ആ നാളുകളൊന്നിൽ എന്റെ ഹൃദയത്തിൽ കയറിപ്പറ്റിയ ഒരു പേരാണ് ഇഗ്ന്യേഷ്യസ് ഗോൺസാൽവസ്

Share News

ഇത്തവണ ,അവിചാരിതമായി ലഭിച്ചൊരു ഓണസമ്മാനത്തിന്റെ കഥയാണിത്.

ആത്മാന്വേഷണത്തിന് സമമായ ഒരു തേടി നടക്കലിന്റെയും , തേടിയതാരെയാണോ അദ്ദേഹത്തെ സൗഹൃദത്തിന്റെ പട്ടം ചാർത്തി, കാലം ഒടുവിൽ എന്നിലേക്ക് കൊണ്ടുവന്നതിന്റെയും സാക്ഷ്യവുമാണിത്.

മൂന്നു പതിറ്റാണ്ടുകാലമെടുത്തു ആ “കാവ്യനീതി ” ലഭിക്കുവാനെന്നതെന്നോർക്കുമ്പോൾഅത്യധികം ആഹ്ലാദവും അതിലേറെ ചാരിതാർത്ഥ്യവുമുണ്ട്..

കാര്യത്തിലേക്കു കടക്കം.എനിക്കോർമ്മ വച്ച കാലം തൊട്ട് വീട്ടിൽ വരുത്തുന്ന ഏക അച്ചടി മാധ്യമമാണ് മലയാള മനോരമ ദിനപ്പത്രം . ഇന്നും അതിനൊരു മാറ്റമില്ല. മാസവരി 2 രൂപ ഉള്ള കാലം തൊട്ടാണ് മനോരമ വീട്ടിൽ വരുത്താൻ തുടങ്ങിയതെന്ന് അമ്മ പറഞ്ഞ ഓർമ്മയുണ്ടെനിക്ക്.

ജോൺ മുണ്ടക്കയം, ജോയ് ശാസ്താം പടിക്കൽ , ടി വി ആർ ഷേണായി, ഡി. വിജയമോഹനൻ , ആർ. പ്രസന്നൻ , കെ.എം ചുമ്മാർ സച്ചിതാനന്ദമൂർത്തി, പത്രപ്രവർത്തനം മതിയാക്കി പിന്നീട് ബ്യൂറോ ക്രാറ്റായി മാറി അകാലത്തിൽ മരിച്ച സന്തോഷ്.. അങ്ങിനെ എത്രയെത്ര പത്രപ്രവർത്തകർ.. അന്ന് ഇവരെല്ലാം എന്റെ സൂപ്പർ ഹീറോകളായിരുന്നു.

സത്യത്തിൽ ഇവരോടുള്ള ആരാധന നിമിത്തമാണ് ഞാനന്ന് മനോരമ പത്രം വായിച്ചിരുന്നതു തന്നെ. ഇവരെല്ലാം എങ്ങിനെയായിരിക്കും, ലക്ഷക്കണക്കിന് മനുഷ്യരുടെ ചിന്തയെയും ബോധത്തേയും സ്വാധീനിക്കുന്ന തരത്തിൽ ഇങ്ങിനെ വാർത്തകൾ എഴുതുന്നതെന്നോർത്ത് ഞാൻ എത്രയോ കാലം അന്തംവിട്ട് ജീവിച്ചിട്ടുണ്ടെന്നറിയുമോ ?

ആ നാളുകളൊന്നിൽ എന്റെ ഹൃദയത്തിൽ കയറിപ്പറ്റിയ ഒരു പേരാണ് ഇഗ്ന്യേഷ്യസ് ഗോൺസാൽവസ് .പള്ളിപ്പുറത്തുകാരനാണ് അദ്ദേഹം. ആ നീണ്ട പേരിനോടായിരുന്നു ആദ്യ ആകർഷണം. പത്രത്തിന്റെ പ്രദേശിക പേജുകളിൽ, സാധാരണക്കാരായ മനുഷ്യരെക്കുറിച്ച്, പ്രത്യേകിച്ച് തീരദേശത്തെ മത്സ്യത്തൊഴിലാളികളെക്കുറിച്ചെല്ലാം അദ്ദേഹം എഴുതിയ പരമ്പരകൾ ഇന്നും ഓർമ്മയിലുണ്ട്.

എന്റെ മൂത്ത ചേട്ടന്റെ സഹപാഠിയും ഞങ്ങളുടെയെല്ലാം സ്നേഹിതനുമായിരുന്ന ഐവിൻ.ഡി. അൽമേഡയും പള്ളിപ്പുറത്തുകാരനാണ്. കോളേജ് അധ്യാപകനായിരിക്കെ അദ്ദേഹം അകാലത്തിൽ ഞങ്ങളെ വിട്ടു പോയി. ഐവിൻ ചേട്ടൻ ഞങ്ങളുടെ വീട്ടിൽ മിക്കപ്പോഴും വരും. സംസാരത്തിനിടെ, സിപ്പി പള്ളിപ്പുറവും ഇഗ്നേഷ്യസ് ഗോൺസാൽവും തന്റെ നാട്ടുകാരനാണെന്നും നേരിട്ട് അറിയുന്നവരാണെന്നും അഭിമാനത്തോടെ പറയുമായിരുന്നു. അതോടെ എനിക്ക് ആവേശം മൂത്തു. ഏതു വിധത്തിലെങ്കിലും ഇഗ്നേഷ്യസ് ഗോൺസാൽവസിനെ ഒന്നു പരിചയപ്പെടണമെന്ന മോഹം അതിന്റെ ഉച്ചിയിലെത്തി.

അക്കാലത്താണ് അദ്ദേഹത്തിനൊരു പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ഇതു തന്നെ നേരമെന്ന് മനസ്സിലുറപ്പിച്ചു. നേരിട്ടു ചെന്ന് അഭിനന്ദനമറിയിക്കാമല്ലോ. അതൊരു മറ മാത്രം. ഒന്നു നേരിൽ കണ്ട് സംസാരിക്കണം. അതാണ് യഥാർത്ഥ ഉദേശം. അപ്പോൾ തന്നെ എറണാകുളത്തേക്ക് പുറപ്പെട്ടു.

ഇതുവരെ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല അതിനാൽ അവാർഡ് പ്രഖ്യാപന വാർത്തയോടൊപ്പം മനോരമയിൽ വന്ന അദ്ദേഹത്തിന്റെ പടം വെട്ടിയെടുത്ത് പോക്കറ്റിൽ ഇട്ടിട്ടാണ് യാത്ര.ഞാനന്ന് കേരള ടൈംസിന്റെ വരാപ്പുഴ ലേഖകനാണ്. എഡിറ്റോറിയൽ പേജിൽ സ്ഥിരമായി ലേഖനങ്ങളും എഴുതാറുണ്ട്.പത്രമോഫീസിൽ കയറി വാർത്തകളും ലേഖനവും അടങ്ങിയ കവറും നൽകി , പനമ്പിള്ളി നഗറിലേക്കുള്ള ബസ് പിടിക്കാനായി സ്റ്റോപ്പിലേക്കു നടന്നതും ഇതാ ഒരു കറുത്ത കൈനറ്റിക്ക് ഹോണ്ടാ സ്ക്കൂട്ടറിൽ ഒരാൾ മുന്നിൽ വന്നുപെട്ടു.മുട്ടി മുട്ടിയില്ല എന്ന തരത്തിൽ അങ്ങിനെ നിൽക്കുകയാണ്.വണ്ടി മാറ്റിക്കൊണ്ടുപോകുമോ അതോ ഞാൻ മാറിപ്പോകണോ എന്നൊരു ആശയക്കുഴപ്പം ഞങ്ങൾക്കിടയിൽ ഒരു നിമിഷമേ നീണ്ടു നിന്നുള്ളു. എന്നോട് കടന്നുപോകാൻ മുഖം കൊണ്ട് ആംഗ്യം കാട്ടിയതു പ്രകാരം ഞാൻ കടന്നുപോകാനൊരുങ്ങി..

അപ്പോൾ ഒരു സംശയം ….അതല്ല.. ഈ മുഖം എവിടയോ കണ്ട മാതിരി… ഇതിനിടെ സ്ക്കൂട്ടുകാരൻ നേരേ കലൂർ ഭാഗത്തേക്ക് ഓടിച്ചു പോയി. ഞാൻ ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ , പെട്ടെന്ന് കീശയിൽ നിന്ന് ആ പേപ്പർ കഷ്ണം എടുത്തു നോക്കി…ശ്ശെ… ഇത് തന്നെയായിരുന്നില്ലേ അദ്ദേഹം.ഞാൻ പരിചയപ്പെടാൻ മോഹിച്ചു ദാഹിച്ച് ഹൃദയത്തിൽ കൊണ്ടുനടന്ന സാക്ഷാൽ ഇഗ്നേഷ്യസ് ഗോൺസാൽവസായിരുന്നു ആ സ്ക്കൂട്ടറുകാരൻ.

ആ നേത്തെ അദ്ദേഹത്തിന്റെ സഞ്ചാരപഥം വെച്ച് നോക്കിയാൽ , അപ്പോൾ ഞാൻ ചെന്നാൽ പനമ്പിള്ളി നഗറിലെ മനോരമ ഓഫീസിൽ അദ്ദേഹം സ്വഭാവികമായും ഉണ്ടാകില്ലന്ന് മനസിലാക്കി ഞാനന്ന് ഏറെ നിരാശയോടെ വീട്ടിലേക്കു മടങ്ങി.. പിന്നീട്, പ്രദേശിക ലേഖകർക്കായി എറണാകുളം ആശിർ ഭവനിൽ കേരളാ ടൈംസ് സംഘടിപ്പിച്ച ഒരു സെമിനാറിൽക്ലാസെടുക്കാൻ അദ്ദേഹം വന്നെങ്കിലും അടുത്ത് പരിചയപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞില്ല.

ഒരിക്കൽ , മനോരമ പ്രാദേശിക ലേഖകരെ തിരഞ്ഞെടുക്കുന്ന ഒരു ടെസ്റ്റിൽ പങ്കെടുക്കാനായി ഞാൻ പനമ്പിള്ളി നഗറിലെ ഓഫീസിൽ പോയി. അതാ .. പൊതുവായി നിർദേശങ്ങൾ നൽകിക്കൊണ്ട് ഇഗ്നേഷ്യസ് സാർഅവിടെ നിൽക്കുന്നു. ശുപാർശ ചെയ്യിക്കാനുള്ള തന്ത്രമാണോ ഇതെന്ന് അദ്ദേഹവും മറ്റുള്ളവരും തെറ്റുദ്ധരിച്ചാലോ എന്ന് വിചാരിച്ച് ഒന്നും മിണ്ടാതെ ഒരിടത്തേക്ക് ഒതുങ്ങി നിന്നു.

വരാപ്പുഴ പള്ളിയിൽ ഏതാനും വർഷങ്ങൾക്കു മുമ്പു നടന്ന , ലിത്വാനിയൻ മിഷനറിയും മെത്രാനുമായിഫ്ലോറൻസ് പിതാവിന്റെ 200 മത് ജന്മവാർഷികം പ്രമാണിച്ച് അവരുടെ സ്ഥാനപതി മുഖ്യാതിഥിയായ ചരിത്ര ചടങ്ങിന്റെ പ്രധാന സംഘാടനകനായി നിന്നുകൊണ്ട് അതിനെ നിയന്ത്രിച്ചപ്പോഴും അദ്ദേഹത്തെ കാണാനും ആ സംഘാടക മികവും വാക്ചാതുരിയും കാണാനും കേൾക്കാനും സാധിച്ചു. അപ്പോഴും പരിചയപ്പെടാനും കഴിഞ്ഞില്ല.

പിന്നെ കണ്ടത് മുമ്പ് പത്രപ്രവർത്തകനായിരുന്ന ഒരു അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിനാണ്. അന്ന് സംസാരിക്കാൻ നല്ല അവസരം കിട്ടി.പക്ഷേ, ജന്മസിദ്ധമായ ചമ്മൽ എന്നെ പിന്നോട്ടു വലിച്ചു. മുതിർന്ന പത്രപ്രവർത്തകനും മികച്ച വഗ്മിയുമായ അദ്ദേഹത്തിന് അതെല്ലാം ഇഷ്ടപ്പെടുമോ എന്നായിരുന്നു ആശങ്ക.

ഓർക്കാനിപ്പോൾ ഒരു കാര്യം ഉണ്ടായി.നവമാധ്യമത്തിൽ, പപ്പൻ ചേട്ടനെക്കുറിച്ച് ഞാനെഴുതിയ ഒരു കുറിപ്പിന് അദ്ദേഹം, വളരെ നന്നായിട്ടുണ്ട് എന്ന ഒരു കമന്റിട്ടു… ഞാൻ എത്രയോ കാലമായി കേൾക്കാനിരുന്ന ഒരു കമന്റായിരുന്നു അത്.

അതോടെ ആത്മവിശ്വാസമേറി.എന്തും വരട്ടെ എന്നു കരുതി , മെസേജറിൽഫോൺ നമ്പർ ചോദിച്ചു. തന്നു. അപ്പോൾ തന്നെ വിളിച്ചു….അതൊരു തുടക്കമായി.

ഏതാണ്ട്,മുപ്പതു വർഷങ്ങൾ ഇതിനിടെ കൊഴിഞ്ഞു പോയെന്നത് വേറ കാര്യം.എഴുത്തു സംബദ്ധിയായ കാര്യങ്ങളിലുമുള്ള സംശയ നിവാരണങ്ങൾക്കായി ഞാൻ ഇപ്പോൾ അദ്ദേഹത്തെ വിളിക്കാറുണ്ട്

.ചിരപരിചിതനായ സ്നേഹിതനോടെന്നപോലെ അദ്ദേഹം എന്നോട് സംസാരിക്കും…. അതു കേൾക്കുമ്പോഴെല്ലാം,മനസ്സിന്റെ വൈകല്യം മൂലം എനിക്ക് എത്ര വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയതെന്നോർത്തു സ്വയം പരിതപിക്കാറുമുണ്ട്.

പിന്നെ, സ്വയം ആശ്വാസത്തിനായി ഇങ്ങനെ ഓർക്കും.കാലമങ്ങിനെയാണ്. ഹൃദയപരമാർത്ഥന്റെ അഭിലാഷങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുവാനും അത് ചില നിമിത്തങ്ങളെ സൃഷ്ടിക്കും.

.അതെ..എന്നിട്ടൊരു കോമാളിയെ പോലെ ചിരിക്കും

….പിന്നീടും , ആർക്കും പിടി കൊടുക്കാതെ മുന്നോട്ട്

…. മുന്നോട്ട്….

Boban Varapuzha

For the past several years seldom there had been an “ Onam” for me without “ Onakkodi” (festive dress) from one student or other (St.Thomas Public School Curtalam ,Parur Arts College,Kerala Press Academy and MASCOM). Due to Covid- enforced mutual alienation, Onam was different this time. No visitors, no exchange of gifts! Yet there was a unique gift from a unique “Sishya”.

This FB post about me by Boban Varapuzha is that memorable gift. I am deeply touched.This “disciple” was following me, “learning “ from me , the past 30 years , without me ever knowing it !

That’s what he says! Dedicating this post to all TEACHERS – especially, of JOURNALISM.

Ignatius Gonsalves

Share News