കൊല്ലത്തെ മനുഷ്യരുടെ ഹൃദയങ്ങളിൽ റേഡിയോ ബെൻസിഗറും അവരുടെ സ്വന്തം ഫ്രഡിയച്ചനും ഇടംനേടിയിരിക്കുന്നു .

Share News


ജോർജ് എഫ് സേവ്യർ വലിയവീട്

സുവിശേഷ പ്രഘോഷണത്തിന്റെ സൗന്ദര്യം തനതായ കലാരൂപങ്ങളിലൂടെ പകർത്തുന്നതിൽ ലോകത്തിന് വെത്യസ്തമായ സന്ദേശം നല്കുകയാണ് കൊല്ലം രൂപതയിലെ മോൺസിഞ്ഞോർ ഫെർഡിനാന്റ് പീറ്റർ. മനുഷ്യ ഹൃദയങ്ങളെ സ്വാധീനിക്കുവാൻ മാധ്യമങ്ങൾക്കുള്ള അസാധ്യ സ്വാധീനം തിരിച്ചറിഞ്ഞ പുരോഹിതൻ. വ്യക്തിവളർച്ചക്കായി കഴിവുകളെ തന്നിലേക്കൊതുക്കിനിർത്തി പേരെടുക്കാൻ ശ്രമിക്കാതെ ചുറ്റുമുള്ളവരിലേക്ക് പകരുവാൻ ഫ്രഡി അച്ചനെന്ന മോൺസിഞ്ഞോർ ഫെർഡിനാന്റ് പീറ്റർ ശ്രമിച്ചതിന്റെ ഉത്തരമാണ് വിധുവിൻസെന്റിനെയും, കിരൺ പ്രഭാകറിനെയും, രാജേഷ് ശർമയേയും, ജോസ് ടൈറ്റസിനെയും, ടോണി റിബൈറെയും പോലെയുള്ള സിനിമാപ്രവർത്തകരുടെ ജനനം. യൂറോപ്പിലെ ചലച്ചിത്ര പ്രവർത്തകനായ ഈശോസഭയിലെ ഫ്രഞ്ച് വൈദികനിൽ നിന്ന് സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകളും സൗന്ദര്യവും തിരിച്ചറിഞ്ഞതാണ് ഫ്രഡിയച്ചന്റെ ജീവിതത്തിലെ പ്രത്യേക ചുവടു വെപ്പിന് കാരണമായത്.

മാധ്യമങ്ങളുടെ സുവിശേഷകൻ
മോൺസിഞ്ഞോർ ഫെർഡിനാന്റ് പീറ്റർ.

പരേതരായ പീറ്റർ ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായ ഫെർഡിനാന്റ് പീറ്ററിന്റെ കുടുംബാംഗങ്ങളെല്ലാം നന്നായി വരക്കുന്നവരും ഫോട്ടോഗ്രാഫർമാരുമായിരുന്നു. എങ്കിലും കൊച്ചു ഫ്രഡി തന്റെയുള്ളിലൊരു മാധ്യമപ്രവർത്തകനുണ്ട് എന്നുള്ളത് തിരിച്ചറിഞ്ഞില്ല. 1977ൽ തൃച്ചി സെയിന്റ് പോൾ സെമിനാരിയിൽ തിയോളജി വിദ്യാർത്ഥിയായിരിക്കുമ്പോൾ അന്നത്തെ സി ബി സി ഐ മീഡിയ കമ്മീഷൻ ചെയർമാൻ കൽക്കട്ടയിലുള്ള കാർഡിനൽ പിക്കാച്ചി എഴുത്തിന്റെ മേഖലയിൽ ഒരു ടാലന്റ് ടെസ്റ്റ് നടത്തി. ടെസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട കൊച്ചു ഫ്രഡി ജേർണലിസം പഠിക്കുവാൻ സെലക്ട് ചെയ്യപ്പെട്ടു. ബിഷപ് ജെറോം ഫെർണാണ്ടസിൽ നിന്ന് അനുവാദം ലഭിക്കാഞ്ഞതിനാൽ അത് നടന്നില്ല. എങ്കിലും മദ്രാസിൽ നിന്നുള്ള ന്യൂ ലീഡർ മാസികയിൽ അന്ന് മുതൽ അദ്ദേഹം എഴുതിത്തുടങ്ങി.

1978 മുതലാണ് സിനിമയെന്ന മാധ്യമത്തിലേക്ക് ഫാ ഫെർഡിനാന്റ് പീറ്റർ ചുവടുവെപ്പ് നടത്തിയത് . ടെലിവിഷൻ ഇല്ലാത്ത കാലഘട്ടമായിരുന്നത്. സിനിമയായിരുന്നു ഏറ്റവും വലിയ പൊതുജനമാധ്യമം. സിനിമാപ്രേക്ഷകരെ പരിശീലിപ്പിക്കുന്ന സിനിമാസ്വാദക ശില്പശാലകളിലൂടെയായിരുന്നു തുടക്കം.നൂറിൽപ്പരം ശില്പശാലകൾ.ഷാജി എൻ കരുൺ, ഹരികുമാർ, കെ ജി ജോർജ്, ജെയിംസ് ജോസഫ്, എം എഫ് തോമസ് എന്നീ മഹാരഥന്മാരെല്ലാം ക്‌ളാസുകൾ എടുക്കുവാൻ എത്തിച്ചേർന്നിരുന്നു.

ഫ്രഡിയച്ചന്റെ ക്ഷണമനുസരിച്ച് രണ്ടായിരാമാണ്ടു മുതൽ സ്രാമ്പിക്കലച്ചൻ കൊല്ലത്തുവന്നു താമസിച്ചു ഫിലിം പ്രൊഡക്ഷൻ ക്യാമ്പുകൾ നടത്തുവാൻ തുടങ്ങി. ജാതിമതഭേദമന്യേ നിരവധി ചെറുപ്പക്കാർ ഇതിൽ പങ്കെടുത്തു. മുകളിൽ പറഞ്ഞവരുൾപ്പെടെ പ്രശസ്തരായി മാറിയ നിരവധി സിനിമാ നാടകപ്രവർത്തകൾ ഇതിലൂടെ രൂപപ്പെട്ടവരാണ്. അനേകരെ ഈ മേഖലയിൽ വളർത്തിയെടുക്കാൻ കഴിഞ്ഞതാണ് മോൺസിഞ്ഞോർ ഫെർഡിനാന്റ് പീറ്ററിന് ഏറ്റവും കൂടുതൽ സംതൃപ്തി നൽകുന്നത്. ആബേലച്ചനായിരുന്നു ഇതിൽ മോൺസിഞ്ഞോറിന്റെ പ്രചോദനവും മാതൃകയും.

തൊണ്ണൂറുകളിൽ ഭാരതരാജ്ഞി ഇടവകയിൽ വികാരിയായിരിക്കുമ്പോൾ യുവശക്തി എന്നൊരു സംഘടന അദ്ദേഹം രൂപീകരിച്ചു.കലാക്ഷേത്ര ഹേമ ഗോമസിനെപ്പോലുള്ള നിരവധി നർത്തകികൾ അതിന്റെ ഭാഗമായി. ബൈബിൾ കലോത്സവങ്ങളിൽ കുട്ടികളെയൊരുക്കിയിറക്കി . സ്കൂൾ കുട്ടികളെ കലാപരിപാടികളിൽ പങ്കാളികളാക്കി. കലയിലൂടെയുള്ള സുവിശേഷവൽക്കരണം അനേകർക്ക് പുതുവഴികൾ കാണിച്ചു കൊടുത്തു.

സുവിശേഷവൽക്കരണം രണ്ടായിരമാണ്ടു പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ബൈബിൾ കൺവെൻഷനുകളിൽ കലാരൂപങ്ങളിലൂടെ സന്ദേശം നൽകാൻ ഫ്രഡിയച്ചൻ ശ്രമിച്ചു. നാടകങ്ങൾ, നൃത്തരൂപങ്ങൾ, കഥാപ്രസംഗങ്ങൾ, ഗാനമേളകൾ ഇവയൊക്കെ ഇതിന്റെ ഭാഗമായി

രണ്ടായിരത്തിൽ തന്നെയാണ് ഡോക്യൂമെന്ററികളും ഷോർട് ഫിലിമുകളും നിർമിക്കാൻ തുടങ്ങിയതും . ഇരുപതിലധികം ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും ഇതിനോടകം നിർമിച്ചു കഴിഞ്ഞു.ഇവയെല്ലാം ദൂരദർശനിലും, ശാലോമിലും ഉൾപ്പെടെ നിരവധി ചാനലുകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

1995ൽ വിശ്വധർമം എഡിറ്ററായിരുന്ന കാലത്തും മോൺസിഞ്ഞോർ പ്രധാനമായും എഴുതിയിരുന്നത് സിനിമാ നിരൂപണമായിരുന്നു. 95ൽ തന്നെ അദ്ദേഹം രൂപതയുടെ മീഡിയ കമ്മീഷൻ ഡയറക്ടറായി . 96ൽ ബിഷപ് ജെറോം നഗറിൽ വിശ്വദർശൻ എന്ന പേരിൽ ബുക്ക് സ്റ്റാൾ തുടങ്ങി. 97ൽ കൊല്ലത്തെ തന്നെ ആദ്യ ഡിജിറ്റൽ സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോ ആയ വിശ്വദർശൻ റെക്കോർഡിങ് സ്റ്റുഡിയോ ആരംഭിച്ചു. അനേകം പ്രശസ്തമായ ക്രിസ്ത്യൻ ഡിവോഷണൽഗാനങ്ങളാണ് അവിടെ പിറവിയെടുത്തത്.

ഓരോ പ്രസ്ഥാനങ്ങൾക്ക് പേരിടുമ്പോഴും തന്റെ ദർശനങ്ങളെക്കൂടി അതിലുൾപ്പെടുത്തിയിരുന്ന ഫ്രഡിയച്ചൻ 94 മുതൽ സെയിന്റ് റാഫേൽ സെമിനാരിയുടെ ഡയറക്ടറായി. അവിടെവെച്ചാണ് നാടകക്കളരികളുടെ തുടക്കം. ചെറുകഥകളുടെ അരങ്ങിലെ വായന എന്ന പുതിയൊരു കാഴ്ചപ്പാട് പെട്ടെന്ന് നടത്തുന്ന തെരുവുനാടകം പോലുള്ള ഈ നാടകങ്ങളിലൂടെ കൊണ്ടുവരുവാൻ അദ്ദേഹം ശ്രമിച്ചു.

സെമിനാരിയുടെ ചരിത്രത്തിൽ യൂണിവേഴ്സിറ്റി റാങ്കുകൾ ബ്രദേഴ്‌സ് ആദ്യമായി വാങ്ങിയതും ആ കാലഘട്ടത്തിലായിരുന്നു . ഇന്ന് രൂപതയിലുള്ള അറുപതോളം പുരോഹിതർ അച്ചന്റെ കാലത്ത് സെമിനാരിയിൽ പഠിച്ചിറങ്ങിയവരാണ്.ബ്രദേഴ്സിനും കലാരൂപങ്ങളിലൂടെ ബൈബിൾ സന്ദേശങ്ങൾ പകർന്നുകൊടുക്കുവാൻ അച്ചന്റെ കാലയളവിൽ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.അതോടൊപ്പം തന്നെ പ്രോലൈഫ് ആശയങ്ങൾ ബ്രദേഴ്സിലേക്ക് പകരുവാനും അച്ചന് കഴിഞ്ഞു. ആത്മീയതയെ വളർത്തുന്ന സുവിശേഷപ്രവർത്തനങ്ങൾക്ക് സഹായകമായ തുറവി അന്ന് സെമിനാരിയിൽ ഉണ്ടായിരുന്നു. പ്രോലൈഫിന്റെ മുന്നണിപ്പോരാളിയായിരുന്ന ഡോ. എം ജോൺ ഐപ്പ് ആ കാലഘട്ടങ്ങളിൽ കൊല്ലത്തുവന്നു സെമിനാരിയിൽ താമസിച്ചു സെമിനാരിയൻസിനും അല്മായർക്കും നിരവധി ക്‌ളാസുകൾ നൽകിയിരുന്നു.

:നൂതന പ്രക്ഷേപണ ശൈലി അവാർഡ് ശ്രീ അരുൺ ജെയ്‌റ്റിലിയിൽ നിന്നും മോൺസിഞ്ഞോർ ഫെർഡിനാന്റ് പീറ്റർ സ്വീകരിക്കുന്നു

2002 ൽ സഭ ഫാ ഫെർഡിനാന്റ് പീറ്ററിനെ മോൺസിഞ്ഞോറായി പ്രഖ്യാപിച്ചു. 2004 ൽ ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ആയി. ആ വർഷം തന്നെ ബെൻസിഗർ കോളേജ് ഓഫ് നഴ്സിംഗ് ആരംഭിച്ചു. മൂന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ തുടങ്ങി. 2018 ൽ ഡയറക്ടർ പദവി മാറിയ മോൺസിഞ്ഞോർ ഫെർഡിനാന്റ് പീറ്റർ 2019 മുതൽ ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആയി.

അധർമത്തിന്റെ വിളനിലങ്ങളിൽ പ്രത്യാശയുടെ മുകുളങ്ങൾ മൊട്ടിടുമ്പോഴാണ് സമൂഹം നിലനിൽപ്പിന്റെ സുവിശേഷം പ്രഘോഷിക്കുന്നത്. മതങ്ങളുടെയും ജാതിയുടെയും ദുഷിച്ച വ്യവസ്ഥിതികൾ വിലാപം കൊയ്യുന്ന കാലഘട്ടത്തിൽ കൊല്ലം ജില്ലയിൽ പുതിയൊരു വിപ്ലവത്തിന് തിരി കൊളുത്തുകയായിരുന്നു 2010ൽ മോൺസിഞ്ഞോർ ഫെർഡിനാന്റ് പീറ്റർ. കൊല്ലത്തുള്ള ഓരോരുത്തരുടെയും നാവിൽ തത്തിക്കളിക്കുന്ന പേരായി അത് മാറി.അച്ചന്റെ പ്രവർത്തനങ്ങളിലെ തിലകക്കുറിയും, കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ 107.8 .

റേഡിയോ ബെൻസിഗർ ഇന്ന് ഒത്തിരിയേറെ വളർന്നിരിക്കുന്നു. ധാർമികതയും നന്മയും സ്നേഹവും ഊട്ടി ഉറപ്പിക്കുന്ന നിരവധി പരിപാടികൾ, നിരവധി ഭാഷകളിൽ . നാല് ദേശീയ അവാർഡുകളും രണ്ടു സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകളും റേഡിയോ ബെൻസിഗർ നേടിക്കഴിഞ്ഞു . അതിനേക്കാളൊക്കെ എത്രയോ വലുതാണ് കൊല്ലത്തെ മനുഷ്യരുടെ ഹൃദയങ്ങളിൽ റേഡിയോ ബെൻസിഗറും അവരുടെ സ്വന്തം ഫ്രഡിയച്ചനും നേടിയിരിക്കുന്ന ഇടം.

ജോർജ് എഫ് സേവ്യർ വലിയവീട്

Share News