ഞാന്‍ എന്നും ‘ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി!!

Share News

ഞാനങ്ങനെ ഉമ്മന്‍ ചാണ്ടിയിലെത്തി

ദീപികയിലെ പത്രപ്രവര്‍ത്തനം വിട്ട് 2003ല്‍ ഞാന്‍ പിആര്‍ഡിയില്‍ എത്തി. കെഎസ്‌യു കുപ്പായമൊക്കെ അഴിച്ചുവച്ചായിരുന്നു പത്രപ്രവര്‍ത്തനം. സര്‍ക്കാരില്‍ പിന്നെ പരസ്യമായ രാഷ്രീയം പാടില്ലെന്നാണ് വയ്പ്.

2004ല്‍ എകെ ആന്റണി രാജിവച്ചതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമം പൂര്‍ത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും പ്രസ് സെക്രട്ടറി പോസ്റ്റില്‍ ആളായില്ല. അതിനു വേണ്ടി നല്ല പിടിവലി നടന്നപ്പോള്‍ എകെ ആന്റണി ചെയ്തതുപോലെ ഉമ്മന്‍ ചാണ്ടിയും പിആര്‍ഡിയില്‍നിന്ന് ആളെ നിയമിക്കാന്‍ തീരുമാനിച്ചു. വകുപ്പില സീനിയറായ ഒരു അഡീഷണല്‍ ഡയറക്ടറെ നിയമിക്കാന്‍ തീരുമാനിക്കുന്നു. അന്നു രാത്രി അദ്ദേഹം ലഡ്ഡുവും വിതരണം ചെയ്തു. പക്ഷേ സര്‍ക്കാരിലൊന്നും അന്തിമല്ല. അദ്ദേഹത്തെ വേണ്ടെന്നു വച്ചു.

തുടര്‍ന്ന് അഡീഷണല്‍ ഡയറക്ടര്‍ക്കു താഴെ ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അസി എഡിറ്റര്‍, ഏറ്റവും താഴെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയ 110 പേരുകളിലേക്കും തെരച്ചിലെത്തി. അവസാനം ഉമ്മന്‍ ചാണ്ടി തന്റെ വിശ്വസ്തരായ രണ്ടു പത്രപ്രവര്‍ത്തകരെ ജോണ്‍ മുണ്ടക്കയം, പിപി ജെയിംസ് എന്നിവരെ ഏല്പിക്കുന്നു. അവര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏറ്റവും ജൂണിയറായ എന്റെ പേര് ഉമ്മന്‍ ചാണ്ടിയിലെത്തിക്കുന്നു. അദ്ദേഹത്തിന് എന്നെ അറിയാം. എന്നാല്‍ അത്ര അടുപ്പമില്ല. അവാര്‍ഡുകളൊക്കെ വാങ്ങി ഞാന്‍ അത്യാവശ്യം തിളങ്ങി നില്കുന്ന സമയം.

എനിക്ക് സമ്മതമാണോ എന്നു ചോദിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനന്ന് കോട്ടയത്ത് വളരെ കംഫര്‍ട്ടഫിള്‍ ആണ്. കൂടാതെ ഒരു കുട്ടിപ്പത്രവും പ്രസിദ്ധീകരിക്കുന്നുണ്ട്. അതില്‍നിന്ന് അത്യാവശ്യം വരുമാനവും ഉണ്ട്.

ഞാനൊന്നു മടിച്ചു. മന്ത്രിസഭയ്ക്ക് ഒന്നേ മുക്കാല്‍ വര്‍ഷം ആയുസേയുള്ളു. അടുത്ത ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആദ്യം തട്ടുകിട്ടുക എനിക്കായിരിക്കും. കോട്ടയത്ത് കോണ്‍ഗ്രസുകാരുടെയെല്ലാം ഗുരുസ്ഥാനീയനായ പാലാ കെഎം മാത്യു സാറിന്റെ ഉപദേശം തേടി. ‘ഉമ്മന്‍ ചാണ്ടിയുടെ കൂടെ ജോലി ചെയ്യുന്നത് വലിയ അനുഭവമായിരിക്കും. ഒരു പക്ഷേ ജീവിതത്തിലെ വഴിത്തിരിവാകും.’ അദ്ദേഹം പറഞ്ഞു.

ഞാന്‍ സമ്മതമറിയിച്ചു. ഒരു ദിവസം രാത്രി ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ എനിക്കൊരു കോള്‍. ‘ഞാന്‍ ആര്‍കെയാണ് സിഎമ്മിനു കൊടുക്കാം.’

കിതച്ചുകൊണ്ടാണ് ഫോണ്‍ എടുത്തത്. കളിച്ചുകൊണ്ടിരിക്കുകയാണ് അതാണ് കിതക്കുന്നതെന്നു പറഞ്ഞു. പിന്നെ വിളിക്കാമെന്ന് അദ്ദേഹം. വേണ്ട തുടരാമെന്നു ഞാന്‍.

‘എപ്പഴാ ഇങ്ങുവരുന്നേ? ‘ ഞാനൊന്നു പരുങ്ങി.

എനിക്കായിരുന്നു ആ വര്‍ഷത്തെ INTERNATIONAL CATHOLIC UNION OF THE PRESS (UCIP) AWARD. ബാംങ്കോക്കില്‍ വച്ച് വലിയൊരു ചടങ്ങിലാണ് അവാര്‍ഡ് ദാനം. ആഗോളതലത്തിലുള്ള മാധ്യമ പ്രവര്‍ത്തകരുടെ സംഗമാണ്. 2 ദിവസത്തിനുള്ളില്‍ പോകേണ്ടതുണ്ട്. എന്റെ ആദ്യത്തെ വിദേശയാത്ര കൂടിയാണ്.

ഞാന്‍ വിവരം പറഞ്ഞു.
‘അതു പൊയ്‌ക്കോ. എത്ര ദിവസത്തിനുള്ളില്‍ തിരിച്ചുവരും.’

‘ഒരു പത്തുദിവസം.’
‘അഞ്ചു ദിവസം പോരേ. ഞാന്‍ ആളില്ലാതെ വിഷമിക്കുവാ’
‘ശരി സാര്‍.’

ഞാന്‍ പാലാ കെഎം മാത്യുസാറിനെ വിളിച്ചു.
‘നാളെത്തന്നെ പോയി ജോയിന്‍ ചെയ്യണം. സര്‍ക്കാര്‍ കാര്യമാ. ധാരാളം പേര്‍ പാരവയ്ക്കാനുണ്ട്’ അദ്ദേഹം നിര്‍ബന്ധിച്ചു.
ഞാന്‍ തീരുമാനം മാറ്റിയില്ല. എല്ലാ പാരകളും കേറട്ടെ. അതും കഴിഞ്ഞ് പറ്റിയാല്‍ കേറാം.

ഞാന്‍ ബാങ്കോക്കിനു പോയി. അഞ്ചാംദിവസം തന്നെ തിരുവനന്തപുരത്തെത്തി. അന്ന് എല്‍ഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയല്‍ കാരണം തമ്പാനൂരില്‍നിന്ന് നടന്ന് സെക്രട്ടേറിയറ്റ് വരെ പെട്ടിയും തൂക്കി നടന്നു. ആരെയും അകത്തു കയറ്റിവിടുന്നില്ല. അവസാനം കാലാവധി കഴിഞ്ഞ അക്രഡിറ്റേഷന്‍ കാര്‍ഡ് കാട്ടി ഒരുവിധം അകത്തുകയറി.

അടുത്ത ദിവസം തന്നെ ആദ്യത്തെ അസൈന്‍മെന്റ് കിട്ടി. സുകുമാര്‍ അഴീക്കോട് സാറിനായിരുന്നു ആ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം. അദ്ദേഹമത് ഉമ്മന്‍ ചാണ്ടിയില്‍നിന്ന് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. കോഴിക്കോട് ജയിലിനടുത്തുള്ള ഒരു കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി എത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അത്. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടത്രേ.

കളക്ടറെ വിളിച്ച് ഞാന്‍ പരമാവധി വിശദാംശങ്ങള്‍ സംഘടിപ്പിച്ചു. കത്തിന്റെ ഡ്രാഫ്റ്റുമായി മുഖ്യമന്ത്രിയെ കണ്ടു.

അദ്ദേഹം മൂന്നു വാചകം ചേര്‍ത്തു. ‘ എന്റെ കയ്യില്‍ നിന്ന് വാങ്ങാന്‍ ബുദ്ധിമുട്ടാണെന്ന അങ്ങയുടെ വികാരത്തെ ഞാന്‍ മാനിക്കുന്നു. പിന്നെ ആരുടെ കയ്യില്‍നിന്ന് വാങ്ങാം എന്നു പറഞ്ഞാല്‍ അങ്ങനെ ചെയ്യാം. വീട്ടില്‍ കൊടുത്തുവിടണമെങ്കില്‍ അതും ചെയ്യാം, ‘

ഒരു മാസ്റ്റര്‍ സട്രോക്ക്!

അഴിക്കോട് സാര്‍ വീണു. അദ്ദേഹം അവാര്‍ഡ് സെക്രട്ടറിയറ്റിലെ ദര്‍ബാള്‍ ഹാളില്‍ വന്നു വാങ്ങി. കൂടാതെ ഞാന്‍ എഴുതിയ ‘ഉമ്മന്‍ ചാണ്ടി: തുറന്നിട്ട വാതില്‍’ എന്ന ജീവചരിത്രത്തിന് അവതാരികയുമെഴുതി.

ഞാനൊരു വിസ്മയത്തിന്റെ കൂടെയാണ് ഇനി ജീവിക്കാന്‍ പോകുന്നതെന്ന് മനസില്‍ കുറിച്ചിട്ടു! പിന്നീട് എത്രയെത്ര വിസ്മയങ്ങള്‍!

എന്റെ ജീവിതത്തെ മാറ്റിമറിച്ചു. എന്റെ പേരുപോലും മാഞ്ഞു പോയി.

ഞാന്‍ എന്നും ‘ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി!!

Pt Chacko

Former Press Secretary at Chief Minister office kerala

Former Deputy Director at Information and public reletions dept

Share News