ഇന്ന് ലോകത്ത് കൊച്ചിയിൽ മാത്രമുള്ള കൊങ്കണി അനുഷ്ഠാനഗീതമാണ് ‘ഗൊഡ്ഡെ രാമായണം’. ഈ അനുഷ്ഠാനം ‘ഗൊഡ്ഡെ ‘യെന്ന് അറിയപ്പെടുന്നു.

Share News

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ കൊങ്കൺ പ്രദേശത്തിൻ്റെ ഭാഷയാണ് കൊങ്കണി. ഗോവയിലെ ഔദ്യോഗികഭാഷ. കർണ്ണാടകത്തിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ദമൻ- ദിയുവിലും കേരളത്തിലും കൊങ്കണി സംസാരിക്കുന്നവരുണ്ട്. എറണാകുളംജില്ലയിൽ മലയാളം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന ഭാഷ കൊങ്കണിയാണ്. എന്നാൽ, ഗൊഡ്ഡെ അനുഷ്ഠാനം ഫോർട്ടുകൊച്ചി അമരാവതിയിലെ ശ്രീ ജനാർദ്ദന അമ്പലത്തിൽ മാത്രമേയുള്ളു.

കൊങ്കണിഭാഷാ സമൂഹങ്ങൾ കൊച്ചിയിലെത്തിയ 16, 17 നൂറ്റാണ്ടുകളിലെപ്പോഴോ ഗൊഡ്ഡെ രാമായണം കൊച്ചിയിൽ രചിക്കപ്പെട്ടുവെന്ന് പൊതുഅനുമാനം. എങ്കിൽ, ആരാണ് ഗൊഡ്ഡെ രാമായണം രചിച്ചത് ?- ഗവേഷകർക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യം.

അജ്ഞാതനായ കവിയുടെ രചനയായ ഗൊഡ്ഡെ രാമായണം നൂറ്റാണ്ടുകളായി ഓരോ കൊല്ലവും ഫോർട്ടുകൊച്ചിയിൽ അനുഷ്ഠാനാലാപനമായി തുടരുന്നു.

ചോദ്യം: എന്തുകൊണ്ടാണ് ഗൊഡ്ഡെ രാമായണം കൊച്ചിയിൽ മാത്രം അനുഷ്ഠിക്കപ്പെടുന്നത് ? ചോദ്യം അനുമാനത്തിലേക്ക് നയിക്കുന്നു: ഗൊഡ്ഡെ രാമായണകാരൻ കൊച്ചിയിൽ ജീവിച്ചു.

ഫൽഗുണമാസത്തിൽ അതായത് മാർച്ച് – ഏപ്രിൽ കാലത്ത്, ദ്വാദശി നാളിൽ ശ്രീ ജനാർദ്ദന അമ്പലത്തിൽ രാത്രിയിൽ , നിരയായി തൂക്കിയിട്ട നിലവിളക്കുകളുടെ വെളിച്ചത്തിൽ ഗൊഡ്ഡെ രാമായണം ഈണത്തിൽ ആലപിക്കപ്പെടുന്നു.

കൊങ്കണി വൈശ്യ സമൂഹത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ശ്രീ ജനാർദ്ദന അമ്പലം. പതിനാറാം നൂറ്റാണ്ടിൻ്റെ ആദ്യത്തിലാണ് ശ്രീ ജനാർദ്ദന അമ്പലം നിർമ്മിക്കപ്പെട്ടത്. അമ്പലത്തിലെ ആരാധനമൂർത്തി മഹാവിഷ്ണു. കൊച്ചിയിലെ കൊങ്കണിഭാഷാ സമൂഹങ്ങൾക്ക് പൊതുചരിത്രമുണ്ട്. 16,17 നൂറ്റാണ്ടുകളിൽ ഗോവയിൽനിന്ന് കൊച്ചിയിലെത്തിയവരായിരുന്നു അവരുടെ പൂർവ്വികർ. ഗോവയിൽ പോർച്ചുഗീസ് അധികാരകാലമായിരുന്നു. അധികാരികൾ നിർബന്ധിത മതപരിവർത്തനം നടപ്പാക്കിയപ്പോൾ പലായനംചെയ്ത കൊങ്കണിഭാഷക്കാർ കൊച്ചിയിൽ അഭയംതേടി. അവർക്ക് പാർക്കാൻ ഇടം നൽകി കൊച്ചിരാജാവ്. പണിയെടുക്കാനും കച്ചവടംനടത്താനും ആരാധനാലയങ്ങൾ നിർമ്മിക്കാനും അനുവാദം നൽകി.

ഗൊഡ്ഡെ ആചാരാലാപനത്തിൻ്റെ ഭാഗമായി ശ്രീ ജനാർദ്ദന അമ്പലത്തിൽ ഭേരി അഥവ വലിയ പെരുമ്പറ മുഴങ്ങുകയായി. പെരുമ്പറയുടെയും ചെണ്ടയുടെയും ചേങ്ങലയുടെയും അകമ്പടിയോടെയാണ് ആലാപനം. പ്രധാന പാട്ടുകാർ പാടുകയും പാട്ടുസംഘം ഏറ്റുപാടുകയും ചെയ്യുന്ന ഗൊഡ്ഡെ രണ്ടുമണിക്കൂറോളം നീളും. ഗീതാലാപനം മാത്രമായിരുന്നില്ല , ഗൊഡ്ഡെ ഒരുകാലത്ത് ആലാപനത്തോടൊപ്പം ആട്ടവുമുണ്ടായിരുന്നു. 1970കൾ വരെ ഗൊഡ്ഡെയോടൊപ്പം ആട്ടം അവതരിപ്പിക്കുന്നത് കൊച്ചിക്കാർ ഓർക്കുന്നു.

‘സിഗ്മൊ ‘ ഉൽസവത്തിന് ‘ഭിർമൊ ‘ അമ്പലത്തെ വലംവച്ച് ഗൊഡ്ഡെ ആലാപനം ആരംഭിക്കുന്നുവെന്നാണ് ശ്രീ ജനാർദ്ദന അമ്പലവുമായി ബന്ധപ്പെട്ടവർ പറയുക. ഗൊഡ്ഡെ രാമായണാലാപനം സിഗ്മൊ ഉൽസവത്തിൻ്റെ ഭാഗമാണ്. ശ്രീ ജനാർദ്ദന അമ്പലത്തിൻ്റെ ഭാഗമായുള്ള ആരാധനയിടം ഭിർമൊ അമ്പലം. ആലാപനാരംഭം ‘ ഗൊഡ്ഡെ പടപ്പ് ‘ എന്ന് അറിയപ്പെടുന്നു.

കത്തിച്ചുവച്ച നിലവിളക്കിൻ്റെ സാന്നിധ്യത്തിലാണ് ഗൊഡ്ഡെ രാമായണാലാപനം അനുഷ്ഠിക്കുക. അതിൻ്റെ ഭാഗമാകാൻ അനേകം ആളുകൾ അമ്പലത്തിൽ വന്നെത്തുന്നു. ഇവരിൽ പ്രായംചെന്നവർക്ക് മുറുക്കാൻ നൽകാറുണ്ട്. 41 ദിവസത്തെ വ്രതമെടുപ്പിനു ശേഷമാണ് ആലാപനക്കാർ അനുഷ്ഠാനത്തിനെത്തുക.

ബോഡ്വൊ ഷെട്ടിയായിരുന്നു കൊച്ചിയിലെ പഴയതലമുറ ഓർക്കുന്ന ഗൊഡ്ഡെ രാമായണാലാപനക്കാരൻ. അദേഹം മുടക്കമില്ലാതെ വർഷന്തോറും ഗൊഡ്ഡെ ആലപിച്ചു. എന്നാൽ, എന്തൊക്കെയോ കാരണങ്ങളാൽ ആലാപനാനുഷ്ഠാനം ഒരു പതിറ്റാണ്ടിലധികം കാലം അനുഷ്ഠിക്കപ്പെടാതിരുന്നു. ഇക്കാലത്ത് ഗൊഡ്ഡെ നാശത്തിലേക്ക് നീങ്ങി.

നാശാവസ്ഥയിൽനിന്ന് ഗൊഡ്ഡെയെ പുനരുദ്ധരിക്കാൻ ശ്രമമുണ്ടായി. 1955ൽ പുന:രാരംഭിച്ചു അനുഷ്ഠാനം. അഭിമന്യു ഷെട്ടിയായിരുന്നു പ്രധാന പുനരുദ്ധാരകൻ. ശ്രീ ജനാർദ്ദന അമ്പലത്തിനു സമീപമുണ്ടായിരുന്ന അച്ചടിശാലയിൽനിന്ന് ഗൊഡ്ഡെ രാമായണത്തിൻ്റെ പകർപ്പ് ലഭിച്ചത് പുനരുദ്ധാരണത്തിന് സഹായമായി. മിന്നക്ക എന്ന് വിളിച്ചിരുന്ന ദ്രൗപതി അജ്ജി എന്ന സ്ത്രീ പണ്ട് കേട്ട് ഹൃദിസ്ഥമാക്കിയിരുന്ന ഗൊഡ്ഡെ രാമായണത്തിൻ്റെ വരികൾ പാടിയെഴുതിചേർത്ത് പുനരുദ്ധാരണത്തെ സഹായിച്ചു.

അഭിമന്യു ഷെട്ടിയുടെ മക്കൾ രക്ഷിത, രജിത് എന്നിവർ ഇന്ന് ഗൊഡ്ഡെ ആലാപനം ചിട്ടതെറ്റാതെ അനുഷ്ഠിക്കുന്നു. ശിവഭജന മഠത്തിൻ്റെ മേൽനോട്ടത്തിലാണ് അനുഷ്ഠാനം. “1969ൽ 11 വയസിൽ ഞാൻ ഗൊഡ്ഡെ പാടിത്തുടങ്ങി. ഇന്ന് അതിൻ്റെ ആദ്യന്തം ഹൃദിസ്ഥമാണ് !”, പറയുന്നു രക്ഷിത. റബ്ബർ ബോർഡിലെ ഉദ്യോഗത്തിൽനിന്ന് വിരമിച്ചു രക്ഷിത. രജിത് വീട്ടമ്മ.

കൊച്ചി കൊങ്കണി ഭാഷാ ഇൻസ്റ്റിറ്റൂട്ട് 1989ൽ ഗൊഡ്ഡെ രാമായണം പുസതകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ബാല, അയോധ്യ, ആരണ്യ, കിഷ്കിന്ദ, സുന്ദര, യുദ്ധ കാണ്ഠങ്ങളുള്ള പുസ്തകം. ഇതിൻ്റെ കോപ്പി മട്ടാഞ്ചേരിയിലെ യശോദയുടെ ലൈബ്രറിയിലുണ്ട്.

‘ഗൊഡ്ഡെ’ എന്നാൽ എന്ത് ?- ഈ കുറിപ്പെഴുതുന്നയാൾ കൊങ്കണിഭാഷയുമായി ബന്ധപ്പെട്ട പലരോടും തിരക്കി. യുക്തിഭദ്രമായ ഉത്തരം ലഭിക്കുന്നില്ല. ഗൊഡ്ഡെ രാമായണം സംബന്ധിച്ച് ഇതുവരെ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്.

അന്വേഷണങ്ങൾക്ക് ഉത്തരം ലഭിക്കുന്നതുവരെ അനുമാനങ്ങളേയുള്ളു: നൂറ്റാണ്ടുകൾക്കു മുമ്പ് , ഒരുപക്ഷെ പതിനാറാം നൂറ്റാണ്ടാലോ അതിനുശേഷമോ, പേരറിയാത്ത ഒരു കൊങ്കണി എഴുത്തുകാരൻ / എഴുത്തുകാരി കൊച്ചിയിലുണ്ടായിരുന്നു. കൊച്ചിയിൽ ജീവിച്ച അദ്ദേഹമായിരുന്നിരിക്കണം ഗൊഡ്ഡെ രാമായണത്തിൻ്റെ രചയിതാവ് !

ദേവനാഗരി ലിപിയിൽ എഴുതുന്ന ഭാഷയാണ് കൊങ്കണി. എഴുത്തച്ഛൻ ആധ്യാത്മിക രാമായണം രചിക്കുന്നതിനു മുമ്പെ, പതിനാറാം നൂറ്റാണ്ടിനു മുമ്പെ, കൊങ്കണി ഭാഷയിൽ രാമായണം എഴുതപ്പെട്ടു. ഈ ‘കൊങ്കണി രാമായണം’ പോർച്ചുഗലിലെ ബ്രാഗ പബ്ലിക്ക് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൊങ്കണിയിൽ രാമായണമെഴുത്ത് ഉണ്ടായതിനെ പിൻതുടർന്ന് കൊങ്കണിസ്ക്കാരം പിൻപറ്റുന്ന കൊച്ചിയിലെ കൊങ്കണിഭാഷക്കാരിൽ ഒരാൾ ഗൊഡ്ഡെ രാമായണം രചിച്ചെന്ന് നിഗമനത്തിലെത്തുന്നത് ഗൊഡ്ഡെ രാമായണത്തിൻ്റെ ഉൽപ്പത്തിയെ സംബന്ധിച്ച യഥാർത്ഥ്യത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.

(* ഈ ലേഖനമെഴുത്തിന് ഉപയോഗിച്ച ചില വിവരങ്ങൾക്ക് ഗോവ കൊങ്കണി അക്കാദമിയുടെ ‘അനന്യ ‘ ലിറ്റററി ജേർണൽ 2020 ജനുവരി- ഡിസംബർ ലക്കത്തിൽ ആർ.എസ്. ഭാസ്ക്കർ എഴുതിയ ലേഖനത്തോട് കടപ്പാട്. ഗൊഡ്ഡെ ആലാപനത്തിന് അകമ്പടിയാകുന്ന ശ്രീ ജനാർദ്ദന അമ്പലത്തിലെ പെരുമ്പറയുടെ ചിത്രം ചേർത്തിട്ടുണ്ട് )

പാട്ടുകൊച്ചി – 9

Bony Thomas

Share News