
മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞു: തൃശൂരിൽ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി
തൃശൂർ: മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. തളിക്കുളം തമ്പാൻ കടവിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. തമ്പാൻ കടവ് സ്വദേശികളായ ചെമ്പനാടൻ വീട്ടിൽ കുട്ടൻ(60), കുട്ടൻപാറൻ സുബ്രഹ്മണ്യം(60), അറക്കവീട്ടിൽ ഇക്ബാൽ(50), ചെമ്പനാടൻ വിജയൻ(55) എന്നിവരെയാണ് കാണാതായത്.
പറശിനിക്കടവ് മുത്തപ്പൻ എന്ന ഫൈബർ വള്ളത്തിലാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചതായി അറിയുന്നത്. വള്ളത്തിലുണ്ടായിരുന്നവർ തന്നെയാണ് അപകടവിവരം കരയിലേക്ക് അറിയിച്ചത്. എന്നാൽ ഇവരുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചില്ല.
ഇവരെ കണ്ടെത്താൻ കോസ്റ്റൽ പോലീസ് തെരച്ചിൽ ആരംഭിച്ചു.