നിപ ബാധയിൽ ജില്ലക്ക് ആശ്വാസദിനമെന്നും നിലവിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

Share News

കോഴിക്കോട് കളക്ടറേറ്റിൽ നിപ അവലോകന യോഗം

17.09.2023

നിപ ബാധയിൽ ജില്ലക്ക് ആശ്വാസദിനമെന്നും നിലവിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിപ അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലുള്ള ഒൻപത് വയസ്സുള്ള കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയിലെ പുരോഗതി പ്രതീക്ഷാനിർഭരമാണെന്ന് മന്ത്രി അറിയിച്ചു. നിപക്കെതിരെ ജനങ്ങളെ ചേർത്തുപിടിച്ച് ഒറ്റക്കെട്ടായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐ എം സി എച്ചിൽ 4 പേരാണ് ഉള്ളത്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 34,167 വീടുകളിൽ ഗൃഹ സന്ദർശനം പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു.

ആദ്യത്തെ നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിന്റെ ജീനോമിക് സീക്വൻസിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തും.

നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉള്ളത് 352 പേരാണ്.

ജനങ്ങൾ നല്ല രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗൃഹ സന്ദർശനത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധിയിൽ ഉണ്ടായ വർധനവ് ഇത് സാധൂകരിക്കുന്നതായി മന്ത്രി പറഞ്ഞു.

ജനങ്ങൾ സ്വയം നേതൃത്വമേറ്റെടുത്തു കൊണ്ടാണ് നിപ പ്രതിരോധ പ്രവർത്തനങ്ങളും സേവന പ്രവർത്തനവും നടത്തുന്നത്.

ആരോഗ്യ പ്രവർത്തകർ നടത്തുന്ന കഠിനാധ്വാനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹനീഷ്, ജില്ലാ കലക്ടർ എ ഗീത, എ ഡി എം സി.മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.

നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായി: മന്ത്രി വീണാ ജോര്‍ജ്

നിപ പരിശോധന നടത്തുന്നത് എങ്ങനെ?

സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍.ഐ.വി.യുടെ മൊബൈല്‍ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീര്‍ണകരമാണ്. അപകടകരമായ വൈറസായതിനാല്‍ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകള്‍ക്ക് മാത്രമേ നിപ പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആര്‍. അല്ലെങ്കില്‍ റിയല്‍ ടൈം പി.സി.ആര്‍. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്.

സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ?

എന്‍. 95 മാസ്‌ക്, ഫേസ്ഷീല്‍ഡ്, ഡബിള്‍ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍, സിഎസ്എഫ്, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുന്നു. തുടക്ക സമയത്ത് രോഗലക്ഷണങ്ങള്‍ പലരിലും കാണാത്തതിനാല്‍ നിപാ വൈറസിന്റെ പ്രാരംഭ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും രോഗബാധിതരായ ആളുകള്‍ക്കിടയില്‍ അതിജീവന സാധ്യത വര്‍ധിപ്പിക്കുന്നതിനും മറ്റ് ആളുകളിലേക്ക് പകരുന്നത് തടയുന്നതിനും രോഗ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നേരത്തെയുള്ള പരിശോധന നിര്‍ണായകമാണ്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങളില്ലാത്ത ഒരാളുടെ പരിശോധനാഫലം നെഗറ്റീവായാലും, അദ്ദേഹം സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട ആളായാല്‍ നിപയുടെ ഇന്‍കുബേഷന്‍ പരിധിയായ 21 ദിവസം ഐസൊലേഷനില്‍ കഴിയണം.

ലാബിലേക്ക് അയക്കുന്നതെങ്ങനെ?

സംശയിക്കപ്പെടുന്നയാളുടെ സാമ്പിളുകളുടെ ശേഖരണം, ലാബിലേക്ക് കൊണ്ടുപോകല്‍, സംഭരണം, സംസ്‌കരണം എന്നിവയില്‍ മതിയായ ബയോ സേഫ്റ്റി മുന്‍കരുതലുകള്‍ സ്വീകരിക്കണം. ക്ലിനിക്കല്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ സാമ്പിളുകള്‍ സുരക്ഷിതമായി ട്രിപ്പിള്‍ കണ്ടെയ്നര്‍ പാക്കിംഗ് നടത്തുന്നു. ഇത് കോള്‍ഡ് ചെയിനില്‍ 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസില്‍ സുരക്ഷിതമായി ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് മുന്‍കൂര്‍ അറിയിപ്പോടെ കൊണ്ടുപോകണം.

നിപ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ?

നിപ വൈറസിനെ കണ്ടെത്താന്‍ പി.സി.ആര്‍. അല്ലെങ്കില്‍ റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍.ടി.പി.സി.ആര്‍) പരിശോധനയാണ് നടത്തുന്നത്. എന്‍.ഐ.വി. പൂനെയില്‍ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളില്‍ നിന്ന് ആര്‍.എന്‍.എ.യെ വേര്‍തിരിക്കുന്നു. ഇതില്‍ നിപ വൈറസ് ജീന്‍ കണ്ടെത്തിയാല്‍ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതല്‍ 4 മണിക്കൂറാണ് സമയമെടുക്കുന്നത്.

നിലവില്‍ നിപ പരിശോധനകള്‍ കൃത്യസമയത്ത് നടത്താനും അതനുസരിച്ച് പരിശോധനാഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താനും സാധിക്കുന്നുണ്ട്. ഇതുവഴി നിപ വൈറസിനെ നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

Share News