന്റെ സാന്നിദ്ധ്യവും പെരുമാറ്റവും പ്രവചനാതീതമാകയാല്‍ ഏതെങ്കിലും ഒരു കാര്യത്തിനായി മുന്‍കൂട്ടി ഒരുങ്ങാനോ തീരുമാനമെടുക്കാനോ സാധിക്കാതെ വരുന്നു. മദ്യപന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംഭവിക്കുന്ന ക്രമരാഹിത്യം, വാഗ്ദാനങ്ങളുടെ തുടര്‍ച്ചയായ ലംഘനം, ഉത്തരവാദിത്വങ്ങളിലെ അലസതയും, അലംഭാവവും, സമയനിഷ്ഠയില്ലായ്മയും ഭാര്യയെ ബാധിക്കുന്നു.
സഹനത്തിന്റെ ഏറ്റവും വലിയ പ്രതീകമായി ഭാര്യ മാറുന്നു.
മദ്യപരുടെ മക്കളുടെ ഭാവിയും കൂമ്പടഞ്ഞു പോകുകയാണ്. മക്കളുടെ ശാരീരിക വളര്‍ച്ചക്ക് അനുസൃത മായ ഭക്ഷണം, ശുചിത്വം, ഊഷ്മളത, വാത്സല്യം എന്നിവയും മാനസിക വളര്‍ച്ചക്ക് സഹായിക്കുന്ന പരിലാളന, സുരക്ഷിതത്വം, അംഗീകാരം, വ്യക്തിമഹത്വം, പ്രോത്സാഹനം, സഹാനുഭൂതി തുടങ്ങിയവയും മദ്യപരുടെ മക്കള്‍ക്ക് ലഭിക്കാതെ പോകുന്നു. കുട്ടികള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും ആരോഗ്യകരമായ ഒരു ബന്ധം രൂപപ്പെടാതെ പോകുന്നു. ഇവയെല്ലാം വ്യക്തിത്വരൂപീകരണത്തെ പ്രതികൂലമായി ബാധിക്കും.
മദ്യപരുടെ ഗൃഹാന്ത രീക്ഷം കലുഷിതമായിരിക്കും. നിഷേധാത്മക പെരുമാറ്റങ്ങള്‍, ധാര്‍മികാധപതനം, ക്രൂരത, പൊരുത്തക്കേടുകള്‍ എന്നിവയെല്ലാം വൈകല്യങ്ങളിലേക്ക് കുട്ടികളെ നയിക്കും. തലമുറകള്‍ പാഴ്ജന്മങ്ങളായി മാറുകയാണ്.
വ്യക്തിയും കുടുംബവും അത് വഴി സമൂഹവും തകരുന്നു എന്നത് മദ്യ പ്രോത്സാഹകര്‍ കാണാതിരിക്കരുത്.
ലോകത്തിലെ ഏതൊരു ഭരണകൂടവും ചെയ്യേണ്ട മൗലികതത്വം പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തു കയും വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നതാണ്. ലഹരികള്‍ ഒരു നന്മയും പ്രദാനം ചെയ്യുന്നില്ല. ആരോഗ്യവും അന്തസ്സും ലഹരികള്‍ നശിപ്പിക്കുകയാണ്.
മദ്യപരുടെ മാത്രമല്ല കുടുംബാംഗങ്ങളുടെ ആരോഗ്യവും അന്തസ്സും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ലഹരിക്കടിമയായവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണുണ്ടാവേ ണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ കൂടുതലുണ്ടെങ്കിലും മദ്യാസക്തി കുറവാണ്. മദ്യ ഉപഭോഗത്തില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ മദ്യവില്‍പന-നിയന്ത്രണ-നിരോധന നടപടികളാണാവശ്യം.

മനുഷ്യ നന്മയാണ് ലക്ഷ്യം വയ്‌ക്കേണ്ടത്. കേരളത്തില്‍ മദ്യപാനത്തിന്റെ ഗ്രാഫ് ഉയരുന്നതിന്റെ സാമൂഹിക -സാംസ്‌കാ രിക – സാമ്പത്തിക-ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തി,പരിഹാരം കണ്ടെത്തണം. മനുഷ്യന്റെ ആരോഗ്യം, കര്‍മശേഷി, ബന്ധങ്ങള്‍, കുടുംബം, ഉത്തരവാദിത്വങ്ങള്‍ എന്നിവയൊക്കെ വിനാശകരമാ ക്കുന്ന മദ്യപാനാസക്തി കുറച്ചുകൊണ്ടുവന്ന്, ജനത്തെ ഈ സാമൂഹികതിന്മയില്‍ നിന്ന് രക്ഷിക്കാനായുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അല്ലാതെ കൂടുതല്‍ മദ്യശാലകള്‍ തുറന്ന്, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്, മനുഷ്യനെ സര്‍വ നാശത്തിലേക്ക് തള്ളിവിടാനുള്ള കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യരുത്. ഭാവി പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തരുത്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലരുത്.

അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS
സംസ്ഥാന ജന.സെക്രട്ടറി, കേരള മദ്യവിരുദ്ധ ഏകോപനസമിതി
9847034600, 8075789768, E-mail : advcharlypaul@gmail.com
