ആസാം മുൻ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി അന്തരിച്ചു
ഗോഹട്ടി: ആസാം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയി (84) അന്തരിച്ചു. കോവിഡ് ബാധിതനായതിനെ തുടർന്ന് ഗോഹട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്ന് ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
ഓഗസ്റ്റ് 25-നാണ് ഗോഗോയിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. പ്ലാസ്മ തെറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾക്ക് അദ്ദേഹത്തെ വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. തരുണ്‍ ഗോഗോയിയുടെ നില ഗുരുതരമായതിന് പിന്നാലെ ആസാം മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ഗോഹട്ടിയിലെത്തിയിരുന്നു.
പിതൃതുല്യനായ വ്യക്തിയായിരുന്ന തനിക്ക് ഗോഗോയിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ കുടുംബത്തെ വിളിച്ച് രോഗവിവരങ്ങൾ തിരക്കിയിരുന്നു.