സം​സ്ഥാ​ന​ത്ത് പ​ക​ല്‍ ചൂ​ട് കൂ​ടു​ന്നു: ജാഗ്രത പാലിക്കാൻ നിർദേശം, മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ല്‍ സ​മ​യ​ത്ത് താ​പ​നി​ല കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​വു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദിനാന്തരീക്ഷ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുകയാണ്. കേരളം ഉയര്‍ന്ന അന്തഃരീക്ഷ ആര്‍ദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാല്‍ താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍:

-പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

-നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

-പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

-ORS, ലെസ്സി, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.

-അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-പുറത്തേക്ക് ഇറങ്ങുമ്ബോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

-ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.

-പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

-വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ലേബര്‍ കമ്മീഷ്ണര്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച്‌ ഉത്തരവിടുന്നതാണ്. അതിനനുസരിച്ച്‌ തൊഴില്‍ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.

-ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

-മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്‌കാര്‍ക്ക് സുമനസ്‌കര്‍ കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

-നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി പുറം വാതില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവരും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.

-PSC പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം.

-ക്ലാസുകള്‍ ആരംഭിച്ച വിദ്യഭാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കഠിനമായ ചൂട് മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്.

-നഗരങ്ങളില്‍ തണലുള്ള പാര്‍ക്കുകകള്‍, ഉദ്യാനങ്ങള്‍ പോലെയുള്ള പൊതു ഇടങ്ങള്‍ പൊതുജനങ്ങള്‍ക്കായി പകല്‍ സമയങ്ങളില്‍ തുറന്ന് കൊടുക്കണം. യാത്രയില്‍ ഏര്‍പ്പെടുന്നവരും മറ്റ് ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ എത്തുന്നവരും കൃത്യമായ ഇടവേളകളില്‍ ശരീരത്തിന് തണലും വെള്ളവും വിശ്രമവും നല്കാന്‍ ശ്രമിക്കണം.

-തദ്ദേശ സ്ഥാപനങ്ങള്‍ വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ളം ഉറപ്പു വരുത്തണം.

-ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.

-മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.

-പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

-പുറത്തിറങ്ങുമ്ബോള്‍ പാദരക്ഷകള്‍ ധരിക്കുക.

-കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

-തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക. ആകാശവാണിയിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും വരുന്ന ഔദ്യോഗിക സന്ദേശങ്ങള്‍ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

-അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

-സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയില്‍ പെട്ടാല്‍ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാന്‍ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.

Share News