
അഴിമതി തെറ്റാണ് എന്ന നെഗറ്റീവ് ചിന്താഗതി മാറ്റി ഞാൻ ഇന്നു മുതൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് അഴിമതി നല്ലതാണ് എന്ന് പോസിറ്റീവ് ആയി ചിന്തിക്കാൻ പോവുകയാണ്.
– കേരളാ സർക്കാർ 80 ചില്ലുവാനം കോടി ചിലവ് വരുന്ന ഒരു ക്യാമറ പദ്ധതി കെൽട്രോണിന് 232 കോടി രൂപയ്ക്ക് കരാർ കൊടുത്തു, പക്ഷെ സർക്കാർ ഇതുവരെ ഒരു തുക പോലും ഈ കരാർ നടത്തിപ്പിനായി കൊടുത്തിട്ടില്ല, അപ്പോൾ അഴിമതി ഇതുവരെ ഇല്ലല്ലോ?
– നമ്മുടെ സംവിധാനങ്ങൾ വിദഗ്ധമായി നടത്തുന്ന വെട്ടിപ്പ് കണ്ടുപിടിച്ച് അതിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന എല്ലാവരും ദശാംശം കണക്ക് വരെ ഒരേപോലെ കൃത്യമായി ഒരേ തുക ഉന്നയിക്കുന്നില്ലല്ലോ? കൃത്യമായ ഒരു തുക ഇല്ലാത്ത സ്ഥിതിക്ക് അഴിമതി ഇല്ല എന്നതല്ലേ അർത്ഥം? – കെൽട്രോൺ സൗകര്യം പോലെ ഉപകരാരും മറ്റും കൊടുത്തു, പക്ഷെ കെൽട്രോൺ സർക്കാർ അല്ലല്ലോ. അപ്പോൾ എങ്ങിനെയാണ് അഴിമതി?
– സർക്കാർ കരാർ കൊടുത്തത് കെൽട്രോണിനാണ്. കെൽട്രോൺ ഉപകരാർ കൊടുത്ത ഒരു സ്ഥാപനവുമായി സർക്കാരിന് യാതൊരു ബന്ധവുമില്ല. അതു കൊണ്ട് കെൽട്രോൺ ആ കമ്പനികളും കൂടി തട്ടിപ്പു നടത്തിയാൽ സർക്കാരിന് എങ്ങിനെയാണ് ഉത്തരവാദിത്വം?
– ഉപകരാർ നൽകാൻ കെല്ട്രോണിന് അധികാരം നല്കിയിട്ടുള്ളതാണ്. അവർ കിട്ടിയ അധികാരം നല്ല രീതിയിൽ തന്നെ ഉപയോഗിച്ചു, അതിൽ എന്താണ് തെറ്റ് ?
– മൊത്തം 232 കൊടിയും 20 തവണകളായി ആന്വിറ്റി ആയി കൊടുക്കാമെന്ന് തീരുമാനം പിന്നീട് പുതിയതായി എടുത്തെങ്കിലും, BOT ആയിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്ത് കെല്ട്രോണിന് നൽകിയത്. അതു കൊണ്ട് BOT ആണ് എന്ന് പറഞ്ഞ് നമ്മൾ ഈ പദ്ധതിയെ വെള്ള പൂശുന്നത് എങ്ങിനെ തെറ്റാവും?
– മന്ത്രിസഭാ യോഗം അനുമതി നൽകിയ പദ്ധതിയാണിത്, വെറും ഒരു മന്ത്രിയല്ല, തുടർഭരണം കിട്ടിയതിന്റെ അർത്ഥം ജനങ്ങൾ മന്ത്രിസഭയെ വിശ്വസിക്കുന്നു എന്നതാണ്. ആ വിശ്വാസം തീരുമാനം എടുക്കാനും നടപ്പാക്കാനുമാണ്. ആ സ്ഥിതിക്ക് മന്ത്രിസഭായോഗ തീരുമാനം എങ്ങിനെ തെറ്റാവും?
– 2018ൽ തുടങ്ങിയ പദ്ധതിക്കെതിരെ ഇതുവരെ ഒരാരോപണവും ഉണ്ടായിട്ടില്ല. എന്നാലും വെറുതെ ഒരു രസത്തിന് വിജിലൻസ് അന്വേഷണം ഈ പദ്ധതിക്കെതിരെ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പദ്ധതിക്ക് ഇതിൽ കൂടുതൽ സുതാര്യത എങ്ങിനെ ഉണ്ടാക്കും?
– സർക്കാരിന്റെ സൗകര്യം പോലെ അന്വേഷണം നടത്തും, അത് എന്തന്വേഷണം എന്നത് അന്വേഷിക്കുന്നവർ അറിഞ്ഞാൽ പോരെ? നാട്ടുക്കാർക്കെന്താണ് കാര്യം? ജനകീയ സർക്കാർ ജനകീയമായല്ലാതെ മറ്റൊന്നും ചെയ്യാൻ വഴിയില്ലല്ലോ. പിന്നെ എന്തിനാണ് പരാതി പറയുന്നത്?
– അന്വേഷണം നടത്തുന്ന താല്പര കക്ഷികളുടെ റിപ്പോർട്ട് ഇതു വരെ വന്നില്ലലോ? വരാതെ എങ്ങിനെ അഴിമതി ഉണ്ടെന്ന് പറയും?
– ഭാവിയിൽ അല്ലെ കാശ് കൊടുക്കൂ, അപ്പോൾ ഇതുവരെ സർക്കാരിനും, ജനത്തിനും നഷ്ടം ഒന്നുമില്ലല്ലോ? അപ്പോൾ എവിടെ അഴിമതി?
– സർക്കാർ ഇതു വരെ നയാ പൈസ കൊടുക്കാത്ത ഒരു പ്രോജെക്ടിൽ അഴിമതി ഇല്ല എന്ന് അന്വേഷണം കണ്ടെത്തിയാൽ അതിൽ എന്താണ് തെറ്റ്?
– അഴിമതി ഇല്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തുന്ന ഒരു പദ്ധതിക്ക് ഭാവിയിൽ കാശ് കൊടുക്കുമ്പോൾ അത് എങ്ങിനെയാണ് അഴിമതിയാവുക?
– ഈ പണം എല്ലാം തട്ടി കൊണ്ടു പോവുന്ന കമ്പനികൾ ഒന്നും ഇന്ത്യയിലെ ഒന്നും രണ്ടും ബൂർഷ്വാ കമ്പനികൾ അല്ലല്ലോ? അപ്പോൾ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത്?
– നമ്പർ 1 കേരളയുടെ യശ്ശസ്സ് വീണ്ടും വാനോളം ഉയർത്താൻ “ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ ഉള്ള”, “തദ്ദേശീയമായി വികസിപ്പിച്ച”, “ഇന്ത്യയിൽ ആദ്യമായി” “ആധുനിക വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച” “നിർമ്മിത ബുദ്ധി”, ജനാധിപത്യപരമായി” എന്നൊക്കെ തള്ളി മറിക്കാവുന്ന ഒരു പദ്ധതി എങ്ങിനെ മോശമാകും?
– ഇന്ദിരാഗാന്ധിയുടെ ഉപദേശകനായിരുന്ന, ഈ രാജ്യം കണ്ട ഇലക്ട്രോണിക് മേഖലയിലെ ഏറ്റവും ഉന്നതനായ, KPP നമ്പിയാർ സ്ഥാപിച്ച, കുഴിബോംബ് സാമഗ്രികൾ വരെ നിർമിക്കാൻ പറ്റുന്ന കെൽട്രോണിന് എങ്ങിനെ അഴിമതി നടത്താൻ പറ്റും?
– ഉമ്മൻ ചാണ്ടിയുടെ സമയത്ത് കെൽട്രോൺ ഇതിനേക്കാൾ വല്യ അഴിമതി നടത്തിയിട്ടുണ്ടാവാം, അപ്പോൾ പിന്നെ എന്തിനാണ് ഇപ്പോൾ മാത്രം കെൽട്രോണിനെ കുറ്റപ്പെടുത്തുന്നത്? അഴിമതി നടത്താൻ അവർക്ക് ധാർമികമായി അവകാശമുണ്ടല്ലോ.
– പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അഴിമതി ഒരു ധാർമികാവകാശമാണ്. അതിനെ എതിർക്കുന്നവർ ആഗോളവർക്കരണത്തിന്റെ പ്രതിനിധികൾ ആണ്. നമ്മൾ മലയാളികൾ ആ ടൈപ്പ് അല്ല, പൊതുമേഖലാ കീ ജയ്.
– സ്വന്തമായി ഒരു ക്യാമറ പോലും ഉണ്ടാക്കാൻ കഴിവില്ലാത്ത കെല്ട്രോൺനിന് അന്താരാഷ്ട്ര തലത്തിൽ ക്യാമറക്ക് അംഗീകാരം ലഭിച്ചതാണ്. അതുകൊണ്ട് കെൽട്രോൺ, ക്യാമറ എന്നീ രണ്ടു വാക്കുകൾ ഒരുമിച്ചു വരുന്ന ഏതു വാക്യവും തെറ്റാവില്ല.
– തെറ്റായ സിഗ്നൽ നൽകി ശത്രുക്കളെ പറ്റിക്കാൻ സാങ്കേതിക വിദ്യ, ഇന്ത്യൻ നേവിക്ക് വേണ്ടി ഉണ്ടാക്കുന്ന കെൽട്രോൺ തെറ്റായ രീതിയിൽ ഒരു കരാർ നടത്തുന്നതിൽ യാതൊരു അപാകതയുമില്ല.
– എന്തോന്ന് പ്രിവസി ഇഷ്യൂ? നിങ്ങൾക്ക് ആർക്കെങ്കിലും ഡാറ്റ പ്രിവസിയോ, സൈബർ സെക്യൂരിറ്റിയോ പോളിടെക്നിക്കിൽ പഠിച്ചിട്ടുണ്ടോ? കെൽട്രോണിന്റെ പേരിൽ തന്നെ ഇലക്ട്രോണിക്സ് ഉണ്ട്. നിങ്ങളുടെ പേരിൽ അതില്ലല്ലോ. അതുകൊണ്ട് ഇക്കാര്യത്തിൽ കെൽട്രോണിനെയാണ് നമ്മൾ വിശ്വസിക്കേണ്ടത്.
– മാത്രമല്ല, ഏറ്റവും പ്രധാനമായി 232 കൊടിയും, അതിനു മുകളിൽ ഉള്ളതും, പൊതുജനങ്ങളിൽ നിന്നാണ് പിഴയായി, പിഴിഞ്ഞെടുക്കുന്നത്. ആ തുകയിൽ നിന്നാണ് അഴിമതി. അതുകൊണ്ട് അഴിമതി കാണിക്കുന്നത് സർക്കാർ അല്ല, പിഴ ഒടുക്കുന്ന നാട്ടുകാരാണ്. ഇങ്ങനെയാണ് അഴിമതിയെ പറ്റി നമ്മൾ ചിന്തിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു. കാഴ്ചപ്പാട് മാറ്റിയാൽ എല്ലാം ശരിയാവും.

Tony Thomas