
ആത്മഹത്യയോടും മരണഭയത്തോടും മല്ലടിച്ച്, തന്നോടു തന്നെ യുദ്ധം ചെയ്ത്, സ്വയം സ്ഫുടം ചെയ്യപ്പെട്ട് ഇന്നവൾ എത്തി നിൽക്കുന്നത്, പോലീസ് സബ് ഇൻസ്പെക്ടറുടെ കസേരയിലാണ്.
സ്ത്രീധന പീഢനവുമായി ബന്ധപ്പെട്ട വാർത്തകളും മരണങ്ങളും കൊടുമ്പിരി കൊള്ളുന്ന ഈ കാലഘട്ടത്തിൽ തന്നെയാണ്, ആനി ശിവയെന്ന പെൺകരുത്തിൻ്റെ വാർത്ത, ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. അനേകർക്ക് പ്രചോദനവും ഉൾക്കരുത്തും നൽകുന്ന അവളുടെ ജീവിതകഥ, വഴിത്താരയിൽ ഒറ്റപ്പെടുകയും ജീവിത പ്രതിസന്ധിയിൽ തളരുകയും ചെയ്യുന്ന പെൺജീവിതങ്ങൾക്ക്, ആത്മവിശ്വാസവും ആത്മാഭിമാനവും പ്രദാനം ചെയ്യുന്ന ഒന്നാണ്. ആത്മഹത്യയോടും മരണഭയത്തോടും മല്ലടിച്ച്, തന്നോടു തന്നെ യുദ്ധം ചെയ്ത്, സ്വയം സ്ഫുടം ചെയ്യപ്പെട്ട് ഇന്നവൾ എത്തി നിൽക്കുന്നത്, പോലീസ് സബ് ഇൻസ്പെക്ടറുടെ കസേരയിലാണ്.

വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് അവളുടെ യൗവ്വനം കടന്നു പോയത്. പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരാളെ, പൊതു സമൂഹം എത്തരത്തിലാണ് കണ്ടിട്ടുണ്ടാകുകയെന്നത് നമുക്കൂഹിക്കാമല്ലോ. അവിടെ നിന്നാണ്, അവൾ വലിയ പീഢാനുഭവത്തിനു ശേഷം ഉയിർത്തെഴുന്നേറ്റ് ഇന്ന് കാണുന്ന ആനി ശിവയെന്ന സബ് ഇൻസ്പെക്ടറിലെത്തി നിൽക്കുന്നത്.
ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യാണ്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ, അതിജീവനത്തിനും സ്വയം നിലനിൽപ്പിനും വേണ്ടി, ഐസ് ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത്, അവൾ സബ് ഇൻസ്പെക്ടറായി ചുമതലയേൽക്കുമ്പോൾ, നാടിനു യശസ്സായി അവിടെ ഒരു പുതു ചരിത്രം പിറവിയെടുക്കുകയാണ്. ഒരു പതിറ്റാണ്ട് മുൻപ്,വർക്കലയിലെ ശിവഗിരി തീർഥാടനത്തിന് നാരങ്ങാവെള്ളം വിറ്റിരുന്ന അവളിനി, അതേ തീർത്ഥാടനത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥയാണെന്നറിയുമ്പോഴാണ്, അവളുടെ നിശ്ചയദാർഢ്യം തീർത്ത സ്വപ്ന സാക്ഷാൽക്കാരത്തെ നിർവ്വചിക്കാനാകുക.
ലക്ഷ്യബോധം തീർത്ത സ്വത്വബോധത്തിൻ്റെയും അതിലൂടെ ആർജിച്ചെടുത്ത ജീവിതവിജയത്തിന്റെയും ജീവിക്കുന്ന ഇന്നിൻ്റെ പോരാളിയാണ്, ആനി ശിവയെന്ന പെൺകൊടിയും അവളിലെ ആത്മാഭിമാനമുള്ള അമ്മയും. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള പഠിക്കാൻ മിടുക്കിയായിരുന്ന അവൾക്ക്, കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ബിരുദ പ്രവേശനം ലഭിച്ചു. ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ, കൂട്ടുകാരനെ പ്രണയിച്ച്, വീട്ടുകാരുടെ പിന്തുണയില്ലാതെ അവനോടൊപ്പം ജീവിതം ആരംഭിച്ചു.കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ, അവൾക്ക് ആ കൂട്ടും നഷ്ടമായി. മറ്റൊരാശ്രയവുമില്ലാതെ കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയ അവളെ വീട്ടുകാരും സ്വീകരിച്ചില്ല. മകളെന്ന പുണ്യത്തെ, ദുരഭിമാനത്തിന്റെ വേലിക്കെട്ടുകൾ ചാർത്തി, അവിടെയും പിണ്ഡം വെച്ചു. കിടക്കാൻ സ്വന്തമായി ഒരു കൂരയോ വിശപ്പടക്കാൻ വേണ്ട ഭക്ഷണമോ ഇല്ലാതെ അവൾ പിഞ്ചു കുഞ്ഞിനെ മാറോട് ചേർത്ത് ദിവസങ്ങൾ തള്ളി നീക്കി. അവസാനം അഭയം നൽകിയ അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയും കൊണ്ട് അവളൊരു ജീവിതം തുടങ്ങി.ആത്മഹത്യാശ്രമങ്ങളിൽ പരാജിതയായി മരിക്കാനുള്ള ഊർജം പോലും നഷ്ടപ്പെട്ട അവളുടെ ഉയിർത്തെഴുന്നേൽപ്പാണ്, ഇന്ന് വർണ്ണചിത്രങ്ങളിൽ പത്രത്താളുകളിൽ അച്ചടിച്ചുവന്ന ആനി ശിവയുടെ ജീവിതവിജയത്തിൻ്റെ കഥ.
നിലനിൽപ്പിനായും കൈക്കുഞ്ഞിൻ്റെ പരിപാലനത്തിനായും അവൾ ചെയ്ത ജോലികൾ ആരെയും അതിശയിപ്പിക്കുന്നതാണ്. തുടക്കത്തിൽ കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. പിന്നീട്, ഇൻഷുറൻസ് ഏജന്റായി. ശേഷം, വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡുമൊക്കെ തയ്യാറാക്കിക്കൊടുക്കുന്ന ജോലിയിലേർപ്പെട്ടു. പിന്നീട് ഡെലിവറി ഗേളായി. ഉത്സവ പറമ്പുള്ളിൽ നാരങ്ങാവെള്ളവും ഐസ്ക്രീമുമൊക്കെ വിൽക്കുന്ന കടകളിൽ സഹായിയായി. ഇതിനിടയിലൊന്നും ലക്ഷ്യത്തേയും സ്വപ്നങ്ങളെയും അവളുപേക്ഷിച്ചിരുന്നില്ല. ഇച്ഛാശക്തി കൊണ്ട് അവൾ സോഷ്യോളജിയിൽ ബിരുദം നേടി. കുഞ്ഞിനെയും കൊണ്ട് പലയിടത്തായി താമസിച്ചു. സ്വയം ധൈര്യത്തിന്, ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അപ്പയായി.
2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന്, കഴിഞ്ഞ വെള്ളിയാഴ്ച വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.
സ്വന്തം ജീവിതത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ അവൾ ഇങ്ങിനെ കുറിച്ചു, ”എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു”.
അങ്ങിനെ മറ്റുള്ളവരുടെ കഥകൾക്കും പരദൂഷണങ്ങൾക്കും ചെവികൊടുക്കാതെ അവൾ സ്വയം ഒരു ചരിത്രമെഴുതി. ഇന്നവൾ ഒരു പ്രചോദനമാണ്. പ്രതിസന്ധികളിൽ സ്വയം സ്ഫുടം ചെയ്യാനും വർദ്ധിത വീര്യത്തോടെയും ആർജ്ജവത്തോടെയും ഉയിർത്തെഴുന്നേൽക്കാനും കാലം നമുക്കു നൽകിയ പെൺകരുത്ത്.
അഭിനന്ദനങ്ങൾ,
പെണ്ണത്തം തന്നെ ചോദ്യം ചെയ്യപ്പെട്ട്, നാടു മുഴുവൻ വേദനയനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പെണ്ണായി തന്നെ ജീവിച്ച്, പരിമിതികളെ തരണം ചെയ്തതിന്…..

.വിടരാതെ പോകുമായിരുന്ന സ്വപ്നങ്ങളെ, ആത്മഹത്യയുടെ പടുകുഴിയിലേയ്ക്ക് തള്ളിയിടാതിരുന്നതിന്…..
കുഞ്ഞിനെ കൂടി ചേർത്ത് നിർത്തി, ഈ ലോകത്തോടും അവിടുത്തെ പരദൂഷകവൃന്ദത്തോടും ഒറ്റക്കു പോരാടി, സ്ത്രീ ജന്മങ്ങൾക്ക് ആത്മാഭിമാനമേകിയതിന്…
.ഇതൊരു നല്ലതുടക്കവും മാതൃകയുമാകട്ടെ !!
കടപ്പാട്: ഡോ. ഡെയ്സൻ പാണേങ്ങാടൻ,

Soniya Kuruvila Mathirappallil(Sr Sonia Teres)