
ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: മരവിച്ച മനസാക്ഷിയുള്ളവര്‍ക്ക് മാത്രമേ ആഹാരത്തില്‍ വിഷം ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. മനുഷ്യജീവനും ഭാവി തലമുറയ്ക്കും അപകടമാകുന്ന വിധത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണം.അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പച്ചക്കറി, പാല്‍, കറിപ്പൊടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിറയുന്ന മാരകവിഷങ്ങളെ പരിശോധിച്ചു കണ്ടെത്തി ശിക്ഷിക്കാന്‍ ആരുമില്ലെന്നാണ് മനുഷ്യര്‍ നേരിടുന്ന ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ ഇക്കൂട്ടരെ കൊടും കുറ്റവാളികളായി പരിഗണിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപെടുകയും ചെയ്യും. നമ്മുടെ രാജ്യത്ത് മനുഷ്യജീവനെതിരെ മാരകമായ വിപത്തുകള്‍ സൃഷ്ടിക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്നത് കണ്ടെത്തുവാനോ കര്‍ശനമായി ശിക്ഷിക്കാനോ വേണ്ട സംവിധാനങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കുന്നു. ഫുഡ് സേഫ്റ്റി കൗണ്‍സില്‍, ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പുകള്‍, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളും ഏജന്‍സികളും ഏകോപനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഇത്തരം സാമൂഹ്യ തിന്മകളെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞേക്കും.

പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കോര്‍പ്പറേഷനും ഉദ്യോഗസ്ഥരോടൊപ്പം ജാഗ്രതാ സമിതികളുടെ സേവനവും വിവരശേഖരണത്തിനു പ്രയോജനപ്പെടുത്തണം.


വിവിധ രാഷ്ട്രീയ സാമൂഹ്യ മത സംഘടനകളും മികച്ച ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം.
മലയാളി വിഷവസ്തുക്കള്‍ ഉണ്ടാക്കരുത്, വില്‍ക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കാന്‍ കഴിയണമെന്നും സാബു ജോസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.