ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ.

Share News

സഹായഹസ്തം

കേരളത്തിൽ എല്ലായിടത്തും ഇങ്ങനെയൊരു സമ്പ്രദായമുണ്ടോ എന്നറിയില്ല. മകൾ ഗർഭിണിയാകുമ്പോൾ ഏഴാം മാസത്തിൽ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്ന രീതി.പ്രസവത്തോടടുക്കുമ്പോൾ സ്വന്തം അമ്മയുടെ പരിചരണം ലഭിക്കാനായിരിക്കും സ്ത്രീകൾ ആഗ്രഹിക്കുക.

ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ.

വളരെയധികം ശാരീരിക അസ്വസ്ഥതകളിലൂടെയൊണ് സ്ത്രീകൾ ഗർഭാവസ്ഥയിൽ കടന്നുപോകുന്നത്.

എൻ്റെ സഹോദരിമാരുടെ കാര്യങ്ങൾ തന്നെ എനിക്കറിയാം.അവരിൽ ഒരാൾക്ക് വെള്ളം കുടിക്കാൻ പോലും പറ്റാത്തവിധം അത്രയധികം ഛർദിയായിരുന്നു. അണച്ച് കിതച്ച് മടുത്തു കഴിയുമ്പോൾ അവരുടെ മുഖഭാവങ്ങൾ എത്ര ദൈന്യമാണ്. അപ്പോഴൊക്കെ ഓർത്തിട്ടുണ്ട് ഒരു കുഞ്ഞ് ഉദരത്തിൽ ഉരുവാകുമ്പോൾ അമ്മയനുഭവിക്കുന്ന ‘ഭാരം’ എത്ര വലുതാണെന്ന്.

ചില ഭക്ഷണത്തോടുള്ള അതൃപ്തിയും മറ്റു ചിലതിനോടുള്ള താത്പര്യവും ഈയവസരത്തിൽ സ്ത്രീകളിൽ വർദ്ധിച്ചു കാണാം. അതോടൊപ്പം മനസിക പിരിമുറുക്കങ്ങളും ശാരീരിക അസ്വസ്ഥതകളും അവരെ ഇക്കാലങ്ങളിൽ വല്ലാതെ പീഡിപ്പിക്കുന്നുമുണ്ട്. ഈയവസ്ഥയിൽ ഭർത്താവിൻ്റെ അസാന്നിധ്യവും നാത്തൂന്മാരുടെയും അമ്മായിയമ്മയുടെയും പോരുകളും അവരുടെ ഗർഭകാല അരിഷ്ടതകളെ കൂടുതൽ ഇരട്ടിയാക്കുന്നു. ഈ അസ്വസ്ഥതകളും പേറിക്കൊണ്ടല്ലെ ഗർഭിണികൾ പലരും ജോലിക്കു പോകുന്നത്?

ചിലരെങ്കിലും പാടത്തും പറമ്പിലുമെല്ലാം പണിയെടുക്കുന്നതും!പരിശുദ്ധ അമ്മയുടെ സുകൃതത്തെക്കുറിച്ച് നമുക്ക് ധ്യാനിക്കാം (Refലൂക്ക 1:39-45).

എലിസബത്തിൻ്റെ അടുത്തേയ്ക്ക് തിടുക്കത്തിൽ യാത്ര ചെയ്ത്,അവരെ മൂന്നുമാസം ശുശ്രൂഷിക്കുകയാണ് പരിശുദ്ധ അമ്മ ചെയ്തത്.

എലിസബത്ത് വയോവൃദ്ധയായിരുന്നു. ഭർത്താവ് സക്കറിയ മൂകൻ. സഹായിക്കാനോ, കൈത്താങ്ങാകാനോ ആരുമില്ലാത്ത അവസ്ഥയിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യം അവർക്ക് എത്രമാത്രം ആശ്വാസം പകർന്നിട്ടുണ്ടാകും. മറിയത്തിൻ്റെ അഭിവാദനസ്വരം എലിസബത്തിനും കുഞ്ഞിനും പകർന്നുനൽകിയ സമാശ്വാസം എത്ര ആനന്ദദായകമായിരുന്നു.

ശിശു ഉദരത്തിൽ കുതിച്ചു ചാടിയെന്നാണ് വചനം പറയുന്നത്. സമൂഹത്തിൻ്റെ പരിത്യക്താവസ്ഥ നേരിട്ട എലിസബത്തിന്, മറിയത്തിൻ്റെ സാന്നിധ്യവും ശുശ്രൂഷയും ഒരു വേനൽ മഴപോലെ കുളിർമയേകുന്നതായിരുന്നു.

നമ്മുടെ സമൂഹത്തിൽ പലരും സഹായം ആഗ്രഹിക്കുന്നവരുണ്ടാകാം.പക്ഷെ, പലപ്പോഴും അവർക്കത് ലഭ്യമാകുന്നില്ല. കഷ്ടപ്പാടിലും ദുരിതത്തിലും പെട്ട് നീറുന്ന അനേകർ നിലവിളിക്കുന്നുണ്ടാകും ഒരു കൈത്താങ്ങിനായി. അവർക്ക് ശരീരംകൊണ്ടും മനസുകൊണ്ടും സഹായം നൽകാൻ മറിയത്തിൻ്റെ ഈ മനോഭാവം നമ്മെ സഹായിക്കട്ടെ. ഒപ്പം കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെയും ഗർഭാവസ്ഥയിൽ കഴിയുന്നവരെയും പ്രാർത്ഥനയോടെ സ്മരിക്കുകയും ചെയ്യാം.

ഫാദർ ജെൻസൺ ലാസലെറ്റ്

ഡിസംബർ 10-2020.

Share News