
ബൃഹസ്പതി സംഗീതവിദ്യാപീഠത്തിന്റെ ഹിന്ദുസ്ഥാനി സംഗീത സംഗമവും അജിലാൽ അനുസ്മരണവും നടന്നു
കൊല്ലം : ബൃഹസ്പതി സംഗീത വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദുസ്ഥാനി സംഗീത സംഗമവും ബൃഹസ്പതി കൊല്ലം ചാപ്റ്റർ കോർഡിനേറ്റർ ആയിരുന്ന അജിലാൽ അനുസ്മരണവും കൊല്ലം കൊച്ചുപിലാമൂട് റെഡ്ക്രോസ്സ് ഹാളിൽ നടന്നു.
സംഗമത്തിന്റെ ഉദ്ഘാടനം നാടകസിനിമാ നടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാ കൃഷ്ണൻ നിർവഹിച്ചു .വർത്തമാനകാലത്ത് കലുഷിത മനസുകളെ വിമലീകരിക്കുവാൻ സംഗീതത്തിന് കഴിയും എന്നദ്ദേഹം പറഞ്ഞു. സ്കൂൾതലം മുതൽ ഒരു കുട്ടി ഒരു കലയെങ്കിലും അഭ്യസിക്കുന്നതുവഴി സാമൂഹ്യ മാറ്റം സംജാതമാകും. ജാതിമതങ്ങൾക്കതീതമായി സ്നേഹിക്കാനും തീവ്രവാദത്തിൽ നിന്നും അക്രമത്തിൽ നിന്നും ലഹരി വസ്തുക്കളിൽ നിന്നും അകന്നു നിൽക്കാനും കല പ്രത്യേകിച്ച് സംഗീതം സഹായിക്കുമെന്നും കെ പി എ സി ലീലാകൃഷ്ണൻ എടുത്തുപറഞ്ഞു.
ബൃഹസ്പതി സംഗീത വിദ്യാപീഠം ഗുരു സബീഷ് ബാല അധ്യക്ഷത വഹിച്ച യോഗത്തിൽ ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട് അനുസ്മരണ പ്രഭാഷണം നടത്തി.
നെടുമുടി വേണു അനുസ്മരണവും കഴിഞ്ഞ ദിവസത്തിൽ പ്രളയത്തിൽ മരിച്ചവരുടെ അനുസ്മരണവും കൂടി സംഘടിപ്പിച്ച ചടങ്ങിൽ ഇപ്ലോ ഇന്റർനാഷണൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, റെഡ്ക്രോസ്സ് കൊല്ലം ജില്ലാ സെക്രട്ടറി എസ്.അജയകുമാർ (ബാലു ), സുധാകരൻ ചാർവകൻ , ഇഗ്നേഷ്യസ് വിക്ടർ, സുരേഷ് ബാബു, കണ്ണൻ ഷണ്മുഖം എന്നിവർ സംസാരിച്ചു .
തുടർന്ന് നടന്ന ഹിന്ദുസ്ഥാനി സംഗീത ക്ലാസിന് ഗുരു സബീഷ് ബാല, വിദ്യാർത്ഥികളായ ജോസ്ഫിൻ ജോർജ് വലിയവീട്, ഇമ്നാ ജോർജ് വലിയവീട്, മജേഷ് എന്നിവർ നേതൃത്വം നൽകി.
എല്ലാ ഞായറാഴ്ചകളിലും ഹിന്ദുസ്ഥാനി സംഗീത ക്ളാസുകൾ റെഡ്ക്രോസ് ഹാളിൽ തുടരുവാൻ തീരുമാനമായി.
കൂടുതൽ വിവരങ്ങൾക്ക് 9447328324,9387676757 എന്നീ നമ്പറുകളിൽ വിളിക്കാം.