വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണറുടെ അനുമതി
തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍. വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തത്വത്തില്‍ അനുമതി നല്‍കി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രശ്‌ന പരിഹാരമായത്.
അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല എന്നു പറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് നേരത്തെ അനുമതി നിഷേധിച്ചത്. എന്നാല്‍ സ്പീക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതായി ഗവര്‍ണര്‍ സ്പീക്കറെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാജ്ഭവന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി തീരുമാനം അറിയിക്കും.
അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ പ്രാധാന്യം ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്്തൃ സംസ്ഥാനമെന്ന നിലയില്‍ കാര്‍ഷിക നിയമങ്ങള്‍ കേരളത്തെ എങ്ങനെ ബാധിക്കും എന്നത് അടക്കമുള്ള കാര്യങ്ങള്‍ ഗവര്‍ണറെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലന്‍ ഗവര്‍ണറെ കണ്ടിരുന്നു. ഈ സമയത്താണ് നിയമസഭ ചേര്‍ന്ന്് കേരളത്തിന്റെ വികാരം അറിയിക്കേണ്ടതിന്റെ പ്രാധാന്യം ഗവര്‍ണറെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരിയിലെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ ഗവര്‍ണര്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതില്‍ തീരുമാനം അറിയിക്കുകയായിരുന്നു.