
ഉന്നത വിദ്യാഭ്യാസം – മോചിക്കപ്പെടേണ്ട കേരളത്തിന്റെ യാഗാശ്വം
രണ്ട് തരം സോഫ്റ്റ് വെയറുകൾ ഉണ്ട് – പ്രൊപ്രൈറ്ററിയും, ഓപ്പൺസോഴ്‌സും വ്യാവസായിക അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതും, സ്വതന്ത്രവും സൗജന്യവുമായി ലഭിക്കുന്നതെന്നും വളരെ ലളിതമായി അവയെ മനസിലാക്കാം. ഓപ്പൺ സോഴ്‌സ് അല്ലെങ്കിൽ സ്വതന്ത്ര സോഫ്ട്‍വെയർ ഉദയംചെയ്യാൻ തന്നെ കാരണം മൈക്രോസോഫ്റ്റ് പോലുള്ള വ്യവസായ ഭീമൻമാർ സോഫ്റ്റ്വെയർ രംഗത്തെ എല്ലാവിധ സാങ്കേതിക വിദ്യയും, അറിവുകളും അതി ഭീകരമായ പേറ്റൻറ് വാഴ്ചയിലൂടെ തങ്ങളുടേത് മാത്രമായി മാറ്റി, മറ്റുള്ളവരെയെല്ലാം സാങ്കേതിക അടിമകളാക്കി മാറ്റുന്നു എന്ന് വന്നപ്പോഴാണ്. അറിവിനെ നിയന്ത്രിക്കുന്നവൻ ലോകം നിയന്ത്രിക്കുന്നു; അറിവിനെ സ്വതന്ത്രമായി അഴിച്ചു വിടുന്നവൻ സാമൂഹിക പരിഷ്‌കർത്താവാകുന്നു!
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഭാരതത്തിൽ നിലനിന്നിരുന്ന ചാതുർവർണ്യത്തിന്റെ അടിസ്ഥാനവും ഇത്തരത്തിലുള്ള വിഞ്ജാന നിയന്ത്രണമായിരുന്നു. മേൽജാതിക്കാർക്ക് മാത്രം പഠിക്കുവാൻ അർഹതയും,സാഹചര്യവുമുള്ള സംസ്കൃതഭാഷയും ആ ഭാഷയിലുള്ള വേദങ്ങളും മറ്റ് വിഞ്ജാന ഗ്രന്ഥങ്ങളും കീഴ് ജാതിക്കാരൻ ശ്രവിക്കുകപോലും ചെയാൻ പാടില്ലായിരുന്നു. ക്രൈസ്തവ ലോകത്തെ സ്വിതിയും വ്യത്യസ്തമല്ലായിരുന്നു. ലത്തീൻ ഭാഷയിൽ പുരോഹിതർ മാത്രം മനസിലാക്കിയ ബൈബിൾ തദ്ദേശ ഭാഷകളിലേക്ക് തർജിമ ചെയ്യപ്പെടാൻ മാർട്ടിൻ ലൂതറിന്റെ കൊട്ടാര വിപ്ലവം വരെ കാത്തിരിക്കേണ്ടിവന്നു.
ഇത്തരമൊരു സാമൂഹ്യ പശ്ചാത്തലത്തിലാണ് ചാവറയച്ചന്റെ സംസ്കൃത വിദ്യാലയവും പിടിയരിയും, പള്ളിക്കൊരു പള്ളികൂടവുമെല്ലാം നാം മനസിലാക്കേണ്ടത് വിജ്ജാനത്തെ സ്വാതന്ത്രമാക്കുകയാണ് അദ്ദേഹം ചെയ്തത്. ജാതി മത പരിഗണനകൾക്കതീതമായി വിജ്ഞ്ജാന സമ്പാദനത്തെ കെട്ടഴിച്ച് വിട്ടതിലൂടെ വിദ്യാഭാസ രംഗത്ത് പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരു വിപ്ലവമാണ് കേരളത്തിൽ സംഭവിച്ചത്. ആ ദർശനത്തോട് മറ്റനവധി പരിഷ്കർത്താക്കളും മുന്നേറ്റങ്ങളും ഒന്ന് ചേർന്നപ്പോൾ നാം ഇന്നു കാണുന്ന കേരളമുണ്ടായി – സമ്പുർന്ന സാക്ഷരതയുള്ള, പ്രാഥമിക സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഏത് വികസിത രാജ്യത്തോടും കിടപിടിക്കാവുന്ന നേട്ടങ്ങൾ ഉള്ള കേരളം.
ചാവറയച്ചനും മറ്റ് സാമൂഹിക പരിഷ്കർത്താക്കളും അഴിച്ചുവിട്ട വൈജ്ഞാനിക യാഗാശ്വത്തെ തടുത്ത് നിർത്താൻ സാധിക്കാത്തതുകൊണ്ട് പ്രാഥമിക തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ രംഗത്ത് അഭൂതപൂർവമായ നേട്ടങ്ങൾക്ക് കേരളം സാഷ്യം വഹിച്ചെങ്കിലും ആ യാഗാശ്വത്തിന്റെ ദ്വിഗ് വിജയം ഇവിടുത്തെ രാഷ്രീയ നേതൃത്വത്തെ അത്യന്തം പരിപ്രാന്തിയിലാക്കി എന്നു വേണം കരുതാൻ. പ്രാഥമിക വിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടി ഉണ്ടായാൽ തങ്ങൾക്ക് കൊടിപിടിക്കാനും ചൂടുചോറ് വാരാനും അണികളെ കിട്ടില്ലെന്ന് ഇവിടുത്തെ ഇടതനും വലതനും ഒരുപോലെ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അണികളെ വാർത്തെടുക്കാനുള്ള സമരക്കളരികൾ മാത്രമായിരിക്കണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് അവർ മനസിലുറപ്പിച്ചിരുന്നു എന്നുമനസ്സിലാക്കാൻ ഒരു മെക്‌സിക്കൻ അപാരതയൊന്നും വേണ്ട, സമീപകാല കലാലയ ചരിത്രത്തിലേയ്ക്ക് ഒന്നു കണ്ണോടിച്ചാൽ മാത്രം മതിയാകും. ചോരയിറ്റുവീഴുന്ന കൊലക്കത്തികളും വായുവിലുയരുന്ന മുഷ്ട്ടികളും തീ പാറുന്ന മുന്ദ്രാവാക്യങ്ങളുമായിരുന്നു സമീപകാലം വരെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ മുഖമുദ്ര.
ചുരുക്കം ചില തുരുത്തുകളിൽ ഒഴിച്ചാൽ, ഗവേഷണമെന്നത് തരിമ്പും സ്പർശിക്കാത്ത, ശമ്പളവും ഇന്ക്രീമെന്റും മാത്രമെണ്ണി ജീവിക്കുന്ന അദ്ധ്യാപകരും ബിരുദ സർട്ടിഫിക്കറ്റിനുവേണ്ടി മാത്രം പഠിക്കുന്ന വിദ്യാർത്ഥികളും, തീരെ അപര്യപ്തമായ സൗകര്യങ്ങളോട് കൂടിയ കലാലയങ്ങളും അടങ്ങുന്ന നിരാശാജനകമായ ചിത്രമായിരുന്നു കേരളത്തിലെഉന്നത വിദ്യാഭ്യാസത്തിന്റേത് ഇതെഴുതുന്ന സമയത്ത് പോലും അതിന്‌വലിയ മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.കേരള സാങ്കേതിക സർവകലാശാലയിലെ ഓണററി പ്രൊഫസർ ആയ ഗംഗൻപ്രതാപ് സാർ ചൂണ്ടികാണിച്ചതുപോലെ സ്റ്റാൻഫോർഡ് സർവകലാശാല പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും നല്ല രണ്ട് ശതമാനം ഗവേഷകരുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ളവർ അവഗണിക്കാനാവുംവിധം കുറവാണെന്ന് മാത്രമല്ല “പേരുകേട്ട “പല സർവകലാശാലകളിൽ നിന്നും ഒരാൾ പോലും ആ കൂട്ടത്തിലില്ല എന്ന സത്യവും നമ്മെ ലജ്ജിപ്പിക്കുന്നതാണ്.
പ്രാഥമിക, സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വെന്നിക്കൊടി പാറിച്ച വൈജ്ഞാനിക യാഗാശ്വത്തെ ഉന്നത വിദ്യഭ്യാസ രംഗത്ത് കേരളം നിഷ്കാരുണം പിടിച്ചുകെട്ടി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അറിവിൻറെ സ്വാതന്ത്ര്യമായ വ്യാപനത്തെ ചില ശക്തികൾ മനഃപൂർവം കേരളത്തിൽ വരിഞ്ഞുകെട്ടി അറിവിന്റെ വ്യാപനത്തെ നിയന്ത്രിക്കുന്നതിലൂടെ സമൂഹത്തെ നിയന്ത്രിക്കാമെന്ന്, തങ്ങളുടെ ചൊല്പടിയിലാക്കാമെന്ന് അവർ മനസ്സിലാക്കി. അതുകൊണ്ട് സിന്ഡിക്കേറ്റുകളും, സെനറ്റുകളുമുണ്ടായി. വിദ്യാഭ്യാസ,ഗവേഷണ നിപുണതയ്ക്കു പകരം രാഷ്ട്രീയ പിടിപാടുകൾ മാത്രമായി അതിന് യോഗ്യത. പത്ത് ക്ലാസ് പഠിച്ചിട്ടില്ലാത്ത രാഷ്ട്രീയക്കാരും സെനറ്റ്, സിൻഡിക്കേറ്റ് മെമ്പർമാരായി. അവിടെ ചർച്ചചെയ്യപ്പെടുന്ന കാര്യങ്ങളും എടുക്കപ്പെടുന്ന തീരുമാനങ്ങളും അത്തരത്തിലായി. കേരളത്തിന്റെ വൈജ്ഞാനിക യാഗാശ്വത്തെ മൂക്കുകയറിട്ട് അവർ പിടിച്ചു നിർത്തി.
ഇവിടെയാണ് ഒരു രണ്ടാം ചാവറയച്ചന്റെ പ്രസക്തി. ഈ യാഗാശ്വത്തെ അഴിച്ചുവിടുവാൻ കരുത്തുള്ള സാമൂഹിക പരിഷ് കർത്താക്കൾ കേരളത്തിൽ ഉദയം ചെയേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ഭാവി ഈ യാഗാശ്വത്തിന്റെ ചുമലിലാണ്.
ലോകം ഒരു വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥയിലേക്ക് കുതിക്കുകയാണ് കേരളം ഒരു നോളജ് എക്കണോമിയാകണമെന്ന് ഗവണ്മെന്റ് പോലും പറയാൻ തുടങ്ങിയിരിക്കുന്നു. നിർമ്മിത ബുദ്ധിയും, ഓട്ടോമേഷനും, യന്ത്രമനുഷ്യരുമടങ്ങുന്ന നാലാം വ്യാവസായിക വിപ്ലവം അതിന്റെ കൗമാരത്തിലേക്ക് പ്രവേശിച്ച് കൊണ്ടിരിക്കവേ കേരളത്തിന് രക്ഷപ്പെടാൻ വേറെ വഴിയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു മുന്നോട്ട് കുതിക്കുവാൻ അതിനെ പ്രാപ്തമാക്കിയേ തീരൂ. ഭാരതത്തിന്റെയെന്നല്ല ലോകത്തിന്റെ തന്നെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആയി മാറുവാനുള്ള, അതിന് അനുപൂരകമായി ഒരു വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള എല്ലാ അസംസ്കൃത വസ്തുക്കളും, സാഹചര്യങ്ങളും,മനോഹരമായ ഭൂപ്രകൃതിയും ദൈവം കനിഞ്ഞു തന്നിട്ടുള്ള “ദൈവത്തിന്റെ സ്വന്തം”നാട് തന്നെയാണിത്.
ഈ യാഗാശ്വത്തെ കെട്ടിയിരിക്കുന്ന പിടി വിടേണ്ടത് രാഷ്ട്രീയക്കാർ തന്നെയാണ് അക്കാദമി രംഗം രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും പൂർണ്ണ വിമുക്തമാക്കണം. വിജ്ഞാനത്തിന്റെ സുഗമമായ വ്യാപനത്തിന് അനുസൃതമായ അന്തരീക്ഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് സംജാതമാവണം ഫണ്ട് അനുവദിക്കപ്പെടണം, ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടണം, പ്രാഥമിക,സ്കൂൾ വിദ്യാഭ്യാസത്തെ മാറ്റി മറിച്ച സ്വകാര്യ ഏജൻസികളുടെ പങ്കിനെ തിരിച്ചറിഞ്ഞു അവരെ ഉന്നത വിദ്യാഭ്യാസ രംഗത്തും കൂടുതൽ വിശ്വാസത്തിൽ എടുക്കണം.
എന്തുകൊണ്ടാണ് ഇനിയും കേരളത്തിൽ മാത്രം സ്വകാര്യ സർവ്വകലാശാലകൾ ഇല്ലാത്തത് എന്ന് പരിശോധിച്ചു തെറ്റ് തിരുത്തണം. ആവശ്യമായ നിയന്ത്രണങ്ങൾ വച്ച് കൊണ്ട് തന്നെ എന്നാൽ കണ്ടവനെല്ലാം എഞ്ചിനീറിങ് / മെഡിക്കൽ കോളേജുകൾ അനുവദിച്ചു കൊടുത്ത മണ്ടത്തരം ആവർത്തിക്കാതെ, സ്വകാര്യ സർവ്വകലാശാലകൾ സംസ്ഥാനത്ത് തുടങ്ങുവാൻ മുൻകൈ എടുക്കണം.
ഇവയായിരിക്കും കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ബ്ലുപ്രിൻറ്. അടുത്ത സർക്കാർ, അത് മൂന്നാമതൊരു മുന്നണിയായിരിക്കട്ടെ, തൂക്ക് മന്ത്രിസഭയായിരിക്കട്ടെ,ഈ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഇടപെടൽ നടത്തണം. കേരളത്തെപ്രതി കേരളത്തിന്റെ വൈജ്ജാനിക അശ്വമേധത്തിന്റെ ദ്വിഗ് വിജയത്തിന് വേണ്ടി.

ജെയ്‌സൺ മുളേരിക്കൽ
കർമല കുസുമം, മാർച്ച് ലക്കം