![](https://nammudenaadu.com/wp-content/uploads/2021/01/governor_arif_muhammed_khan.jpg)
ഏറെ വെല്ലുവിളികൾ നേരിടുന്ന സർക്കാർ; കാർഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് ഗവർണർ
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള നിയമസഭാസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തി. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തിൽ സർക്കാർ നടപടികളെ ഗവർണർ പ്രശംസിച്ചു. ലോക് ഡൗൺ കാലത്ത് ആരെയും പട്ടിണിക്കിടാതെ സർക്കാർ ശ്രദ്ധിച്ചുവെന്ന് ഗവർണർ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ സഭയിലെത്തിയപ്പോൾത്തന്നെ പ്രതിപക്ഷ ഭാഗത്തു നിന്നും സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു. നയപ്രഖ്യാപന തടസപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. സഭയിലെ മര്യാദകൾ ഓർമ്മിച്ചിച്ചുകൊണ്ട് അൽപ്പം പരുഷമായിട്ടു തന്നെയാണ് ഗവർണർ തന്നെ പ്രസംഗം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടത്.
കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു. 20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്. നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കോവിഡിനെ നേരിട്ടു. മുന്നോട്ടുള്ള പാതയും ദുർഘടമെന്ന് അറിയാം. കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കണമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമം കുത്തകകളെ സഹായിക്കാനാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നിയമം രൂപീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണ് കര്‍ഷകരുടെ സമരമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ തകര്‍ക്കും. കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും. നിയമഭേദഗതി പൂഴ്ത്തിവെപ്പിന് കളമൊരുക്കുന്നതാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. കാര്‍ഷിക വാണിജ്യ കരാറുകള്‍ റബര്‍ പോലുള്ള വാണിജ്യം വിളകളെ ബാധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേന്ദ്ര ഏജൻസികളെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വിമർശിച്ചു. സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസം നിൽക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്. രണ്ടു ലക്ഷത്തിലേറെ പേർക്ക് അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത് സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
ഫെഡറലിസം ഉറപ്പാക്കാൻ ഉള്ള നടപടികളിൽ കേരളം എന്നും മുന്നിലെന്ന് ഗവർണർ പറഞ്ഞു. ഭരണഘടനയും മതേതരത്വവും ഉറപ്പാക്കാൻ കേരളം മുന്നിട്ടിറങ്ങിയെന്നും ഗവർണർ പ്രശംസിച്ചു.