കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മത മൈത്രി സംഗമമായി ഇഫ്താർ മീറ്റ്

Share News

കോതമംഗലം : മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മത സൗഹാർദ്ദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.

കോതമംഗലം മാർ തോമ ചെറിയ പള്ളിയുടേയും നാനാ ജാതി മതസ്ഥർ അംഗങ്ങളായുള്ള മത മൈത്രീ സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചത്. ഇടുക്കി പാർലമെന്റ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മത സൗഹാർദ്ദ സംഗമം ഉദ്ഘാടനം ചെയ്തു. വിഭാഗീയത വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സംഗമങ്ങൾ പ്രത്യാശയുടെ സന്ദേശം നൽകുന്നുണ്ടെന്ന് എം.പി. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കോതമംഗലം എം.എൽ.എ. ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ചു. മത സൗഹാർദ്ദ സംഗമങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം എൽ .എ അഭിപ്രായപ്പെട്ടു.

കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ അങ്കണത്തിലുള്ള സെന്റ്.തോമസ് ഓഡിറ്റോറിയത്തിൽ ആണ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചത്. എല്ലാ വേർതിരിവുകളും മാറ്റി വച്ച് കൊണ്ടുള്ള കൂട്ടായ്മയുടെ സൗന്ദര്യം ആസ്വദിക്കാൻ നമുക്ക് കഴിയണമെന്ന് കോതമംഗലം മേഖലാ മെത്രാപ്പോലീത ഏലിയാസ് മോർ യൂലിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. പി.സി. ചാക്കോ , മുൻ മന്ത്രി ഷെവ.റ്റി.യു കുരുവിള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ കോതമംഗലം മുൻസിപ്പൽ ചെയർമാർ കെ.കെ. ടോമി, പദ്മശ്രീ . കുഞ്ഞോ ൽ മാഷ് ,മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ്, കൺവീനർ കെ.എ. നൗഷാദ് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി, ബിനോയ് മണ്ണംഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Share News