
ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ ആസൂത്രിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് 2017 ഒക്ടോബറിൽ ആരംഭിച്ചതാണ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ.
അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ഫോർട്ട് കൊച്ചി – മട്ടാഞ്ചേരി പ്രദേശത്തിന്റെ ആസൂത്രിതവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് 2017 ഒക്ടോബറിൽ ആരംഭിച്ചതാണ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ
.കാര്യശേഷിയും സുതാര്യതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനായി ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് സ്മാർട്ട് സിറ്റി മിഷൻ അതിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
കൊച്ചി സ്മാർട്ട് സിറ്റി മിഷൻ നടപ്പിലാക്കുന്ന രണ്ട് പ്രധാന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിച്ചിരിക്കുകയാണ്.ഇതിൽ ഒന്നമത്തെ പദ്ധതിയാണ് ദ ഇന്റഗ്രേറ്റഡ് കമാൻഡ്, കണ്ട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ (ഐ സി സി സി – ഐസി4).
ബിഗ്ഡേറ്റയുടേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുക.അടിയന്തിര സാഹചര്യങ്ങളെയും,ദുരന്തങ്ങളെയും ഫലപ്രദമായി നേരിടുന്നതിനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള ഐ ടി അധിഷ്ടിത പ്ലാറ്റ് ഫോമാണ് ഐ സി 4.സി സി ടി വി ക്യാമറകൾ, ഫേസ്ബുക്ക്,വാട്സാപ്പ് തുടങ്ങിയ നവമാധ്യമങ്ങൾ, ഇന്റർനെറ്റ്, മൊബൈൽ ആപ്ലിക്കേഷനുകൾ, ഇമെയിൽ സൗകര്യങ്ങൾ തുടങ്ങി വിവിധ മാധ്യമങ്ങളിലുടെ ലഭിക്കുന്ന വിവരങ്ങൾ/ഡേറ്റകൾ പ്രത്യേകമായി തയ്യാറാക്കിയ ഐ സി 4 സെന്ററിൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് ബന്ധപ്പെട്ട ഏജൻസികൾ/വകുപ്പുകൾ/വ്യക്തികൾ ഇവർക്ക് വിവരങ്ങൾ ലഭ്യമാക്കുകയും പ്രശ്ന പരിഹാരത്തിന് ലഭ്യമായ എല്ലാ വിഭവങ്ങളെയും ഏകോപിപ്പിക്കുക എന്ന ദൗത്യമാണ് ഐ സി 4 നിർവ്വഹിക്കുന്നത്.
കേരളത്തിൽ ഇത്തരമൊരു പദ്ധതി ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്.
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി മിഷന്റെ നേതൃത്വത്തിൽ നഗരത്തിലെ 28 സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ സൗരോർജ്ജ പദ്ധതിയുടെ ഉദ്ഘാടനമാണ് രണ്ടാമത്തെ ഇനം.
3,000 യൂണിറ്റ് വൈദ്യുതിയാണ് 28 പ്ലാന്റുകളിൽ നിന്നുമായി ഒരു ദിവസം ഉല്പാദിപ്പിക്കുക. ഈ പദ്ധതികളുടെ നിർവ്വഹണത്തിനായി പ്രവർത്തിച്ച എല്ലാവരെയും ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. ഈ രണ്ട് പദ്ധതികളും രാജ്യത്തിനാകെ മാതൃകയാകുമെന്നതിൽ സംശയമില്ല.
മന്ത്രി എ സി മൊയ്ദീൻ